Friday, 24 May 2013

ആവശ്യമില്ല

കോളജിൽ പുതുതായി ചാർജ്ജെടുത്ത പ്രിൻസിപ്പാൽ വലിയ തമാശക്കാരനായിരുന്നു. പുള്ളിയുടെ തമാശകേട്ടിട്ട് ശകുന്തള ഒഴികെ മറ്റുള്ള വരെല്ലാം ആർത്തുചിരിച്ചു.
ശകുന്തളയോട് പ്രിൻസിപ്പാൾ “എന്താ ശകുന്തളേ ചിരിക്കാതിരിക്കുന്നത്? വീട്ടിൽ വല്ല പ്രശ്നവും?”
ശകുന്തള “മറ്റുള്ളവരെപ്പോലെ എനിക്ക് ചിരിക്കണ്ട കാര്യമില്ല സാർ. എനിക്ക് ട്രാൻസ്ഫെർ ആയി”

Wednesday, 15 May 2013

വേഴാമ്പൽ

             വന്റെ അമ്മൂ‍മ്മയെ പോലെ തന്നെ കിളികളെ കാണുന്നതാണ് കുഞ്ഞുണ്ണിയുടേയും ഇഷ്ട വിനോദം. മരങ്ങൾ ധാരാളമുള്ള പറമ്പായതു കൊണ്ട് ഒരുപാട് കിളികൾ മുറ്റത്ത് വരാറുണ്ട്. ചെറിയ തേൻ കുരുവി മുതൽ വലിയ പരുന്തുവരെയുള്ള ധാരാളം കിളികൾ. അവക്ക് ആഹാരം കൊടുക്കാനായി ഒരു കമ്പിന്റെ മുകളിൽ ഉറപ്പിച്ച പാത്രം പടിഞ്ഞാറേമുറ്റത്ത് അമ്മ നാട്ടിയിട്ടുണ്ട്. എന്നും അതിൽ അരി, ചോറ്, പഴം മുതലായവ ഇട്ട് വക്കും. പറമ്പിലെ ചെറി, പേരക്ക, കാപ്പിക്കുരു, കോവക്ക മുതലായവ തിന്നു മടുക്കുന്ന കിളികൾ എന്നും രാവിലെ ഇതു കഴിക്കാനായി മുടങ്ങാതെ എത്തും. ആദ്യം വരുന്നത് കരിയിലകിളികളാണു. കലപില ബഹളത്തോടെ അവ കൂട്ടമായി വരും. വന്ന് അരിമണികൾ കൊത്തിത്തിന്നും ചാടിക്കളിച്ചും തമ്മിൽ തമ്മിൽ വഴക്കുകൂടിയും കുറച്ച് സമയം. അവ പോകുന്നതും കാത്ത് ദൂരെ മാറി ഇരിക്കുകയാവും കാക്കത്തമ്പുരാട്ടികൾ. കാക്കത്തമ്പുരാട്ടികൾ പറന്നു വരുമ്പോൾ കുഞ്ഞുണ്ണി “പൂച്ച.. പൂച്ച...” എന്നു വിളിച്ച് പറയും. മ്യാവു എന്ന ശബ്ദം ഉണ്ടാക്കുന്ന ജീവി ഏതാണന്നു അവനോട് ചോദിച്ചാൽ ചിലപ്പോൾ കാക്കത്തമ്പുരാട്ടിയെന്നും ചിലപ്പോൾ പൂച്ച എന്നുമായിരിക്കും അവന്റെ മറുപടി. അനുകരിക്കാൻ അത്രമിടുക്കരാണ് കാക്കത്തമ്പുരാട്ടികൾ. പിന്നെ കാട്ടുതത്തകൾ, മൈനകൾ കുളക്കോഴികൾ അങ്ങനെ ഓരോരുത്തരായി വന്നു പോകും.
                 മൈനകളെ ഒട്ടും ഇഷ്ടമല്ലാത്ത ഒരു സുഹ്രുത്ത് എനിക്കുണ്ട്. മൈന എന്നു കേൾക്കുമ്പോൾ തന്നെ അവനു ദേഷ്യം വരും. കമ്പ്യൂട്ടർ എൻജിനീയറിഗ് പാസ്സായി വിപ്രോയിൽ ചേരുന്നതുവരെ മൈനയും അവനും തമ്മിൽ യാതൊരു പ്രശ്നവും ഇല്ലായിരുന്നു. അവന് ജോലികിട്ടിയ സമയത്താണ് മിമിക്രിക്കാർ “ക്ലാ ക്ലാ ക്ലീ ക്ലീ ക്ലൂ  ക്ലൂ.. സുരേഷ് 'തിരിഞ്ഞുനോക്കി', അതാ മുറ്റത്തൊരു മൈന“ എന്ന പഴയ പാഠപുസ്തകത്തിലെ വരികൾ എടുത്തിട്ടലക്കാൻ തുടങ്ങിയത്. അതോടെ കൂട്ടുകാർക്കിടയിൽ അവന്റെ പേര് “തിരിഞ്ഞുനോക്കി“ എന്നായി. ഇപ്പോൾ സുരേഷ്കുമാർ എന്ന സ്വന്തം പേര് അവന് കേൾക്കേണ്ടിവരുന്നത് വോട്ട് ചെയ്യാൻ പോകുമ്പോൾ മാത്രം.
                 അമ്മ ധാരാളം കോഴികളെ വളർത്തിയിരുന്നു. രാവിലെ തുറന്ന് വിടുന്ന കോഴികൾ വൈകിട്ടാകുമ്പോഴേക്കും തിരികെ തനിയെ കൂട്ടിൽ കയറും. ചിലവ കൂടിനുമുകളിൽ കയറിയിരിക്കും. മറ്റുചിലവ കൂടിനടുത്തുള്ള ചെറിയിലും. അവയെ ഓടിച്ചിട്ട് പിടിച്ച് കൂട്ടിൽ കയ്യറ്റുക എന്നത് എല്ലാ വൈകുന്നേരങ്ങളിലേയും ഏറ്റവും വലിയ ജോലി ആയിരുന്നു. കോഴികൾക്ക് മുട്ട ഇടുവാൻ വേണ്ടി ഒരു കൂലികൊട്ടയിൽ പകുതി ഉമിനിറച്ച് ഒരു മുറിയിൽ വച്ചിട്ടുണ്ടാവും. കാറിവിളിച്ച് നടക്കുന്ന കോഴികൾ ആ കൊട്ടയിൽ പോയി മുട്ട ഇട്ടിട്ട് അരിമണികൾ കിട്ടാനായി അമ്മയുടെ പുറകേ നടക്കും. അമ്മയെ അത്രവിശ്വാസമില്ലാ‍ത്ത ചില കോഴികൾ തുറുവിന്റെ കീഴിലും മറ്റും പോയി മുട്ട ഇടും. എന്നിട്ട് അടയിരുന്ന് കുഞ്ഞുങ്ങളേയും കൊണ്ട് പുറത്ത് വരും. ചങ്ങാലിപ്പാറ്റ എന്ന് അമ്മ വിളിക്കുന്ന ഒരു പക്ഷിയുണ്ട്. കോഴിക്കുഞ്ഞുങ്ങളുടെ ഏറ്റവും വലിയ ശത്രു. തരം കിട്ടിയാൽ അത് കോഴികുഞ്ഞുങ്ങളെ റാഞ്ചി കൊണ്ടുപോകും. ഒരിക്കൽ ചങ്ങാലിപ്പാറ്റ എവിടെ നിന്നോ റാഞ്ചികൊണ്ടുവന്ന കോഴികുഞ്ഞിനെ രാജി രക്ഷപ്പെടുത്തി. തിരിച്ചുകിട്ടിയ ജീവിതവുമായി കിളിപ്പാതി എന്നു രാജി പേരിട്ട ആ കോഴി വളരെ വർഷങ്ങൾ വീട്ടിലുണ്ടായിരുന്നു.
                  കഴിഞ്ഞമാസം രണ്ട് അതിഥികൾ വീട്ടിൽ വന്നു. രണ്ട് മലമുഴക്കി വേഴാമ്പലുകൾ. ജന്നലിന്റെ അഴികളിൽ പിടിച്ച് നീളമുള്ള കൊക്കുകൾ വീടിനുള്ളിലേക്ക് ഇട്ട് കൂവിയ അവയെ കണ്ട് കുഞ്ഞുണ്ണി പേടിച്ചു. “അമ്മേ കുരങ്ങ്” എന്ന് വിളിച്ചു കൂവി. വേഴാമ്പലുകൾ വെള്ളം കുടിക്കാറില്ല. അവയുടെ ആഹാരത്തിൽ നിന്നുമാണ് അവക്കാവശ്യമുള്ള ജലം ലഭിക്കാറ്. ജീവിതകാലം മുഴുവനും ഏക പതി/ പത്നി വ്രതക്കാരാണു വേഴാമ്പലുകൾ. മുട്ട ഇടുന്ന സമയത്ത് ആണും പെണ്ണും ചേർന്ന് തിരഞ്ഞ് ഒരു വലിയ പൊത്ത് കണ്ടുപിടിക്കുന്നു. അത് മരപ്പൊത്തോ പാറകളിലെ പൊത്തോ ആകാം. അതിനുള്ളിൽ കയറുന്ന പെൺ വേഴാമ്പൽ കാഷ്ഠം കൊണ്ടും മരക്കഷ്ണംകൊണ്ടും ആ പൊത്ത് കൊക്ക് മാത്രം പുറത്തിടാൻ പാകത്തിൽ അടക്കുന്നു. മുട്ടയിട്ട് അടയിരുന്നു കുഞ്ഞുങ്ങൾക്ക് തൂവലുകൾ കിളിക്കുന്നതു വരെ പെൺ വേഴാമ്പൽ പൊത്തിനകത്തുനിന്നും പുറത്തിറങ്ങില്ല. പിന്നീട് ആൺ വേഴാമ്പൽ കൂടിന്റെ അടപ്പ് കൊത്തിപ്പൊളിച്ച് പെൺകിളിയെ പുറത്തിറക്കും. ആ സമയമത്രയും ആൺ വേഴാമ്പൽ ആഹാരം ശേഖരിച്ച്  പെൺ വേഴാമ്പലിനേയും കുഞ്ഞുങ്ങളേയും പോറ്റും. ഭക്ഷണം തേടിപോകുന്ന ആൺ വേഴാമ്പലിനു എന്തെങ്കിലും അപകടം സംഭവിച്ചാൽ വരുമെന്ന പ്രതീക്ഷയിൽ അവനേയും നോക്കി നോക്കി കൂടിനുള്ളിൽ തന്നെ കഴിയുന്ന പെൺ വേഴാമ്പലിന്റേയും കുഞ്ഞുങ്ങളുടേയും ജീവിതം അതോടെ അവസാനിക്കും. വേഴാമ്പലുകൾ വംശനാശഭീഷണി നേരിടുന്നതിന്റെ പ്രഥാന കാരണവും ഇതുതന്നെ. ഹിന്ദു വിശ്വാസം അനുസരിച്ച് ഈ ജന്മത്തിൽ ചെയ്യുന്ന കർമ്മങ്ങളുടെ ഫലമാണ് അടുത്ത ജന്മം. കുടുംബം നോക്കാതെ വെള്ളമടിച്ച് കറങ്ങിനടക്കുന്ന ആണുങ്ങൾ പാപ പരിഹാരാർത്ഥം അടുത്ത ജന്മത്തിൽ വേഴാമ്പലായി ജനിക്കാനാണു സാധ്യത. അങ്ങനെയെങ്ങാനം സംഭവിക്കുകയാണങ്കിൽ കേരളം വേഴാമ്പൽ ബാധിത പ്രദേശമായി സർക്കാരിനു പ്രഖ്യാപിക്കേണ്ടി വരും.
                   കേരളത്തിന്റെ ദേശീയ പക്ഷിയാണു വേഴാമ്പൽ. മലയാളികളുടെ സ്വഭാവത്തിനു ഒട്ടും ചേരാത്ത ഒരു പക്ഷി. വേഴാമ്പൽ ഇതറിഞ്ഞിരുന്നെങ്കിൽ പണ്ടേ സ്ഥലം വിട്ടേനേ. ധാരാളം “വെള്ളം” കുടിക്കുന്ന ബഹു പത്നി വ്രതം അനുഷ്ഠിക്കുന്ന മലയാളികൾക്ക് ചേരുന്ന പക്ഷി “കാക്ക“ ആയിരുന്നു. തെക്കേപ്പറത്തുള്ള വരിക്ക പ്ലാവിന്റെ പൊത്താണു വേഴാമ്പലുകൾ അവയുടെ ഗർഭഗൃഹമാക്കിയത്. ആൺ വേഴാമ്പൽ എന്നും വീട്ടുമുറ്റത്തുള്ള നാരകത്തേൽ കുറേനേരം വന്നിരിക്കും. മുട്ട വിരിഞ്ഞശേഷം രണ്ട് കുഞ്ഞുങ്ങളേയും കൂട്ടി കുറച്ചുനാൾകൂടി അവ നാരകത്തിൽ ഇരിക്കുവാൻ വരുമായിരുന്നു. എന്റെ പ്രാർത്ഥനയാണ് ആൺ വേഴാമ്പലിനു ഒരു അപകടവും പറ്റാതെ കാത്തത് എന്ന് ഭാര്യ പറയും. “വേഴാമ്പലിന്റെ ഭാര്യയുടെ” എന്ന തിരുത്തോടുകൂടി ഞാൻ അത് സമ്മതിക്കും.  പറമ്പിലെ പല മരങ്ങളും നട്ടത് കിളികളാണന്നു പറയാം. കൂടുതലും പനകൾ. എവിടയോ ഉള്ള പനങ്കായകൾ അയ്യത്ത് കൊണ്ടിട്ട് ഇപ്പോൾ പറമ്പ് മുഴുവൻ പനകളാണ്. അതുപോലെ മുളകുകൾ, കാപ്പിതൈകൾ, റമ്പൂട്ടാൻ മുതലായവ എല്ലാം അയ്യം മുഴുവൻ വ്യാപിപ്പിച്ചതും കിളികളാണ്.  

Monday, 13 May 2013

വഴികാട്ടികള്‍


"നമ്മുടെ ദേശീയപതാകയ്ക്ക് എത്രവർണ്ണങ്ങളുണ്ട്....."???
ശാന്തമ്മ ടീച്ചറുടെ ഈണത്തിലുളള ചോദ്യം!

ചോദിച്ച് തീരുംമുമ്പേ ഞങ്ങളുടെ ക്ലാസ് ഒന്നടങ്കം പാടി..
" മൂൂൂൂന്ന്..."

ആ 'മൂന്ന്' സ്കൂൾ മുഴുവൻ അലയടിച്ചു...;

അതങ്ങനെയാണ്, അറിയാവുന്ന ഉത്തരമാണെങ്കിൽ കുറച്ചാവേശം കൂടിപ്പോവും.. ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല , വല്ലപ്പോഴും മാത്രമേ ഇങ്ങനെ അറിയുന്ന ചോദ്യങ്ങൾ കിട്ടാറുളളൂ !!

"ഞാൻ ചോദിക്കുന്നവര് മാത്രം പണഞ്ഞാ മതി ; എല്ലാരും കൂടികിടന്ന് കാറണ്ട !! "
ആളിക്കത്തിയ ഞങ്ങളുടെ ആവേശത്തിലേക്ക് ടീച്ചർ വെളളം കോരിയൊഴിച്ചു ; 
ക്ലാസ് മൊത്തം കരിഞ്ഞ മണം !

എല്ലാരും മിണ്ടാതെ ഇരിക്കുന്നു; 

ടീച്ചർ എന്റെ അരികിലേക്ക് വന്ന് , എന്നെ നോക്കി നിന്നു.. കണ്ണട അൽപം താഴോട്ടാക്കി കണ്ണ്‍ അതിന് മുകളിലൂടെ പുറത്തേക്കിട്ടാണ് നോട്ടം.,
 "ഇങ്ങനെ കഷ്ടപ്പെടണോ ; കണ്ണട അഴിച്ച് വെച്ചാപ്പോരേ ..." എന്ന് ഞാനൊരുപാട് തവണ ചിന്തിച്ചിട്ടുണ്ട് !!

'ടീച്ചർ വന്ന കാര്യം പറ 'എന്ന മട്ടിൽ ഞാൻ ടീച്ചറെയും നോക്കി !!

തൊലി പോക്കി വെളുപ്പിച്ച് മിനുസപ്പെടുത്തിയ ചെമ്പരത്തിച്ചെടിയുടെ കൊളളി എന്ടെ മൂക്കിന് നേരെ ചൂണ്ടി ടീച്ചർ ചോതിച്ചു
'ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാടാ ...?'

"ങ്ങേ !"

"ങ്ങേന്നല്ല ; ദേശീയ പതാകയിലെ ആ മൂന്ന് വർണ്ണങ്ങൾ ഏതൊക്കെയാണന്ന് ?? "

"പച്ച , ചോപ്പ് , വെളള "
ഒരു ശരിയുത്തരം പറഞ്ഞ 'ഗമ'യിൽ ടീച്ചറെ നോക്കി പല്ലിളിച്ച് നിൽക്കവേ....

ചെമ്പരത്തിക്കൊളളി മുഖത്തിന് നേരെ വെച്ച് വട്ടം വരച്ചോണ്ട് ടീച്ചർ കണ്ണ്‍ പുറത്തേക്കിട്ട് പറഞ്ഞു...

"ക്രമത്തിൽ പറയെടാ !!! "


പണി പാളി ;
ക്രമം ലേശം ബുദ്ധിമുട്ടാവും !!

വാടാ ചക്കരേ എന്ന മട്ടിൽ വടിയെ നോക്കി ഞാൻ നിൽക്കുമ്പൊ ; 

എന്നോട് എന്തോ ഒരിത്‌ തോന്നിയ ഒരു പെണ്‍കുട്ടി ; ടീച്ചർ കാണാതെ 'കപിൽദേവ്'
പതാകയും പൊക്കിപ്പിടിച്ച് നിൽക്കുന്ന 'ചട്ട'യുളള നോട്ട്ബുക്ക് എനിക്ക്‌ കാണിച്ചു തന്നു..! 

ഒരു വട്ടം പതാകയിലും, പിന്നെ അവളുടെ കളങ്കമില്ലാത്ത സ്നേഹം തുളുമ്പുന്ന മുഖത്തേക്കും നോക്കി ഞാനുത്തരം പറഞ്ഞു..
"ചോപ്പ്
വെളള
പച്ച "

ഉത്തരം പറഞ്ഞ് തീരും മുമ്പേ എൻടെ ചെവി പിടിച്ച് കറക്കി മുഖം സ്കൂൾ ഗ്രൗണ്ടിലെ കൊടിമരത്തിലേക്ക് തിരിച്ച് പിടിച്ച് അവിടെയുളള പതാകയിലേക്ക് ചൂണ്ടി ടീച്ചർ ചോതിച്ചു...;

"ചുവപ്പാണോ കഴുതേ അത് !? "

ഞാൻ നോക്കിയിട്ട് വെളളയും പച്ചയും കാണുന്നപോലെ ചുവപ്പ് തന്നെയാണ് അവിടെയും കണ്ടത് ;
പിന്നെ ടീച്ചറെന്തിനാ എൻടെ ചെവി പിടിച്ച് കറക്കിയത് ?

ശാന്തമ്മ ടീച്ചറെ കാഴ്ച്ച ശക്തി പോയോ ഗണപതീ...ന്ന് വിചാരിച്ച് ഞാൻ വിഷമത്തോടെ നിന്നു !!


ടീച്ചർ പെണ്‍കുട്ടികളുടെ നേരെ തിരിഞ്ഞു..;

എനിക്ക് കപിൽദേവിനെ കാണിച്ചു തന്ന പെണ്‍കുട്ടിയുടെ തോളത്ത് തട്ടി പറഞ്ഞു ,
"നീ പറ "

അവൾ എഴുന്നേറ്റ് നിന്ന് ഉത്തരം പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി ;


ങ്ങേ... അതൊരു പൂവിന്റെ പേരല്ലേ ; കുങ്കുമം!!!

"കുങ്കുമം , വെളള , പച്ച "

'ഗുഡ്...കുട്ടി ഇരിക്കൂ '


അപ്പൊ ഞാനോ !!

'നീ നാളെ 1000 വട്ടം
 "കുങ്കുമം, വെളള, പച്ച"
എന്നെഴുതിയിട്ട് ക്ലാസ്സിൽ കേറിയാ മതി !! '

എന്നാലും വേണ്ടില്ല, ഒരു തീരുമാനമായല്ലോ എന്ന മട്ടിൽ ഞാൻ ബെഞ്ചിലിരുന്നു !!

പറഞ്ഞാൽ കേൾക്കുന്ന കുട്ടി ആയത് കൊണ്ട് വൈകുന്നേരം സ്കൂൾ വിട്ട് പോവുമ്പൊ ചാക്കോച്ചേട്ടന്റെ കടയിൽ നിന്ന് എഴുതാനുളള പത്തിരുപത് പേപ്പറും വാങ്ങിയാണ് വീട്ടിലേക്ക് പോയത്...;

പിറ്റേന്ന് സ്കൂളിൽ പോവാതെ ഇരുന്നെഴുതി (ഉത്തരവാദിത്തം !)


അന്ന് വൈകുന്നേരം അടുക്കള ഭാഗത്തെ അമ്മിത്തണയിലിരുന്ന് അവിലും ചായയും അടിക്കുമ്പൊ ക്ലാസ്മേറ്റും കൂട്ടുകാരനും അയൽവാസിയുമായ ഷഫീക്ക് സ്കൂൾ വിട്ട് വരുന്നു..;

"ഞാൻ ക്ലാസ്സിൽ വരാഞ്ഞിട്ട് ആരേലും ചോദിച്ചായിരുന്നോ?  ഞാൻ ഫുൾ എഴുതി, നാളെ വരും"

'ആ...' ന്നും പറഞ്ഞ് അവൻ വീട്ടിലേക്ക് പോയി.

 എന്താന്നറിയില്ല ; അവനൊരു മൂഡില്ല !! എന്താ പ്രശ്നം ;
ആ....' എന്തേലുമാവട്ടെ !


പിറ്റേന്ന് ക്ലാസ്സിൽ കേറും മുമ്പേ ഓഫീസ് റൂമിൽ പോയി ഇരുപത് പേപ്പറുകളിലായി ആയിരം വട്ടം ഞാനെഴുതിയ വർണ്ണലോകം ഞാൻ ശാന്തമ്മ ടീച്ചർക്ക് കൈമാറി !!

മറ്റുക്ലാസുകളിലെയും ഒരുപാട് കുട്ടികൾ ഓഫീസ് റൂമിൽ വന്ന് എല്ലാ അദ്ധ്യാപകർക്കും ഇങ്ങനെ ഓരോ കെട്ടുകൾ കൊടുക്കുന്നുണ്ട് ;

എന്റെ കെട്ട് , ഞാൻ കഷ്ടപ്പെട്ടെഴുതിയ കെട്ട് ഒന്ന് നോക്കുക പോലും ചെയ്യാതെ ജനലിലൂടെ കഞ്ഞിപ്പുരയിലേക്കിട്ടു !! (ഉച്ചക്കഞ്ഞി വെക്കുമ്പോൾ തൊണ്ടും ചിരട്ടയും പോരാഞ്ഞിട്ടായിരിക്കും;  ഓഫീസ് റൂമിന്റെ ജനലിനുളളിലൂടേ കഞ്ഞിപ്പുരയിലേക്ക് ഈ പേപ്പറുകൾ ഇട്ട് കൊടുക്കും !! )

ശാന്തമ്മ ടീച്ചറെന്നോട് പറഞ്ഞു....;

"എടാ, നീയൊക്കെ ഒരുത്തരം പറയുന്നത് കേൾക്കാനുളള ആഗ്രഹം കൊണ്ടാണ് ഇത്രേം
ഈസിയായ ചോദ്യം ചോദിക്കുന്നത് ;
നിനക്കൊക്കെ വല്ല തൂമ്പാപ്പണിക്കും പോയിക്കൂടെ !"


ഞാൻ സ്ഥിരം മറുപടിയായ ഒരു ചിരി സമ്മാനിച്ച് പുറത്തേക്കിറങ്ങുമ്പൊ ഓഫീസ് റൂമിറ്റ പടിക്കൽ ഒരു വലിയ കെട്ട് പേപ്പറുകളുമായി ഷഫീക്ക് നിൽക്കുന്നു ;

ഞാൻ ലീവാക്കിയ ദിവസം അവന് കിട്ടിയ മുട്ടൻ പണിയാണ് ആ പേപ്പറുകളിൽ എന്നെനിക്ക് മനസ്സിലായി ;


ക്ലാസിൽ പോയന്വേഷിച്ചപ്പൊഴാണ് കാര്യമറിഞ്ഞത് !!

ദേശീയപതാകയിലെ വെളള വർണ്ണത്തിൻടെ മധ്യത്തിലുളള‌ ചക്രത്തിന്റെ പേര് ??

ആദ്യമായി ഇവന്റെ വായിൽ നിന്ന് ഒരുത്തരം കേൾക്കാനുളള ആഗ്രഹം കൊണ്ട് ടീച്ചറവനോട് ചോദിച്ചു...


ചക്രം കറക്ടായിരുന്നു ; അശോകൻ പക്ഷേ 'കേശവനാ'യിപ്പോയി !!

2000 പ്രാവശ്യമെഴുതിയ "അശോകചക്രം" പിടിച്ച് നിൽക്കുന്ന ഷഫീക്കിനെയാണ് ഞാനവിടെ കണ്ടത് "!!!

" ഞാനായിരമല്ലേ എഴുതിയത് ;
ഇവനെന്തിനാ രണ്ടായിരം !!"??


ഒരുപാടാലോചിച്ചപ്പൊഴാണ് എനിക്ക് കാര്യം മനസ്സിലായത് ;
ഞാനെഴുതിയത്
കഞ്ഞിക്കാണ്,

ഇവനെഴുതിയത് ചെറുപയറിനും;

ചെറുപയറിന് 'വേവ്' കൂടുതലാത്രേ...!!

Thursday, 9 May 2013

അകക്കണ്ണ്

           മരണത്തിനെ കുറിച്ച് ആളുകൾക്ക് മുൻകൂട്ടി അറിവുണ്ടാകുമോ? മിക്ക ആളുകളുടേയും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിലെ സംസാരങ്ങളിലും പെരുമാറ്റരീതികളിലും ചില വ്യത്യാസങ്ങൾ ഉണ്ടായിരുന്നതായി അവരുടെ മരണശേഷം നമുക്ക് തോന്നാറില്ലേ? മരണത്തിനെ കുറിച്ചുള്ള സൂചനകൾ അവർ മനപൂർവ്വം തരുന്നതാണോ അല്ലെങ്കിൽ അവരറിയാതെ വന്നു പോകുന്നതാണോ അതൊ മരണശേഷം അവരുടെ പ്രവർത്തികളെ വിശകലനം ചെയ്യുന്ന ആളുകൾ ഓരോ സംഭവങ്ങളെ മരണവുമായി ചേർത്ത് വച്ച് വ്യാഖ്യാനിക്കുന്നതാണോ? അറം പറ്റിയ വാക്കുകൾ എന്നൊന്നുണ്ടോ? ചില അപകടങ്ങൾക്ക് കാരണം നമ്മൾ അറിയാതെ പറഞ്ഞുപോയ വാക്കുകൾ ആണോ? എന്റെ അമ്മയുടെ മരണം വരെ മരണാനന്തര ജീവിതത്തിലും ആത്മാക്കളിലും വിശ്വാസമില്ലാത്ത ഒരാളായിരുന്നു ഞാൻ.
               എന്നെ ഒരുപാടിഷ്ടമുള്ള ഒരാളായിരുന്നു അമ്മ. എല്ലാ അമ്മമാരും അങ്ങനെ ആയിരിക്കാം. ശരിയും തെറ്റും നോക്കാതെ എപ്പോഴും എന്റെയൊപ്പം നിന്നിട്ടുള്ള ഒരാളായിരുന്നു അമ്മ. അമ്മയുടെ കണ്ണുകളിൽ കൂടിയായിരുന്നു പലപ്പോഴും പലരേയും പല സംഭവങ്ങളേയും നോക്കിക്കണ്ടിട്ടുള്ളത്. കുഞ്ഞുന്നാളിൽ മഴയും നനഞ്ഞ് വരുമ്പോൾ എല്ലാവരും കുടയെടുക്കാത്തതിനു വഴക്കുപറയും. അമ്മയും വഴക്കുപറഞ്ഞിരുന്നു. അത് എന്നെ അല്ല. പെയ്ത മഴയെ ആയിരുന്നെന്ന് മാത്രം. “ഈ മഴക്ക് പെയ്യാൻ കണ്ട ഒരു സമയം. പാവം എന്റെ മോൻ നനഞ്ഞു.” ഇങ്ങനെ ആയിരുന്നു അമ്മയുടെ പ്രതികരണം. വലിയ തമാശ എന്നുകരുതി നമ്മൾ പറയുന്നത് കേട്ടിട്ട് കാറ്റത്തിരിക്കുന്ന ആട്ടുകല്ലു പോലെ ആളുകൾ നിസ്സംഗരായി ഇരിക്കുന്നതിലും വലിയ ചമ്മൽ വേറെ ഇല്ല. അമ്മയോട് തമാശ പറയുമ്പോൾ ഇങ്ങനെ ഒരു പേടി ഒരിക്കലും വരില്ലായിരുന്നു. എന്റെ തമാശകൾ ആസ്വദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമായിരുന്നു അമ്മ.
               കുഞ്ഞുന്നാളിൽ അമ്മയുടെ ഒപ്പം നടക്കുന്നത് ഞങ്ങൾ ഏറെ ആസ്വദിച്ചിരുന്നു. ഓണത്തിന്റെ അന്ന് സദ്യയും കഴിഞ്ഞ് അമ്മ അമ്മയുടെ ബന്ധു വീടുകളിലേക്ക് പോകും. ഉടനെ തന്നെ തിരിച്ചു വരികയും ചെയ്യും. അച്ഛന്റെ ഭാഷയിൽ “സർക്കീട്ട്”. സർക്കീട്ടിനു പോകുമ്പോൾ അമ്മ ഞങ്ങളേയും ഒപ്പം കൂട്ടും. അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് അമ്മ ആളുകളോട് പറയുന്നത് കേട്ടുകൊണ്ട് അങ്ങനെ നിൽക്കുന്നതായിരുന്നു ഞങ്ങളുടെ ഓണാഘോഷങ്ങളിൽ ഏറ്റവും പ്രീയപ്പെട്ടത്. “ഇവനെന്താ ചേച്ചീ ഇങ്ങനെ? ചേച്ചിയുടെ കീഴിൽ നിന്നും മാറാതെ?” എന്ന് ചോദിക്കുന്നവരോട് അമ്മ എന്നെ ബസ്സിൽ കയറ്റിവിട്ട കഥ പറയും. ഞാൻ അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു ആ സംഭവം. പുനലൂരിൽ നിന്നും കൊട്ടാരക്കരക്കുള്ള ബസ്സ്. ഒരു കുതിരയെ എടുക്കാനുള്ളത്രയും ആളുകൾ ബസ്സ് കാത്ത് നിൽക്കുന്നു. ബസ്സിൽ ബോർഡ് വച്ചതും അമ്മ വളരെ സാഹസികമായി ഒറ്റ ഓട്ടത്തിനു എന്നെയും കൊണ്ടകത്തു കയറി സീറ്റുപിടിച്ചു. എന്നെ സുരക്ഷിതമായിട്ട് ഇരുത്തിയശേഷം ബസ്സിൽ നിന്നും പുറത്തിറങ്ങിയ അമ്മ കണ്ടത് തൊട്ടുപുറകിൽ അമ്മയുടെ സാരിത്തുമ്പിൽ പിടിച്ച് നിൽക്കുന്ന എന്നെ. ഒത്തിരി വഴക്ക് കിട്ടിയെങ്കിലും അന്നങ്ങനെ ചെയ്തത്  നന്നായി  എന്ന് അമ്മ ഇത് ആൾക്കാരോട് പറഞ്ഞ് ചിരിക്കുന്നത് കാണുമ്പോൾ തോന്നിയിട്ടുണ്ട്.
               കൊളൻജിയോ കാർസിനോമ എന്ന കാൻസർ ബാധിച്ചു എന്ന് തിരിച്ചറിഞ്ഞതിനുശേഷം അധികകാലം അമ്മ ജീവിച്ചിരുന്നില്ല. വയ്യാതായ ശേഷം  വീട്ടിൽ മറ്റാരുമില്ലാതെ ഞാനും അമ്മയും തനിച്ചാ‍യിരുന്ന ഒരു ദിവസം. ഞാൻ വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഏകദേശം ഏഴുമണി. വീടിന്റെ കതക് തുറന്നു കിടക്കുന്നു.  അമ്മയെ കാണാതെ വിഷമിച്ച് പറമ്പ് മുഴുവനും അമ്മയെ തിരക്കി നടന്നു. ഒരിടത്തും കാണാതെ തിരികെ വീട്ടിലെത്തി മുറ്റത്ത് കിടന്ന കാറിനുള്ളിലേക്ക് ടോർച്ചടിച്ച് നോക്കിയപ്പോൾ അമ്മ അതിനുള്ളിൽ  കിടന്നുറങ്ങുന്നു. കരയണോ ചിരിക്കണോ എന്ന് സംശയം തോന്നിയ നിമിഷം. അമ്മ ഇതെന്ത് പണിയാ കാണിച്ചത്? എന്നു മാത്രം ചോദിച്ചു. അതിനുള്ള മറുപടിയായി കരഞ്ഞുകൊണ്ടിരുന്ന എന്നെ ചേർത്ത് പിടിച്ച്  “അമ്മയെ കാണാതെ മോൻ പേടിച്ചു പോയോ? ഇനി മോനോട് പറയാതെ അമ്മ എങ്ങോട്ടുമില്ല” എന്ന് പറഞ്ഞു.
               കലശലായ ഛർദ്ദി കാരണം ആഹാരം കഴിക്കുന്നത് തന്നെ അമ്മക്ക് പേടിയായിരുന്നു. മരണത്തിനോടടുത്ത ദിവസങ്ങളിൽ അമ്മ തീർത്തും അവശയായിരുന്നു. വളരെ കുറച്ച് മാത്രമേ കഴിക്കുവാനും കുടിക്കുവാനും സാധിക്കുമായിരുന്നുള്ളു.  കുറച്ച് ആഹാരത്തിൽ നിന്നും കൂടുതൽ പോഷണം കിട്ടുന്നതിനായി അണ്ടിപ്പരിപ്പ്, ബദാം, പിസ്ത, ആപ്രിക്കോട്ട് മുതലായവ പാലിൽ അരച്ച് ചെറിയ ഒരു ഗ്ലാസ്സ് അമ്മയെ കുടിപ്പിക്കും. കുഞ്ഞുപിള്ളാർക്ക് ആഹാരം കൊടുക്കുന്നതുപോലെ ഓരോ കഥകളൊക്കെ പറഞ്ഞ്. ഓരോ സ്പൂൺ കഴിക്കുമ്പോഴും മതി എന്ന് പറയുകയും തീർന്നോ എന്ന് ഗ്ലാസ്സിൽ പിടിച്ച് നോക്കുകയും ചെയ്യുമായിരുന്നു. പാലുകുടി കഴിഞ്ഞ കുഞ്ഞുങ്ങൾക്ക് ഗ്യാസ് തട്ടുന്നത് പോലെ ആഹാരത്തിനുശേഷം അമ്മയെ ചേർത്തിരുത്തി മുതുകത്ത് തട്ടി ഗ്യാസ് കളഞ്ഞശേഷം വേണമായിരുന്നു കിടത്തുവാൻ.
               കുറുക്ക് കുടിപ്പിച്ചിട്ട് ഗ്യാസ് കളയുവാൻ വേണ്ടി മുതുകത്ത് തട്ടിക്കൊണ്ടിരുന്ന എന്നോട് അമ്മ പറഞ്ഞു “ഞാൻ ഇന്നിവിടെ നിന്നും പോകും”. അങ്ങനെ ഒന്നും പറയരുതെന്നും എന്നെ തനിച്ചാക്കിയിട്ട് പോകരുതെന്നും പറഞ്ഞ എന്നോട് “നിനക്ക് അത്രക്ക് പേടിയാണങ്കിൽ നീയും എന്റെ ഒപ്പം പോന്നോളു” എന്നായിരുന്നു മറുപടി. അന്ന് വൈകിട്ട് അമ്മ മരിക്കുകയും അടുത്ത ദിവസം ഞാൻ ഡങ്കിപ്പനി പിടിച്ച് കിടപ്പിലാകുകയും ചെയ്തു. ജീവിതത്തിന്റേയും മരണത്തിന്റേയും ഇടയിലുള്ള നൂൽ‌പ്പാലത്തിലൂടെ കഷ്ടിച്ച് ജീവിതത്തിലേക്ക് തിരികെ വന്നത് ഭാര്യ ഐ സി യു വിന്റെ വാതിൽക്കൽ ഇരുന്നു കരഞ്ഞു വിളിച്ചതു കൊണ്ട് മാത്രമാണന്നാണ് എന്റെ വിശ്വാസം. ഡങ്കി  വന്നത് എന്നെ അത്രമേൽ സ്നേഹിച്ച അമ്മ എന്നെ ഒപ്പം കൂട്ടാൻ നോക്കിയതാണന്നും.   

Friday, 3 May 2013

101 വഴികൾ

                  ധാരാളം പശുക്കളുണ്ടായിരുന്ന ഒരു വീടായിരുന്നു ഞങ്ങളുടേത്. പിന്നെ പിന്നെ അതു ഒരു അമ്മയും കുഞ്ഞും മാത്രമായി മാറി. അച്ഛനു പക്ഷാഘാതം വരുന്നതിനു ഏകദേശം രണ്ട് മാസം മുന്നേ ആദ്യം അമ്മ പശുവും പിന്നെ കുട്ടിയും മരിച്ചു. അമ്മ പിന്നീട് ഒരു പശുക്കുട്ടിയെ വാങ്ങി വളർത്തിയെങ്കിലും അമ്മയുടെ മരണശേഷം അതിനെ വീടിനടുത്തുതന്നെയുള്ള ഒരാൾക്ക് കൊടുക്കുകയായിരുന്നു. അന്തേവാസികൾ ഇല്ലാതായി ആളും അനക്കവുമറ്റ എരുത്തിൽ പട്ടികൾ അവയുടെ ഇടത്താവളമാക്കി മാറ്റി.ഒന്നും രണ്ടും അല്ല. ഏകദേശം  പത്തോളം വരുന്ന ഒരു ഗ്രൂപ്പ് ആണു വീട്ടുമുറ്റത്തേക്ക് ഓടിക്കയറി ബഹളമുണ്ടാക്കുകയും പിന്നീട് എരുത്തിലിൽ കയറി അല്പനേരം വിശ്രമിക്കുകയും ചെയ്തശേഷം പോകുന്നത്. തമിഴ് സിനിമകളിലും ചില മലയാളം സിനിമകളിലും ഹീറൊ ഇല്ലാത്ത സമയത്ത് വില്ലന്റെ ആളുകൾ വീട്ടിൽ കയറി അക്രമമുണ്ടാക്കുന്നത് പോലെ ഇവ കൂട്ടമായി വീട്ടുമുറ്റത്തേക്ക് ഓടിക്കയറുകയും, ചെരുപ്പ്, പ്രത്യേകിച്ച് ഭാര്യയുടേത് കണ്ടാൽ കടിച്ച് കീറുകയും ചെയ്യും.
                   പുതിയ ജോലിക്കാരി ഇന്ദിരയാണു ഇത്രയധികം പട്ടികളെ ക്ഷണിച്ച് വരുത്തിയത്. കഴിക്കാൻ അധികം ആൾക്കാരില്ലാത്ത വീട്ടിൽ ഒരു കലം നിറയെ ചോറുവക്കുകയും പിറ്റേന്നു രാവിലെ ആരും കാണാതെ അതെടുത്ത് പറമ്പിലെവിടെയെങ്കിലും കൊണ്ടുക്കളയുകയുമാണ് ഇന്ദിരയുടെ ഹോബി.  മുറ്റത്തിട്ടിരുന്ന ഭാര്യയുടെ പുതിയ ചെരുപ്പും പട്ടികടിച്ചു തിന്നപ്പോഴാണ് അതൊരു കുടുംമ്പ പ്രശ്നമായി മാറിയത്. “ഇനി എന്റെ ചെരുപ്പ് പട്ടി കടിച്ചു കീറിയാൽ ഞാൻ എന്റെ വീട്ടിൽ പോയി നിൽക്കും” പട്ടികൾ എന്റെ ശിങ്കിടികൾ ആണെന്നും ഞാൻ മനപ്പൂർവ്വം അവയോട് പറഞ്ഞ് ചെരുപ്പ് കടിച്ച് കീറിക്കുകയാണന്നുമുള്ള രീതിയിൽ ഭാര്യ പറഞ്ഞു.“താനാദ്യം ആ ഇന്ദിരയോടൊന്ന് പറയ്. ആഹാരം കഴിക്കാനാണവ വരുന്നത്. “ അതൊക്കെ ഞാൻ പറഞ്ഞുനോക്കിയതാ. അവരെ മാറ്റാനൊന്നും പറ്റില്ല. പുളിശ്ശേരിയും ചോറും തിന്നാനൊന്നും ഇക്കാലത്ത് ഒരു പട്ടിയും വരില്ല എന്നാണവർ പറയുന്നത്. വേറേ വഴി നോക്കിയാലേ പറ്റു. ഭാര്യ പറഞ്ഞു.
                   പണ്ട് പട്ടികളേയും പൂച്ചകളേയും കല്ലെടുത്ത് എറിയാൻ പോകുമ്പോൾ അമ്മ പറയുമായിരുന്നു. ഇപ്പോൾ നീ അതിനെ എറിഞ്ഞാൽ അടുത്ത ജന്മം നീ പട്ടിയായും ആ പട്ടി നീ ആയും ജനിക്കും. അന്ന് അവ നിന്നേയും ഇതുപോലെ എറിയും. അടുത്ത ജന്മത്തിൽ കിട്ടാൻ പോകുന്ന ഏറുകളെ ഓർത്ത് അക്കാലത്ത് ഒരു ജീവികളേയും ഉപദ്രവിക്കില്ലായിരുന്നു. “ഇനി താൻ കഴിഞ്ഞ ജന്മത്തിൽ ഈ പട്ടികളുടെ ചെരുപ്പ് കടിച്ചു കീറിയാരുന്നോ?” ഞാൻ ചോദിച്ചു. ഇങ്ങനൊക്കെ ചോദിച്ചാൽ അടുത്ത ജന്മത്തിൽ നിങ്ങൾക്കെന്നെ ഇടിക്കേണ്ടിവരും. ഭാര്യ പറഞ്ഞു.
                   എന്റെ ഒരു ചേട്ടന്റെ വീട്ടിൽ വളർത്തിയിരുന്ന ഒരു പട്ടി രാത്രി അതിനെ അഴിച്ചുവിടുമ്പോൾ അയൽവീടുകളിൽനിന്നും തുണികൾ, ചെരുപ്പ് മുതലായവ കടിച്ചുകൊണ്ടുവന്ന് വീട്ടിൽ ഇടുമായിരുന്നു. രാവിലെ പത്രവിതരണം നടത്തുന്നതുപോലെ ചേട്ടൻ ഈ സാധനങ്ങൾ അവരറിയാതെ ആ വീടുകളിൽ തിരികെ കൊണ്ടിട്ടായിരുന്നു ഈ പ്രശ്നം പരിഹരിച്ചിരുന്നത്. അവൻ പ്രവർത്തനമേഘല വിപുലമാക്കിയതോടുകൂടി ചേട്ടനെക്കൊണ്ട് ഒറ്റക്കിതു സാധിക്കാതെ വരികയും അവനെ വണ്ടിയിൽ കയറ്റി കുറുമ്പകരയിൽ കൊണ്ട് വിടുകയും ചെയ്തു. ചെരുപ്പുകൾ പട്ടി കൊണ്ടുപോകുന്ന കാര്യം പറഞ്ഞപ്പോൾ പുള്ളി പറഞ്ഞു. അതിനെ കാറിൽ കയറ്റി ദൂരെ എവിടെയെങ്കിലും കൊണ്ട് വിട്ടാൽ പോരേ. തെരുവുപട്ടികളെ കാറിൽ കയറ്റുന്ന പ്രയാസങ്ങൾ ഓർത്ത് ആ പരിപാടി വേണ്ടന്നു വച്ചു
                      പട്ടികൾ വരുമ്പോൾ പടക്കം പൊട്ടിച്ചാൽ മതി. അവ ജീവനും കൊണ്ടോടും. രാജി പറഞ്ഞു. പട്ടികളെ ഓടിക്കാനായി തെങ്കാശിയിൽ നിന്നും പടക്കങ്ങൾ വാങ്ങി. ചെറിയ ഓലപ്പടക്കം, അത് ഏറ്റില്ലങ്കിൽ കുറച്ചുകൂടി വലിയ ഓലപ്പടക്കം, അതുമേറ്റില്ലങ്കിൽ അവസാനകൈ ആയി പ്രയോഗിക്കാൻ ഗുണ്ടുകൾ എന്നിവ വാങ്ങി. പടക്കക്കടക്കാരൻ ചോദിച്ചു “എന്താ സേട്ടാ, കല്യാണമാ?” അതു കേട്ടപ്പോൾ ചേച്ചിയുടേയും രാജിയുടേയും കല്യാണത്തിന് സ്വീകരണസമയത്ത് പടക്കം പൊട്ടിച്ചത് ഓർമ്മ വന്നു.ചേച്ചിയുടെ കല്യാണത്തിന്റെ സ്വീകരണ സമയത്ത് അഷ്ടമംഗല്യവിളക്കും പിടിച്ചുകൊണ്ടുനിന്ന അപ്പച്ചി അപ്രതീക്ഷിതമായ പടക്ക ശബ്ദം കേട്ട് ഞെട്ടി വിളക്കിൽ നിന്നും ചൂട് എണ്ണ കാലിൽ വീണത് വളരെക്കാലത്തേക്ക് ചിരിക്കുള്ള വകയായിരുന്നു.
                   പട്ടികൾ വരുമ്പോൾ പടക്കം പൊട്ടിക്കുവാനായി മെഴുകുതിരി, നീളമുള്ള ഈർക്കിൽ തീപ്പെട്ടി എന്നിവ റെഡിയാക്കി വച്ചു. "പട്ടികൾ എരുത്തിലിൽ കയറി. പടക്കം പൊട്ടിക്ക്." ഇതും  പറഞ്ഞിട്ട് ഭാര്യ മുറിയിൽ കയറി ഒളിച്ചു. പട്ടികളെ പേടിപ്പിക്കുവാനുള്ള സന്നാഹങ്ങളുമായി ഞാൻ പമ്മി പമ്മി എരുത്തിലിനടുത്തേക്ക് ചെന്നു. മെഴുകുതിരി കത്തിക്കുവാൻ തീപ്പെട്ടി ഉരച്ചതും പട്ടികൾ എരുത്തിലിൽ നിന്നും പുറത്ത് ചാടി ദൂരെ മാറിനിന്നു. ഞാൻ പടക്കം ഈർക്കിലിന്റെ അറ്റത്ത് പിടിപ്പിച്ചിട്ട് മെഴുകുതിരിയിൽ കാണിച്ചിട്ട് അത് എന്നെ തന്നെ സാകൂതം നോക്കി നിൽക്കുന്ന പട്ടികൾക്ക് നേരേ ചൂണ്ടി. കുറച്ച് സമയം കഴിഞ്ഞിട്ടും പൊട്ടാതിരുന്നപ്പോഴാണ് തീ പിടിച്ചില്ല എന്നു മനസ്സിലാകുന്നതു. നാലഞ്ചു ട്രയലുകളുടെ അവസാനം പടക്കം പൊട്ടിയതും, പ്രോത്സാഹിപ്പിച്ചതാണോ കളിയാക്കിയതാണോ എന്നറിയില്ല, പട്ടികൾ കൂട്ടത്തോടെ ഓരിയിട്ടു. പട്ടികളുടെ കരച്ചിൽ കേട്ട് പടക്കം പൊട്ടി പട്ടി ചത്തു എന്നു കരുതിയ ഭാര്യ പറഞ്ഞു. “ഓടിച്ചാൽ മതി. കൊല്ലണ്ടായിരുന്നു”. പിന്നീട് രാത്രി-പകൽ വ്യത്യാസമില്ലാതെ ദിവസത്തിന്റെ പലസമയങ്ങളിലും പടക്കശബ്ദം കേൾക്കാൻ ആഗ്രഹം തോന്നിയപ്പോഴൊക്കെ അവ വന്നു. അസമയങ്ങളിലുള്ള പടക്കശബ്ദവും പട്ടികൂവലുകളും കേട്ടുമടുത്തപ്പോൾ ഭാര്യ പറഞ്ഞു “എന്റെ ചെരുപ്പ് പട്ടി തിന്നോട്ടെ. ഇതിലും നല്ലത് അതാ.”
                   കഴിഞ്ഞ ദിവസം കോട്ടയത്ത് നിന്നും അടൂരിലേക്കുള്ള ബസ്സിൽ കയറിയപ്പോൾ ഒരാൾ ബസ്സിനുള്ളിൽ പുസ്തകം വിൽക്കുന്നു. “പട്ടികളെ ഓടിക്കുവാനുള്ള 101 വഴികൾ”. പത്ത് രൂപാ കൊടുത്ത് ഒരെണ്ണം വാങ്ങി. വാങ്ങിക്കഴിഞ്ഞപ്പോൾ ഓർത്തു. “നല്ല വഴി ആയിരുന്നെങ്കിൽ ഒരെണ്ണം മതിയായിരുന്നല്ലോ.”

Friday, 26 April 2013

ചിരി

ഭാര്യ:- നിങ്ങളിപ്പോൾ ചിരിച്ചായിരുന്നോ?
ഭർത്താവ്:- ഇല്ല
ഭാര്യ:- ആരു പറഞ്ഞു? ഞാൻ കണ്ടല്ലോ അവളെ നോക്കി ചിരിക്കുന്നത്.
ഭർത്താവ്:- ഇല്ല. സത്യമായിട്ടും ചിരിച്ചില്ലന്നേ
ഭാര്യ:- ചിരിച്ചാലും ചിരിച്ചില്ലേലും നിങ്ങളിനി ടിവി കാണണ്ട. ആരേലും ആണുങ്ങളു ന്യൂസ് വായിക്കുമ്പോൾ വിളിക്കാം. അപ്പോ കണ്ടാ മതി.

Friday, 19 April 2013

തെന്നുന്ന തറകൾ

                      എന്റെ കുഞ്ഞുന്നാളിൽ വീട്ടിൽ ഒരുപാട് നെൽക്രിഷി ഉണ്ടായിരുന്നു. വർഷത്തിൽ രണ്ടുതവണ ക്രിഷി ചെയ്യും. ചിങ്ങതിൽ കൊയ്യുന്നതും മകരത്തിൽ കൊയ്യുന്നതും.  ചിങ്ങത്തിലെ കൊയ്ത്ത് കാലത്ത് മിക്കവാറും എല്ലാ ദിവസവും മഴ ആയിരിക്കും. മഴ നനയാതിരിക്കാനായി കറ്റകൾ മുഴുവൻ വീടിനുള്ളിലാണു വക്കാറ്. കറ്റയിൽ നിന്നും നെല്ല് വേർതിരിച്ചെടുക്കുന്നത് ചവുട്ടിഉരുട്ടിയിട്ടാണ്. ഭിത്തിയോട് ചേർത്ത് കറ്റവക്കും. എന്നിട്ട് ഭിത്തിയിൽ കൈവച്ച്കൊണ്ട് കാലുകൊണ്ട് കറ്റ ചവുട്ടി ഉരുട്ടും.അങ്ങനെ കിട്ടുന്ന നെല്ല് അളന്ന് അതിൽ ഒരു പങ്കായിരുന്നു കൂലി. കൊയ്യാൻ വരുന്നവർ പല സ്ഥലങ്ങളിലും പോയി കൊയ്ത് വക്കും. പിന്നീടെപ്പൊഴെങ്കിലും ആയിരിക്കും മെതിക്കാൻ വരിക. ചിലപ്പോൾ ഒന്നുരണ്ടാഴ്ച കറ്റകൾ മെതിക്കാതെ അങ്ങനെതന്നെ ഇരുപ്പാകും. അടുക്കി വച്ചിരിക്കുന്ന കറ്റകളുടെ ചൂടും മണവും വീട് മുഴുവനും നിറയും. മഴക്കാലം അല്ലാത്തതിനാൽ ഈ പ്രശ്നങ്ങൾ ഒന്നുംതന്നെ മകരകൊയ്ത്തിനില്ലായിരുന്നു. മകരത്തിലെ കൊയ്ത് കുട്ടികൾക്ക് ഒരു ഉത്സവം തന്നെയായിരുന്നു. മകരകൊയ്ത്തിനു കളമൊരുക്കലാണ് ആദ്യം ചെയ്യുക. മുറ്റം മുഴുവൻ നിലംതല്ലി കൊണ്ട് അടിച്ച് ഉറപ്പ് വരുത്തിയശേഷം അതിനുമുകളിൽ ചാണകം മെഴുകിയാണ് കളം ഒരുക്കുന്നത്. കൊയ്ത് കൊണ്ട് വരുന്ന കറ്റകൾ ഈ കളത്തിലാണ് വക്കാറ്. അടുക്കി വച്ചിരിക്കുന്ന കറ്റക്കൂനയുടെ മുകളിലേക്ക് ഓടിക്കയറുക, മുകളിൽ നിൽക്കുന്ന ആളിനെ തള്ളി താഴെ ഇടുക്, പട്ടിയെ പൊക്കി കറ്റക്കൂനയുടെ മുകളിലേക്കിടുക അങ്ങനെ എത്രയെത്ര കളികളായിരുന്നു അന്ന്. കച്ചിയുടെ ചുവട്ടിൽനിന്നും കുറച്ച് നീളത്തിൽ മുറിച്ച് സ്ട്രാ പോലെ ഉപയോഗിക്കുന്നത് അന്ന് ഞങ്ങളുടെ ഒരു പതിവായിരുന്നു.
                         പിന്നീട് വർഷംതോറുമുള്ള നിലമൊരുക്കൽ ഒഴിവാക്കാൻ വേണ്ടി മിക്കവരും മുറ്റം സിമന്റിട്ടു. ഞങ്ങളുടെ വീടിനും കളീലിനുമിടക്കുള്ള ഭാഗം സിമന്റിട്ടതും അക്കാലത്താണ്. മഴക്കാലമായാൽ ഈ സിമന്റ് തറ പായൽ പിടിച്ച് ആകെ വഴുക്കനാകും. നല്ല പ്രാക്ടീസില്ലാതെ തെന്നിക്കിടക്കുന്ന മുറ്റത്തുകൂടി തെന്നിവീഴാതെ നടക്കുക അസാധ്യം. മഴക്കാലത്ത് വീട്ടിൽ വരുന്ന മിക്ക ആളുകളും ഈ തറയിൽ തെന്നി വീണിട്ടുണ്ട്. വീണ ആളുകളും വീഴാൻ പോയ ആളുകളും മറ്റു വീടുകളിലെ മുറ്റവുമായി ഉടനൊരു താരതമ്യം നടത്തും. “തെക്കേക്കരയാ ഇതിലും തെന്നൽ”, “തെക്കേക്കരപ്പോലും ഇത്രയും തെന്നലില്ല” അങ്ങനെ പോകും വിലയിരുത്തലുകൾ. വീട്ടിലെ പുറമ്പണികൾക്ക് വരുന്ന ബാബു ആണ് അവസാനമായി അവിടെ തെന്നിവീണയാൾ. ഓണത്തിന് അടിച്ച് പിങ്കിരിയായി തെന്നി തെന്നി വീട്ടിൽ വന്ന ബാബു തിരിച്ചുപോയപ്പോൾ മുറ്റത്ത് തെന്നിവീണു. തെന്നുന്ന തറയിൽ നിന്നും എഴുന്നേൽക്കാനുള്ള ശ്രമം പലതവണ പലവിധത്തിൽ നടത്തിയിട്ടാണ് പുള്ളിക്ക് ആ കുരുക്കിൽനിന്നും പുറത്ത് വരാനായത്.കഠിന പരിശ്രമങ്ങൾക്ക് ശേഷം സിമന്റ്തറയിൽ നിന്നും എണ്ണീറ്റ് പുറത്ത് വന്ന ബാബു സങ്കടത്തോടെ പറഞ്ഞു. “അണ്ണൻ കുടിക്കാൻ കാശുചോദിച്ചിട്ട് തന്നതുമില്ല. ഇവിടെകിടന്ന് നീന്തി നീന്തി എന്റെ ഉണ്ടായിരുന്ന കെട്ടും പോയി”.
                       മൊസൈക്ക് പണിക്കാരൻ ‘ഊബ’  പണിയുടെ മേന്മ വർണ്ണിക്കുന്നത് അയാളിട്ട മൊസൈക്കിൽ തെന്നിവീണ ആളുകളുടെ എണ്ണം പറഞ്ഞിട്ടാണ്.  വീടിനുള്ളിലെ സിമന്റ് തറ മാറ്റി മൊസൈക്ക് ഇട്ടപ്പോഴും പലതവണ തെന്നി വീണിട്ടുണ്ട്. വെള്ളമടിക്കാനായി മോട്ടോർ ഇട്ടിട്ട് വേറെ എവിടെയെങ്കിലും നിൽക്കുമ്പോഴാകും ആരെങ്കിലും വിളിച്ചുകൂവുന്നത്  “വെള്ളം നിറഞ്ഞേ, മോട്ടോർ ഓഫ് ചെയ്യോ..”. മോട്ടോർ ഇട്ട ആളുതന്നെ വേണം ഓഫ് ചെയ്യാൻ എന്നത് വീട്ടിലെ ഒരു അലിഖിത നിയമമായിരുന്നു. മോട്ടോർ ഓഫ് ചെയ്യാനുള്ള നെട്ടോട്ടം മിക്കപ്പോഴും സ്വിച്ചിന്റെ ചുവട്ടിലുള്ള വീഴ്ച്ചയിലായിരിക്കും അവസാനിക്കുക. എന്തിനാണ് ഇത്രമാത്രം വെപ്രാളപ്പെട്ട് മോട്ടോർ ഓഫ് ചെയ്യുന്നത് എന്നു പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. ഇപ്പോഴും ടാങ്ക് നിറഞ്ഞാൽ  മോട്ടോർ ഓഫ് ചെയ്യാനായി ഓട്ടം തന്നെ.
                       പത്രമേജന്റ് ലോകനാഥന്റെ മകന്റെ പിറന്നാളാഘോഷത്തിന് ഞാനും തോമാച്ചനും കൂടി എന്റെ ബൈക്കിലാണു പോയത്. റോഡിൽ നിന്നും കുറച്ച് പൊക്കത്തിലുള്ള വീട്. വീട്ടിലേക്ക് കയറുവാനായി ചരിച്ച് വെട്ടിയിരിക്കുന്ന ഒരു  വഴി. തെന്നുന്ന വഴിയിലൂടെ  ബൈക്ക് ഓടിച്ച് കയറുന്നതിന്റെ പ്രയാസം ശരിക്കും മനസ്സിലായത് കയറ്റത്തിന്റെ അവസാനമായപ്പോഴാണ്. കാലുകുത്തി ബാലൻസ് ചെയ്യാനുള്ള ശ്രമങ്ങൾ, പരിചയമുള്ള സകലദൈവങ്ങളുടേയും പിന്തുണ അഭ്യർത്ഥിച്ചിട്ടും പരാജയപ്പെട്ടു. സൈക്കിൾ അഭ്യാസം കാണുന്നതുപോലെ ബാലൻസ് ചെയ്യാനുള്ള എന്റെ ശ്രമങ്ങൾ ആസ്വദിക്കുന്ന ആളുകൾ. അവസാനം ചെളിപുരണ്ട ഉടുപ്പും ഉടഞ്ഞ കളിപ്പാട്ടവുമായി ലോകന്റെ വീട്ടിൽ കയറിയപ്പോൾ ആണ് മനസ്സിലായത്, വന്ന മിക്ക ആളുകളും തെന്നി വീണിട്ടാണു നിൽക്കുന്നതെന്നു. പിന്നെ ഞങ്ങളും അടുത്ത ആളിന്റെ വരവിനായി നോക്കിനിന്നു.
                     റോഡ് നിരപ്പിൽ നിന്നും കുറച്ച് താഴ്ന്നിട്ടാണു ഭാര്യയുടെ വീട്. ഗേറ്റിൽ നിന്നും പോർച്ചിലേക്ക് ചരിച്ച് സിമന്റിട്ട വഴി. മഴക്കാലമായാൽ പിന്നെ അത് ഒരു കെണിയായി മാറും. മഴക്കാലത്ത് റോഡിലൂടോടിവരുന്ന പട്ടികൾ മഴ നനയാതിരിക്കാനായി പോർച്ചിലേക്ക് ഓടിക്കയറും. ആദ്യം വരുന്നവൻ തെന്നിതെറിച്ച് ഭിത്തിയിൽ പോയി ഇടിച്ച് താഴെ വീഴും. പുറകേ പുറകേ ബാക്കിയുള്ളവയും. പിന്നെ എല്ലാം കൂടി അവിടെകിടന്ന് ഒരു കൂട്ട കടിപിടിയും നിലവിളിയും. പിന്നെ എല്ലാംകൂടി മഴയും നനഞ്ഞുകൊണ്ട് താഴേക്ക് ഓടിപ്പോകും.മഴക്കാലം മാറുന്നത് വരെ ദിവസവും രണ്ട്മൂന്ന് തവണയെങ്കിലും ഇതുണ്ടാകും.  
                       മിക്ക ആളുകളേയും പേരെടുത്ത് വിളിച്ച് എന്തെങ്കിലും കുശലം ചോദിച്ച് വ്യക്തിപരമായി അടുപ്പം ഉണ്ടന്ന് സ്ഥാപിക്കുന്ന ഒരു  രാഷ്ട്രീയ നേതാവുണ്ടായിരുന്നു ഞങ്ങളുടെ നാട്ടിൽ. ഒപ്പം നിൽക്കുന്ന ആളുകളോട് ചോദിച്ച് കാണാനായി വന്നുനിൽക്കുന്ന ആളുകളുടെ പേരുമനസ്സിലാക്കിയിട്ട് അവരെ പേരുവിളിച്ച് എന്തെങ്കിലും ഒരു കുശലം ചോദിക്കും. എന്നിട്ട് മറുപടി ശ്രദ്ധിക്കാ‍തെ അടുത്ത ആളിലേക്ക് നീങ്ങുകയും ചെയ്യും. ഒരു തവണ അദ്ദേഹം “ജോർജ്ജ് സാറേ, എന്തുണ്ട് വിശേഷം”. ജോർജ്ജ് സാർ “വലിയ കഷ്ടകാലമാ. ഭാര്യ കുളിമുറിയിൽ തെന്നിവീണു കാലൊടിഞ്ഞു.” ജോർജ്ജ് സാർ പറഞ്ഞത് ശ്രദ്ധിക്കാതെ നമ്മുടെ നേതാവിന്റെ മറുപടി. “അതേതായാലും വളരെ നന്നായി.”

Monday, 15 April 2013

രാത്രിയാത്ര

                     ചാത്തന്നൂരിൽ നിന്നും വീട്ടിലേക്ക് പുറപ്പെടാൻ നേരം അളിയന്റെ അച്ഛൻ പറഞ്ഞു. “മണി പതിനൊന്നായി. ഇന്നു വെള്ളിയാഴ്ചയാ. നാളെ പോയാൽ പോരെ? രാവിലെ അങ്ങ് പോകാം.” വെള്ളിയാഴ്ച പെണ്ണുങ്ങൾ സ്വന്തം വീട്ടിൽ നിന്നിറങ്ങി മറ്റൊരു വീട്ടിൽ പോയി താമസിച്ചാൽ സ്വന്തം വീട്ടിലെ ഐശ്വര്യം കുറയുമെന്നാണു ഭാര്യയുടെ വിശ്വാസം. അതുകാരണം എത്ര താമസിച്ചാലും വീട്ടിൽ പോകണമെന്നാണു ഭാര്യയുടെ പക്ഷം. ഇന്നു വെള്ളിയാഴ്ചയാണന്നുള്ള എടുത്ത് പറച്ചിൽ ഞങ്ങളെ പേടിപ്പിക്കാനാണന്ന് തീർച്ച. കാരണം ചോദിച്ച് ഭാര്യയും കുട്ടികളും കൂടുതൽ പേടിക്കണ്ട എന്ന് കരുതി മിണ്ടാതിരുന്നു. പക്ഷേ “വരാനുള്ളത് വഴിയിൽ തങ്ങില്ല“ എന്ന് പറയുന്നത് തികച്ചും ശരിയാണന്ന് ബോധ്യമായത് അപ്പോൾ അവിടുണ്ടായിരുന്ന അനി ചാടിക്കയറി “വെള്ളിയാഴ്ചക്കെന്താ പ്രത്യേകത?” എന്നു ചോദിച്ചപ്പോഴാണു. കിട്ടിയ അവസരം മുതലാക്കിയ അളിയന്റെ അച്ഛൻ പറഞ്ഞു “ ഒന്നുമില്ല. പക്ഷേ ഏനാത്തിനും അടൂരിനുമിടക്ക് ആരെങ്കിലും കൈ കാണിച്ചാൽ വണ്ടി നിർത്തരുത്.“ പണ്ട് അപകടത്തിൽ മരിച്ച ഒരാൾ വെള്ളിയാഴ്ചകളിൽ രാത്രി 12നും ഒന്നിനുമിടക്ക് അതുവഴി പോകുന്ന വണ്ടികളെ കൈ കാണിക്കാറുണ്ടത്രേ. എങ്ങാനും വണ്ടി നിർത്തിയാൽ സാധാരണമനുഷ്യരെപോലെ കാറിനുള്ളിൽ കയറിയിരിക്കും. എന്നിട്ട് അയാൾ മരിച്ച സ്ഥലമാകുമ്പോൾ കാറിൽ നിന്നും അപ്രത്യക്ഷമാകും. അയാൾ ഇരുന്നിടത്ത് രക്തം പറ്റിയിട്ടുണ്ടാകും. പുള്ളിക്ക് പരിചയമുള്ള ഒന്നുരണ്ട് പേർക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ടന്നുകൂടി പറഞ്ഞപ്പോൾ ഭാര്യ പതിയെ എന്റെ അടുത്തേക്ക് നീങ്ങി കയ്യിൽ പിടിച്ചു. “ഇന്നു പോണോ? ഒത്തിരി താമസിച്ചു” ഭാര്യ ചോദിച്ചു.  “ എനിക്കിതിലോന്നും വിശ്വാസമില്ല.  പോയാലേ പറ്റു. ചെന്നിട്ട് ഒരത്യാവശ്യമുണ്ട്” ഞാൻ പറഞ്ഞു.
                    കാറിൽ കയറിയതും ഭാര്യ പറഞ്ഞു “പ്രേതവും ഭൂതവും ഒന്നുമില്ല എന്നു പറയാറുള്ള ആളിന്റെ മുഖത്തെ പേടികണ്ട് ഞാനും കൂടി പേടിച്ചു.” അതു പിന്നെ പുള്ളി നമ്മളെ പേടിപ്പിക്കാൻ വേണ്ടി ഇത്രയൊക്കെ പറഞ്ഞപ്പോൾ പുള്ളിയെ നിരാശപ്പെടുത്തണ്ട എന്നു കരുതി ഞാൻ പേടി അഭിനയിച്ചതല്ലേ. നീ കരുതുന്നുണ്ടോ എനിക്ക് പേടിയായന്ന്?.ഞാൻ ചോദിച്ചു “ഉണ്ട്. പേടിച്ചൂന്നുള്ളത് ഉറപ്പാ. അത് അഭിനയമൊന്നുമല്ലായിരുന്നു“  ഭാര്യ പറഞ്ഞു. പിന്നെ ഞാനൊന്നും പറഞ്ഞില്ല. പണ്ട് ജോലിക്കാരികൾ രാത്രി കതക് തുറന്ന് പുറത്തിറങ്ങാതിരിക്കാൻ വേണ്ടി അമ്മ അവരെ പ്രേതകഥകൾ പറഞ്ഞ് പേടിപ്പിക്കുമായിരുന്നു. കുത്തുകൊണ്ട് മരിച്ച പൂവത്താങ്കുളം അയാൾക്ക് കുത്തുകൊണ്ട കടമുക്കിൽ രാത്രിവന്നതും  ഒരു വെള്ളിയാഴ്ച്ച രാത്രി ഉത്സവത്തിനു പോയിട്ട് വന്ന വിക്രമൻ തെങ്ങിന്റെയൊപ്പം പൊക്കമുള്ള ആളിനെ കണ്ടതും അങ്ങനെ പലതും.അത് കേട്ട് അവരേക്കാൾ കൂടുതൽ പേടിക്കാറ് ഞങ്ങൾ കുട്ടികൾ ആയിരുന്നു. അക്കാലത്ത് മനോരമ വീക്കിലിയിൽ വന്ന ഒരു പ്രേതകഥ “ഗ്ലോറി” എല്ലാ ആഴ്ചയും മുടങ്ങാതെ വായിച്ച് പേടിക്കുമായിരുന്നു. ഓരോ പ്രാവശ്യവും വായിച്ച് പേടിക്കുമ്പോൾ മനസ്സിലുറപ്പിക്കും “ഇനി ഇത് വായിക്കില്ല” പക്ഷേ നടക്കാറില്ല. തലമുറ തലമുറ കൈമാറി വരുന്ന ചില പ്രേതകഥകളുണ്ട്. “ആ കൈ തന്നെ ഈ കൈ” എന്ന കഥ പ്രീഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് ചേച്ചിയും പിന്നീട് അനിയത്തി കോളജിലായപ്പോൾ അവളും പറയാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് അച്ഛന്റെയൊപ്പം പോയി “കൊട്ടാരം വിൽക്കാ‍നുണ്ട്” എന്ന സിനിമകണ്ടതിനു ശേഷം കുറേക്കാലം എനിക്കും ചേച്ചിക്കും രാത്രിയിൽ കട്ടിലിൽനിന്നും താഴെ ഇറങ്ങാൻ കൂടി പേടിയായിരുന്നു.  പേടിയാണന്ന് പറയുമ്പോഴെല്ലാം അമ്മ പറയും “എടാ ഭൂതവും പ്രേതവുമൊന്നുമില്ല. അതൊക്കെ ആളുകൾ വെറുതെ പറയുന്നതല്ലേ” അതുകൊണ്ടാവാം വളർന്നപ്പോഴേക്കും ഇതിലൊന്നും എനിക്കും ഒരു വിശ്വാസവുമില്ലാതായത്.
                         “എന്തായാലും നമുക്ക് എം സി റോഡ് വഴി പോയാൽ മതി. ഇന്ന് ഷോർട്ട്കട്ട് ഒന്നും വേണ്ട” ഭാര്യ പറഞ്ഞു. ചാത്തന്നൂരിൽ നിന്നും ആയൂർ വഴി കൊട്ടാരക്കരക്ക് വരുന്നതാണു കൊട്ടിയം വഴി വരുന്നതിനേക്കാൾ എളുപ്പം. പക്ഷേ ആളൊഴിഞ്ഞ ഇരുട്ട് നിറഞ്ഞ വഴികളാണു. “അതിനു പ്രേതം ഏനാത്തല്ലേ. പൂയപ്പള്ളിയിലല്ലല്ലോ?” ഞാൻ പറഞ്ഞു. “എന്നാലും ഇന്ന് കൊട്ടിയം വഴി പോയാ മതി. എനിക്ക് പേടിയാ.” ഭാര്യ പറഞ്ഞു.  കൊട്ടാരക്കര എത്തിയപ്പോൾ പന്ത്രണ്ട് മണി. കുഞ്ഞുങ്ങൾ നല്ല ഉറക്കം. കുട്ടികൾ വീഴാതിരിക്കാനായി ഭാര്യ ഇറങ്ങി പുറകിലിരുന്നു.വഴി തികച്ചും വിജനമാ‍യി കഴിഞ്ഞിരുന്നു. കറണ്ടിലാത്തതു കാരണം സ്ടീറ്റ് ലൈറ്റുകളുമില്ല. മൈലം കഴിഞ്ഞപ്പോൾ വലിയ ചെക്ക് ഷർട്ടിട്ട ഒരാൾ റോഡരുകിൽ നിൽക്കുന്നു. കൈ കാണിക്കുന്നുമുണ്ട്. “നിർത്തി കൊണ്ട് പോണോ? ഒരു കൂട്ടിനു“ ഞാൻ ചോദിച്ചു. “വേണ്ട വേണ്ട അങ്ങ് പോയാ മതി” ഭാര്യ പറഞ്ഞു. “ആ പാവത്തിനെ കൂടി കേറ്റാമായിരുന്നു. അത് പ്രേതമൊന്നുമല്ല. പ്രേതമായിരുന്നെങ്കിൽ വെള്ളയുടുപ്പിട്ടേനേ“ ഞാൻ പറഞ്ഞു. ഭാര്യ ഒന്നും മിണ്ടിയില്ല. “ഉറങ്ങിയോ” ഞാൻ ചോദിച്ചു. അപ്പോഴും അനക്കമൊന്നുമില്ല. എപ്പോഴും കലപില കലപില എന്ന്  സംസാരിച്ചുകൊണ്ടിരിക്കുന്ന ഇയാൾക്കിതെന്തു പറ്റി എന്ന് കരുതി പുറകിലേക്ക് നോക്കാനായി തിരിഞ്ഞപ്പോഴാണു എന്റെ അരുകിലുള്ള സീറ്റിൽ ആരോ ഉള്ളതു പോലെ തോന്നിയത്. ഒന്ന് സൂക്ഷിച്ച് നോക്കിയപ്പോൾ അത് തോന്നലല്ലന്നും വഴിയരുകിൽ വച്ച് കൈ കാണിച്ച മനുഷ്യനാണന്നും മനസ്സിലായി. വണ്ടി നിർത്തണമെന്നും ബഹളം വക്കണമെന്നുമൊക്കെ തോന്നിയെങ്കിലും ഒന്നും ചെയ്യാനായില്ല. കുളക്കട ആയപ്പോഴേക്കും കറണ്ട് വന്നു. സ്ടീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ കാറിനകം വ്യക്തമായി കാണാം. ധൈര്യം സംഭരിച്ച് വീണ്ടും നോക്കിയപ്പോൾ സീറ്റിൽ ആരുമില്ല. ഭാര്യ പേടിച്ച് മിണ്ടാതിരിക്കുന്നു. . ഒരു തട്ടുകട തുറന്നിരുപ്പുണ്ട്.ആ കടയുടെ അടുത്തേക്ക് വണ്ടി നിർത്തി. ഇനി ഒരു പക്ഷേ എന്റെ തോന്നലായിരിക്കുമോ? “എടേ, ഇയാൾക്കെന്തെങ്കിലും തോന്നിയായിരുന്നോ” ഞാൻ ചോദിച്ചു. ഒരു കരച്ചിലായിരുന്നു ഭാര്യയുടെ മറുപടി.

Sunday, 7 April 2013

കുട്ടികവിതകൾ (കുട്ടികൾക്കുള്ള കവിതകൾ)

തിരമാലകൾ
വെള്ളി പാദസരങ്ങളുമായി
തുള്ളിമറിഞ്ഞുകളിച്ചീടും
തിരമാലകളെ നിങ്ങളെ ഈ
കളികളിതാരു പഠിപ്പിച്ചു?

ഞങ്ങടെ അമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ

അക്കര ഇക്കര നീന്താനും
മുങ്ങാംകുഴിയിട്ടോടാനും

തിരമാലകളെ നിങ്ങളെ ഈ
കളികളിതാരു പഠിപ്പിച്ചു?

ഞങ്ങടെ അമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ

ചെറുകാറ്റിൽ കളിയാടാനും
വൻ കാറ്റിൽ കലി തുള്ളാനും
തിരമാലകളെ നിങ്ങളെ ഈ
കളികളിതാരു പഠിപ്പിച്ചു?

ഞങ്ങടെ അമ്മ കടലമ്മ
നീലക്കടലാം പൊന്നമ്മ

പൂമ്പാറ്റ
പൂ പൂ പൂമ്പാറ്റ
പൂന്തേൻ കുടിക്കും പൂമ്പാറ്റ
പൂമ്പൊടിയുണ്ണും പൂമ്പാറ്റ
പൂവിലുറങ്ങും പൂമ്പാറ്റ
പൂ പൂ പൂമ്പാറ്റ

ഏന്തി ഏന്തി
ഏന്തി ഏന്തി തുഴഞ്ഞാലോ
ആഴക്കടലിൽ ചെല്ലാലോ
ആഴക്കടലിൽ ചെന്നാലോ
കുഞ്ഞൻ മത്തി പിടിക്കാലോ
കുഞ്ഞൻ മത്തി പിടിച്ചാലോ
ചന്തേൽ കൊണ്ടുപോയി വിൽക്കാലോ
ചന്തേൽ കൊണ്ടുപോയി വിറ്റാലോ
ചക്കരമുട്ടായി വാങ്ങാലോ
ചക്കരമുട്ടായി വാങ്ങിയാലോ
ചക്കരക്കുട്ടനു കൊടുക്കാലോ

ഉണര്‍ത്തുപാട്ട്‌

കുഞ്ഞേ കുഞ്ഞേ ഉണരൂ നീ
കുഞ്ഞി കണ്ണുകള്‍ തുറന്നാട്ടെ
നേരം പുലരും നേരത്ത്
നീയീമട്ടു കിടന്നാലോ
ഓമനപ്പല്ലുകള്‍ തേക്കണ്ടേ
ഓമന മുഖവും കഴുകണ്ടേ
നീരാട്ടാടാന്‍ പോകണ്ടേ
നീല പൂമുടി കെട്ടേണ്ടേ
അച്ഛന്‍ തന്നൊരുടുപ്പിട്ട്
അമ്മ തൊടീക്കും പൊട്ടിട്ടു
നേഴ്സറി ക്ലാസ്സില്‍ പോകണ്ടേ
നേഴ്സറി പാട്ടുകള്‍ പാടണ്ടേ

ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ 


ഒന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍ ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു
രണ്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
രണ്ട്‌ ചെണ്ടുമല്ലി  ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
മുന്നാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
നാലാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി ,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
അഞ്ചാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെഞ്ചുള്ളി ,
ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ആറാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ആറു താറാവ്‌ ,അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,
രണ്ട്‌ ചെണ്ടുമല്ലി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ഏഴാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഏഴ് ഏത്തയ്ക്കാ , ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
എട്ടാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
എട്ടു ബൊട്ടിക്ക   ഏഴ് ഏത്തയ്ക്കാ ,ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,
മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി  , ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
ഒന്‍പതാം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
ഒന്‍പത് ചെമ്പഴുക്ക, എട്ടു ബൊട്ടിക്ക ഏഴ് ഏത്തയ്ക്കാ ,ആറു താറാവ്‌
അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,രണ്ട്‌ ചെണ്ടുമല്ലി ,
 ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.
പത്താം നാള്‍ ഉല്ലാസ യാത്ര പോയപ്പോള്‍
പത്തു മത്തങ്ങാ , ഒന്‍പത് ചെമ്പഴുക്ക, എട്ടു ബൊട്ടിക്ക ,ഏഴ് ഏത്തയ്ക്കാ ,
ആറു താറാവ്‌ അഞ്ച്‌ മഞ്ചാടി ,നാല്‌ നാരങ്ങാ ,മൂന്ന് മൂക്കുറ്റി ,
രണ്ട്‌ ചെണ്ടുമല്ലി ,ഒരു കുഞ്ഞാറ്റക്കിളിയെ ഞങ്ങള്‍ കണ്ടു.

മാമ്പഴം
ചക്കര മാമ്പഴംഒരു കാറ്റടിച്ചപ്പോളൊരു മാങ്ങ വീണപ്പോളൊരു പാടു പിള്ളേര-ങ്ങോടിചെന്നുന്തായിതള്ളായിതിക്കായി തിരക്കായിചക്കര മാമ്പഴംചപ്പിളി പിളിയായി

കരച്ചില്‍

അഞ്ചാറു മുട്ടകള്‍ 
പുന്നാര മുട്ടകള്‍
പുന്നാരി കോഴി 
അടയിരുന്നേ
ആമുട്ടയെല്ലാമേ
പൊട്ടിവിരിഞ്ഞതും
സന്തോഷം കൊണ്ട് 
മതി മറന്നേ 
പുന്നാര മുട്ടകള്‍
പൊട്ടിവിരിഞ്ഞത്
പുന്നാര കോഴികള്‍ 
അല്ലല്ലോ
താറാവിന്‍ കുഞ്ഞുങ്ങള്‍ 
നീന്തുവാന്‍ പോയപ്പോള്‍ 
പുന്നാരിക്കോഴി 
കരഞ്ഞുപോയേ

നിറങ്ങള്‍

പാലിനു നല്ല വെളുപ്പുനിറം
കാക്കകള്‍ക്കു കറുപ്പുനിറം
ഇലകള്‍ക്കെല്ലാം പച്ചനിറം
കൊന്നപ്പൂവിനു മഞ്ഞനിറം
ചെമ്പരത്തി ചുവപ്പുനിറം
ശംഖുപുഷ്പം നീലനിറം
ഏഴുനിറങ്ങളില്‍ മഴവില്ല്
കാണാനെന്തൊരു രസമാണ്!

അടിപിടി
ഏ ബി സി ഡി - അടിപിടി കൂടി
ഇ എഫ് ജി എച്ച് - അതിനൊടുകൂടി
ഐ ജെ കെ എല്‍ - അതു കണ്ടെത്തി
എം എന്‍ ഒ പി - അമ്മയൊടോതി
ക്യൂ ആര്‍ എസ് ടി - അച്ഛനറിഞ്ഞു
യൂ വി ഡബ്ലിയു - വടിയുമെടുത്തു
എക്സ് വൈ സെഡ് - അങ്ങടിയോടടിയാ‍യ്.

മേരിക്കുണ്ടൊരു കുഞ്ഞാട്

മേരിക്കുണ്ടൊരു കുഞ്ഞാട്
മേനികൊഴുത്തൊരു കുഞ്ഞാട്
പാല്‍നുരപോലെ വെളുത്താട്
പഞ്ഞികണക്കുമിനുത്താട്

തുള്ളിച്ചാടിനടന്നീടും
വെള്ളത്തിരപോല്‍ വെള്ളാട്
കിണുകിണിയെന്നു കിലുങ്ങീ‍ടൂം
കിങ്ങിണി കെട്ടിയ കുഞ്ഞാട്

മേരിയൊടൊത്തുനടന്നീടും
മേരിയൊടത്തവനുണ്ടീടും
മേരിക്കരികെയുറങ്ങീടും
മേരിയെണീറ്റാലെഴുന്നേല്‍ക്കും.

ഒരുനാള്‍ പള്ളിക്കൂടത്തില്‍
മേരിയൊടൊപ്പം കുഞ്ഞാടും
അടിവച്ചടിവച്ചകമേറി
അവിടെച്ചിരിതന്‍ പൊടിപൂരം

വെറിയന്മാരാം ചിലപിള്ളേര്‍
വെളിയിലിറക്കീ പാവത്തെ
പള്ളിക്കൂടപ്പടിവാതില്‍
തള്ളിയടച്ചവര്‍ തഴുതിട്ടൂ

പള്ളിക്കൂടം വിട്ടപ്പോള്‍
പിള്ളേരിറങ്ങിനടന്നപ്പോള്‍
മേരിവരുന്നതു കണ്ടപ്പോള്‍
ഓടിയണഞ്ഞൂ കുഞ്ഞാട് !



Thursday, 14 March 2013

രാവിലെ തോമാച്ചനെ കണ്ടപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഷേവ് ചെയ്ത വലതു കൈ ആണ്. ഞാൻ ചോദിക്കുന്നതിനു മുൻപേ പുള്ളി എന്നോട് പറഞ്ഞു. “ഇന്നലെ പോയി ആൻജിയോഗ്രാം ചെയ്തു. ഒത്തിരി പേടിച്ചാണു പോയത്. പക്ഷേ ദൈവം കാത്തു. പേടിച്ചപോലെ ഒന്നുമുണ്ടായില്ല.”  ആശുപത്രിയിൽ കഴിയുന്നതിന്റെ പ്രയാസം നന്നായി അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. 2007 മുതൽ ഇങ്ങോട്ട് 2012 വരെയുള്ള വർഷങ്ങൾ എടുത്താൽ ഞാൻ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളാണോ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളാണോ കൂടുതൽ എന്ന് പറയാൻ കഴിയില്ല. അച്ഛൻ, അമ്മ, ഭാര്യ , ഞാൻ ചുരുക്കത്തിൽ വീട്ടിലെ എല്ലാ ആൾക്കാരും മാറി മാറി ആശുപത്രികളിലായിരുന്നു താമസം. ചിലപ്പോൾ നമ്മൾ വളരെ സന്തോഷത്തോടയാകും ആശുപത്രിയിൽ പോകുക. ചിലപ്പോൾ ആകാംക്ഷയോടയും പ്രതീക്ഷയോടുകൂടിയും മറ്റ് ചിലപ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതെ നിസ്സംഗരായും. മിക്കവരും പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് ആഘോഷമായാണ്. അമ്മയുടെ കാൻസറിനു ചികിത്സതേടി അമ്മയെ ഒപ്പം കൂട്ടിയും അല്ലാതയും ആശുപത്രിയിൽ പോകുമ്പോഴും സ്ട്രോക്ക് വന്ന് വയ്യാതായ അച്ഛനേയും കൂട്ടി ഹോസ്പിറ്റലുകളിൽ പോകുമ്പോഴും അനുഭവിച്ച ടെൻഷനും നിസ്സഹാ‍യ അവസ്ഥയും പറഞ്ഞറിയിക്കുവാൻ പറ്റാത്തത്ര ഭീകരമായിരുന്നു. ആ സാഹചര്യങ്ങളിലും എന്നെ ചിരിപ്പിച്ച കുറെ സംഭവങ്ങൾ ആശുപത്രികളിൽ വച്ച് ഉണ്ടായിട്ടുണ്ട്.
                        അനിയത്തിയുടെ ആദ്യപ്രസവം ഞങ്ങളുടെ നാട്ടിൽത്തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വച്ചായിരുന്നു. ആദ്യമായി അച്ഛനായതിലും അതിലുപരി ആഗ്രഹം പോലെ ഒരു ആൺകുഞ്ഞിനെ കിട്ടിയതുകൊണ്ടും വളരെ സന്തോഷവാനായിരുന്നു അളിയൻസ്. ചെലവു ചോദിക്കുന്നവർക്കെല്ലാം ഒരു ലോഭവുമില്ലാത്ത ചെലവുകളും നടത്തി സന്തോഷം മറ്റുള്ളവരിലേക്കും പകർന്നുകൊണ്ടിരുന്ന അളിയനോട് കുഞ്ഞിനെ കാണാൻ വന്ന ഒരു സുഹ്രുത്ത് ചോദിച്ചു “ഹോസ്പിറ്റൽ സ്റ്റാഫുകൾക്ക് കാശ് കൊടുത്തായിരുന്നോ? അങ്ങനെ ഒരു പതിവുണ്ട്”. അളിയന് അതൊരു പുതിയ അറിവായിരുന്നു. പിന്നീട് മുറിയിൽ വന്ന എല്ലാ നേഴ്സുകൾക്കും ക്ലീനിംഗ് സ്റ്റാഫുകൾക്കും ലഡുവിനൊപ്പം ഇരുന്നൂറ് രൂപാകൂടി കൊടുത്താണ് പുള്ളി ആഘോഷിച്ചത്. അക്കൂട്ടത്തിൽ ആദ്യം ലഡുമാത്രം വാങ്ങിപ്പോയ ഒരു സ്ത്രീ അതുവഴി പോയപ്പോൾ അവർക്ക് പൈസ കൊടുക്കാനായി അളിയൻ അവരെ റൂമിലേക്ക് കയ്യാട്ടി വിളിച്ചു. കാര്യമറിയാതിരുന്ന അവർ  അളിയനോട് പറഞ്ഞു “എന്റെ സാറേ, ഞാൻ അത്തരക്കാരിഒന്നുമല്ല. അതൊക്കെ ഇവിടുള്ള ചില അവളുമ്മാര് വെറുതെ പറഞ്ഞൊണ്ടാക്കുന്നതാ!!”
                        ഡങ്കിപ്പനി പിടിച്ചപ്പോൾ ഡങ്കിയാണന്ന് അറിയാതെ ആദ്യം പോയത് അടൂരിലെ ഒരു ഹോസ്പിറ്റലിലാണു. വെള്ളാനകളുടെ നാടിലെ കുതിരവട്ടം പപ്പുവിനെ പോലയുള്ള ഒരു ഡോക്ടർ. എന്നും വിസിറ്റിനു വരുമ്പോൾ പുള്ളി പറയും “ഇപ്പ ശരിയാക്കിത്തരാം“ . കൂട്ടിരിക്കാൻ ഭാര്യ മാത്രം. പ്ലേറ്റ്ലെറ്റ് കൌണ്ട് കുറഞ്ഞ് നാൽ‌പ്പതിനായിരം ആയപ്പോഴേക്കും ആകെ ഫിറ്റായ ഒരു അവസ്ഥ. അബോധാവസ്ഥയിൽ രാത്രി ഏതാണ്ട് രണ്ട് മണിയായപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.. “ഒരു മിറിൻഡ കുടിക്കണം എന്നാലേ ശരിയാകൂ” ഈ പാതിരാത്രിയിൽ മിറിൻഡ വാങ്ങാൻ കടകൾ കാണില്ലെന്നും ഉണ്ടങ്കിൽ തന്നെ ഞാൻ തനിച്ച് എങ്ങനെ പോകും എന്നൊക്കെ ഭാര്യ പറഞ്ഞ് നോക്കി. അവസാനം എന്റെ വാശിക്കുമുന്നിൽ തോറ്റ ഭാര്യ പോയി മിറിണ്ടയും വാങ്ങി വന്നു. ഗ്ഗാസ്സിലേക്ക് ഒഴിച്ച് കുടിക്കാൻ തന്നപ്പോൾ ഭാര്യ പറഞ്ഞു “തണുത്തത് കിട്ടിയില്ല”. സാരമില്ല എന്നു പറഞ്ഞിട്ട് ഒരു കുപ്പി മുഴുവനും ഒറ്റയിരുപ്പിനു കുടിച്ചുതീർത്തിട്ടാണു ഞാൻ ഉറങ്ങിയത്. പിന്നീട് പത്ത് ദിവസം കിംസിലെ ഐ സി യു വാസം.വീട്ടിൽ മടങ്ങിയെത്തി കഴിഞ്ഞ് ഒരു ദിവസം ഈ സംഭവം ഭാര്യ എന്നോട് പറഞ്ഞപ്പോൾ എനിക്കാകെ വിഷമമായി.  “അന്ന് രാത്രി മിറിൻണ്ട എവിടെപ്പോയാണു  വാങ്ങിയത്?“ ഞാൻ ചോദിച്ചു. “അതിനാരു വാങ്ങാൻ പോയി? ആ മിറിൻണ്ട എന്റെ ബാഗിലിരുന്ന ചൂടുവെള്ളമായിരുന്നു”
                       ബൈൽ ഡക്ട് ട്യൂബിൽ സ്റ്റെന്റ് ഇട്ട് കഴിഞ്ഞ് അമ്മയെ കിംസിലെ “എംഐസിയു” വിൽ കിടത്തിയിരിക്കുകയായിരുന്നു. ഐ സിയു വിനു പുറത്ത് ഇട്ടിരിക്കുന്ന കസേരകളിൽ അകത്തുള്ള രോഗി കളുടെ ബൈ സ്റ്റാൻഡേഴ്സ് കാത്തിരിക്കണം. രോഗികളുടെ ആവശ്യങ്ങൾ അവരോടാണു നേഴ്സുകൾ പറയുക.  രാത്രി പത്ത് പതിനൊന്ന് മണിയാകുമ്പോഴേക്കും കാത്തിരുപ്പുകാർ കസേരവിട്ട് നിലത്ത് കിടക്കാൻ തുടങ്ങും. ഞാനും ചേച്ചിയുമായിരുന്നു അമ്മയുടെ ബൈ സ്റ്റാൻഡേഴ്സ്. കസേരയിൽ ഇരുന്നുറങ്ങിപ്പോയ ഞാൻ ഉണർന്നപ്പോൾ മണി പന്ത്രണ്ടര. നോക്കുമ്പോൾ ചേച്ചിയും കസേരയിൽ ഇരുന്നുറങ്ങുന്നു. ഞങ്ങളുടെ കസേരക്കുചുറ്റും ആളുകൾ നിലത്ത് കിടന്ന് ഉറങ്ങുന്നു. “കുടിക്കാൻ വെള്ളമുണ്ടോ?” ഞാൻ ചോദിച്ചു. ചേച്ചി ബാഗിൽ നിന്നും ഒരു ഫാന്റാ എടുത്തു തന്നു. തണുപ്പു മാറിയ ഫാന്റാ പതഞ്ഞ് പൊങ്ങാതിരിക്കാനായി പതിയെ അടപ്പു പിടിച്ച് തിരിച്ചു. ഫാന്റാ കുപ്പി “ശൂ” എന്ന് ശബ്ദം ഉണ്ടാക്കി. എന്റെ കസേരയുടെ അടുത്ത് കിടന്നവൻ ശബ്ദം കേട്ട് ഒന്നു കണ്ണു തുറന്ന് നോക്കി. അവന്റെ ഉറക്കം കളയണ്ട എന്ന് കരുതി കുപ്പി അടച്ചു വച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ വീണ്ടും കുപ്പിതുറന്നപ്പോൾ ഉണ്ടായ “ശൂ” കേട്ട് ഉണർന്ന  അവൻ എണ്ണീറ്റിട്ട് എന്നെ രൂക്ഷമായി ഒന്നു നോക്കി. “ചേട്ടാ, ഇത് അതല്ല” എന്നു ഞാൻ പറയുന്നതിനു മുൻപ്, മൂക്കും ചുളിച്ചുകൊണ്ട് അയാൾ വേറെ സ്ഥലത്ത് പോയി കിടന്നു.

Sunday, 10 March 2013

ദേഷ്യം മാറാൻ

“ഹൊ! വല്ലാത്ത ദേഷ്യക്കാരി തന്നെ”. എല്ലാ ആൾക്കാരും ഭാര്യയെകുറിച്ചങ്ങനെ പറയാൻ തുടങ്ങിയപ്പോഴാണു ഞാനും അത് ശ്രദ്ധിച്ചു തുടങ്ങിയത്. അതുവരെ ഞാൻ കരുതിയത് എന്നോട് മാത്രമേ ഇങ്ങനെ ദേഷ്യപ്പെടാറുള്ളു എന്നായിരുന്നു. അതും ശരിക്കുള്ള ദേഷ്യമല്ല. എന്നെ ശുണ്ഠിപിടിപ്പിക്കാനുള്ള അവളുടെ ഒരു പരിപാടി മാത്രമായിട്ടാണ് അതു തോന്നിയതും. അങ്ങനെ തോന്നാൻ ചില കാരണങ്ങൾ കൂടി ഉണ്ടായിരുന്നു. അവളുടെ ദേഷ്യപ്രകടനങ്ങൾ അങ്ങനെ ആയിരുന്നു. പല്ലു ഞറുമ്മുക. നിലത്ത് അമർത്തിച്ചവിട്ടൂക, ഞാൻ സമ്മാനമായി കൊടുത്ത സാധനങ്ങൾ എടുത്ത് എറിയുക. എന്റെ ഉടുപ്പിന്റെ കുടുക്കുകൾ വലിച്ചുപൊട്ടിക്കുക. എന്നെ നുള്ളി പരിക്കേൽ‌പ്പിക്കുക എന്നിവയായിരുന്നു ദേഷ്യപ്രകടനങ്ങൾ. ദേഷ്യത്തിന്റെ തോത് അനുസരിച്ച് അതുമാറുമെന്നു മാത്രം. ദേഷ്യം വന്നുതുടങ്ങുമ്പോൾ തന്നെ അവൾ കരയാനും തുടങ്ങുമായിരുന്നു. കരച്ചിലിന്റെ കൊടുമുടിയിൽ നിൽക്കുമ്പോഴും മൂന്നാമതൊരാൾക്ക് ഇങ്ങനെയൊന്ന് സംഭവിക്കുന്നതിനെ കുറിച്ച് ഒരു സംശയം പോലും നൽകാത്ത വിധത്തിൽ ചിരിച്ചുകൊണ്ടിടപെടുന്നത് കാണുമ്പോൾ എനിക്കാകെ കൺഫ്യൂഷൻ ആകും. ഇത് ശരിക്കുള്ള ദേഷ്യമാണോ അതോ കള്ള ദേഷ്യമാണോ.
                   ദേഷ്യം കാരണം ഏറ്റവും കൂടുതൽ കഷ്ടപ്പെട്ടതു അവളുടെ പാവം കുടയായിരുന്നു. കുടയെടുത്ത് നിലത്തെറിഞ്ഞായിരുന്നു ചെറിയ ദേഷ്യങ്ങൾ തീർക്കാറ്. ഒരു പത്ത് കുടവാങ്ങാനുള്ള കാശെങ്കിലും അതിന്റെ ചികിത്സക്കായി ചെലവാക്കിയിട്ടുണ്ടാകും. “ഇന്നെനിക്ക് ആ ഡ്രൈവർക്ക് രണ്ട് പൊട്ടീരുകൊടുക്കാൻ തോന്നി” എന്നു പറഞ്ഞപ്പോൾ എനിക്ക് ആകാംക്ഷ സഹിക്കാനായില്ല. സാധാരണയായി പെണ്ണുങ്ങൾ കണ്ടക്ടറേയും കിളിയേയും കുത്താനാണു സൂചി കൊണ്ട് നടക്കാറ്. ഇതിപ്പൊ എന്തിനാണാവോ ഡ്രൈവർക്കിട്ട് പൊട്ടിക്കുന്നത്? വല്ല മുൻ കാലവിരോധവും ആയിരിക്കുമോ എന്നൊക്കെ ആലോചിച്ചുകൊണ്ട് നിൽക്കുമ്പോൾ അവൾ പറഞ്ഞു. “അവന്റെ ഇഴഞ്ഞിഴഞ്ഞുള്ള ഒരു വണ്ടിഓടീര്“. ഹൊ! അപ്പോൾ അതായിരുന്നു കാര്യം. ഉത്സവത്തിനു പൊരിവെയിലത്ത് റോഡിലൂടെ എഴുന്നള്ളിച്ചുകൊണ്ട് പോകുകയായിരുന്ന ആനയെ തല്ലിയ ആനക്കാരനെ നോക്കി പല്ലിറുമ്മുന്നത് കണ്ടപ്പോൾ ഒരു ചെറിയപേടി എനിക്കും തോന്നി.   ഒരു തരത്തിൽ സമാധാനിപ്പിച്ച് കൂട്ടിക്കൊണ്ട് വരുന്നതിടക്ക് അവൾ പറഞ്ഞു. “പാവം ആന! ആ കമ്പെടുത്ത് അവനും രണ്ട്  കൊടുക്കണമായിരുന്നു. എന്നാലെ ഇവനൊക്കെ പഠിക്കൂ“.
                   അങ്ങനെ തൊട്ടതിനും പിടിച്ചതുനുമെല്ലാം ദേഷ്യപ്പെട്ട് പല്ലുഞറുമ്മി രണ്ട് പല്ല് കേടായപ്പോൾ അവൾ പറഞ്ഞു. “ഭയംങ്കര പല്ലു വേദന. രണ്ട് പല്ലിനു ആട്ടം ഉണ്ടന്നാണു തോന്നുന്നത്”.  എന്ത് പറ്റി? ഇനി പല്ലു ഞറുമ്മുന്നത് കൊണ്ടായിരിക്കുമോ? ഏതായാലും നമുക്ക് ഡോക്ടറെ കാണാം. ഞാൻ പറഞ്ഞു. ഡോക്ടറെ കണ്ടിട്ട് മടങ്ങി വരുന്ന വഴിക്കവൾ പറഞ്ഞു. “എനിക്കിപ്പോൾ മുപ്പത് പല്ലേയുള്ളു. ദേഷ്യം കാരണം എന്റെ രണ്ട് പല്ല് പോയി.” സാരമില്ല. സ്വയം പോയത് അല്ലേ. സാധാരണ ദേഷ്യക്കാരുടെ പല്ല് എടുക്കുന്നത് മറ്റുള്ളവരാണു. ഇനി ഇങ്ങനെ ദേഷ്യപ്പെടരുത്. ദേഷ്യം വന്നാലും പല്ല് ഞറുമ്മരുത്. ഞാൻ സമാധാനിപ്പിച്ചു. “മതി ഉപദേശം” വേദന കാരണം അവൾ അത്രയുമേ പറഞ്ഞുള്ളു.
               “താനൊരു കാര്യം ചെയ്യ്. അവളെ ആർട്ട് ഓഫ് ലിവിംഗിന്റെ ക്ലാസ്സിനു വിട്. ദേഷ്യമൊക്കെ തനിയെ മാറും.പണ്ടൊക്കെ എനിക്ക് എന്തൊരു ദേഷ്യമായിരുന്നു. കോഴ്സ് ചെയ്തതിനു ശേഷം എല്ലാം മാറി. ഇപ്പോ ഒരു ദേഷ്യവും ആരോടുമില്ല.” പ്രദീപ് ഇതു പറഞ്ഞപ്പോൾ എനിക്കും തോന്നി അതൊരു നല്ല ഐഡിയ ആണന്നു. “അതൊന്നും ശരിയാവില്ല. എനിക്കതൊന്നും ഇഷ്ടമല്ല.” ഭാര്യ പറഞ്ഞു. എടേ നമുക്കൊന്നു പരീക്ഷിച്ച് നോക്കാം. വിജയിച്ചാ‍ൽ ബാക്കി മുപ്പത് പല്ല് അവിടെ കാണുമല്ലോ. ഞാൻ ഉപദേശിച്ചു നോക്കി. “പോയാ പോട്ടന്നേ. എല്ലാം പറിച്ചു കളഞ്ഞിട്ട് വെപ്പുപല്ല് വക്കും” അവൾക്ക് പിന്നയും ദേഷ്യം വന്നു. “ഒന്നൂടെ ഒന്നാലോചിച്ച് നോക്ക്. നാളെ മുതലാണു ക്ലാസ്സ് തുടങ്ങുന്നത്. ഞാൻ പൈസാ കൊടുത്തു, കേട്ടോ“ ഞാൻ പറഞ്ഞു.  ആദ്യത്തെ ക്ലാസ്സ് കഴിഞ്ഞ് വന്നപ്പോൾ ഞാൻ ചോദിച്ചു “എങ്ങനെ ഉണ്ടായിരുന്നു? ”.  നല്ല രസമാ. മനസ്സിനു വല്ലാത്ത ഒരു സമാധാനം കിട്ടുന്നുണ്ട്. അവൾ പറഞ്ഞു. പിന്നീടുള്ള ദിവസങ്ങളിൽ വലിയ ഉത്സാഹമായിരുന്നു അവൾക്ക്. ക്ലാസ്സിനു പോകുന്നവരുടെ കൂട്ടത്തിൽ ചിരിച്ച് ബഹളം വച്ച് പോകുന്ന അവളെ കാണുന്നതുതന്നെ ഒരു സന്തോഷമായിരുന്നു. ക്ലാസ്സിന്റെ അവസാനത്തെ രണ്ട് ദിവസങ്ങളിൽ വൈകിട്ട് അഞ്ചുമുതൽ മെഡിറ്റേഷൻ ആണു. ക്ലാസ്സ് തീർന്നപ്പോൾ മണി ഒൻപതര. “ഒത്തിരി താമസിച്ചു. ഇന്നിനി എന്റെ വീട്ടിലോട്ട് പൊയ്ക്കോട്ടേ?” അവൾ ചോദിച്ചു. അവളെ വീട്ടിൽ കൊണ്ടുവിടാൻ പോയത് ക്ലാസ്സിനു പോകുന്ന ആൾക്കാർ എല്ലാവരും ചേർന്നാ‍യിരുന്നു. താമസിച്ച് വീട്ടിൽ ചെന്നതിനു അവൾക്കും ചെന്ന എല്ലാവർക്കും അവളുടെ അച്ഛന്റെ വക നല്ല വഴക്ക് കിട്ടി.
                 അടുത്ത ദിവസം എന്നെ കണ്ടപ്പോൾ പ്രകാശ് പറഞ്ഞു. “അവളുടെ അച്ഛനേയും അടുത്ത കോഴ്സിനു നമുക്കു വിടണം. പുള്ളിയും ഒരു ഭയങ്കര ദേഷ്യക്കാരനാ അല്ല്യോ? “ എനിക്ക് ഒന്നും മനസ്സിലായില്ല.നോക്കാം എന്ന് മാത്രം പറഞ്ഞു. കോഴ്സിന്റെ അവസാന ദിവസം എല്ലാവരും വീടുകളിൽ നിന്നും എന്തെങ്കിലും കഴിക്കാൻ കൊണ്ടു വരണം. അത് പങ്ക് വച്ച് കഴിക്കണം. ആൾക്കാരിൽ കൂട്ടായ്മ വളർത്താൻ ഗുരുജി കണ്ടെത്തിയ ഒരു മാർഗ്ഗം. അടുത്ത ദിവസം ക്ലാസ്സിനു പോകുന്ന ഭാര്യയെ കണ്ടപ്പോൾ എനിക്ക് അത്ഭുതം തോന്നി. കയ്യിൽ ഒരു വലിയ തൂക്കുപാത്രവുമൊക്കെ പിടിച്ച്. “എന്തായിത്” ഞാൻ ചോദിച്ചു. “പായസമാ, എ ഒ എൽ കൂട്ടുകാർക്ക് കൊടുക്കാനാ”  അവൾ പറഞ്ഞു. എന്താണന്നറിയില്ല. എനിക്കാകെ അരിശം വന്നു. “തനിക്ക് വേറേ പണിയൊന്നുമില്ലേ? പായസവും തൂക്കി നടക്കുന്നു” ഞാൻ പറഞ്ഞു. “കുശുമ്പാ, കുശുമ്പ്. കുശുമ്പിനും കഷണ്ടിക്കും മരുന്നില്ല. ഹൊ! ഇതു രണ്ടും ഉള്ള ഒരാളെ ആണല്ലോ എനിക്ക് കിട്ടിയത്.” അവൾ ചിരിച്ചുകൊണ്ടിതു പറഞ്ഞപ്പോൾ ഞാൻ അറിയാതെ മനസ്സിൽ പറഞ്ഞു. “ഈ ഗുരുജി ഒരു വലിയ കക്ഷി തന്നെ സമ്മതിക്കണം.“.  

Sunday, 3 March 2013

അലക്ക്

ഒരു ആൺകുട്ടിയുടെ ആദ്യ ഹീറോ അവന്റെ അച്ഛൻ ആണ് എന്ന ആഡിജ് എന്റെ കാര്യത്തിൽ വളരെ ശരിയാണ്. അച്ഛൻ തുണി കഴുകാറേ ഇല്ലായിരുന്നു. അച്ഛന്റെ തുണി കഴുകി തേച്ച് വക്കുക എന്നത് ആദ്യകാലങ്ങളിൽ അമ്മയുടേയും പിന്നീട് ചേച്ചി വലുതായപ്പോൾ ചേച്ചിയുടേയും ജോലി ആയിരുന്നു. ചേച്ചിയുടെ കല്യാണത്തിനുശേഷം ആ ജോലി അനിയത്തി ഏറ്റെടുത്തു.ഞാൻ ഒട്ടും ഇഷ്ടമില്ലാതെ ചെയ്യുന്ന പണികളിൽ ഒന്നാണു തുണികഴുകൽ. ചെറിയ കുട്ടി ആയിരിക്കുമ്പോൾ തന്നെ എന്റെ തുണികൾ ഞാൻ തന്നെ ആയിരുന്നു കഴുകാറ്. അപ്പച്ചിയുടെ കൂടെ താമസിച്ചു കൊണ്ടുള്ള സ്കൂൾ പഠന കാലത്ത് എല്ലാ ഞായറാഴ്ചയും ആയിരുന്നു തുണി കഴുകൽ. ഒരു ആഴ്ച മുഴുവൻ ഇട്ട ഉടുപ്പുകളും നിക്കറുകളും ആദ്യം വെള്ളത്തിൽ കുതിർത്ത് വക്കും. പിന്നീട് അപ്പച്ചി ഒരു ചെറിയ കട്ട സോപ്പു തരും. ഒപ്പം ഒരു മുന്നറിയിപ്പും. സോപ്പ് മുഴുവൻ ഉരച്ച് കളയരുത്. അതു പേടിച്ച് മിക്ക തുണിയും സോപ്പ് ഇടാതെ തന്നെ കഴുകാൻ അക്കാലത്ത് നല്ല വശമായിരുന്നു. പിന്നീട് സോപ്പ് പൊടി വാങ്ങാൻ തുടങ്ങിയപ്പോൾ അപ്പച്ചി ബക്കറ്റിൽ വെള്ളം നിറച്ച് അതിൽ കുറച്ച് സോപ്പ് പൊടി ഇട്ട് പതപ്പിച്ച ശേഷം വിളിക്കും. “നിന്റെ തുണിയെല്ലാം പെറുക്കി ആ ബക്കറ്റിൽ കൊണ്ടിട്. കുതിരട്ട്. വൈകിട്ട് കഴുകിയാൽ മതി.” എന്നാലും സോപ്പ് കട്ട ഇട്ട് ഉരച്ചെങ്കിൽ മാത്രമേ കഴുകിയതിന്റെ പൂർണ്ണത മനസ്സിനു തോന്നുമായിരുന്നുള്ളു.
                 അനിയത്തിക്ക് ജോലികിട്ടിയതിനു ശേഷം വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമായി. അക്കാലത്ത് എന്റെ ഷർട്ടുകളും മറ്റും അമ്മകഴുകാതിരിക്കുവാൻ വേണ്ടി അമ്മകാണാത്തിടത്ത് മാറ്റി ഇട്ടുവക്കും. പുക വലിക്കുമായിരുന്ന എന്റെ ഷർട്ടിന്റെ പോക്കറ്റിൽ മറന്നിടുന്ന സിഗററ്റുകൾ, സിഗററ്റിൽ നിന്നും പൊഴിഞ്ഞ് പോക്കറ്റിൽ വീഴുന്ന ചുക്ക മുതലായവ അമ്മ കാണുമോ എന്ന ഭയമായിരുന്നു അതിന്റെ പിന്നിൽ. ഒഴിവുള്ള ദിവസങ്ങളിൽ രാവിലെ അതുവരെയുള്ള എല്ലാതുണികളും എടുത്ത് തരം തിരിച്ച് പോക്കറ്റുകൾ വിശദമായി പരിശോധിച്ച് പോക്കറ്റുകൾ തട്ടിക്കുടഞ്ഞതിനു ശേഷം വിവിധ ബക്കറ്റുകളിലായി കലക്കി വച്ചിരിക്കുന്ന സോപ്പ് വെള്ളത്തിൽ ഇട്ട് വക്കും. അതു കാണുമ്പോൾ അച്ഛൻ പറയും “അങ്ങനങ്ങ് വച്ചേക്കാതെ ഇയാളത് ഇന്നുതന്നങ്ങ് കഴുകി ഇട്ടേക്കണം”. പക്ഷേ തുണി കഴുകാനുള്ള മടി കാരണം “നാളെ രാവിലെ കഴുകാം“ എന്ന് പറഞ്ഞ് കഴുകൽ മാറ്റിമാറ്റി വക്കുന്നതു മൂലം, ദിവസങ്ങളോളം സോപ്പ് വെള്ളത്തിൽ കിടക്കാനുള്ള ഭാഗ്യം എന്റെ തുണികൾക്ക് ഉണ്ടായിരുന്നു. ഇങ്ങനെ സോപ്പ് വെള്ളത്തിൽ  ദിവസങ്ങളോളം കിടക്കുന്നതുമൂലം മറ്റ് തുണികളുടെ നിറം ഇളകിപ്പിടിച്ച് വിവിധ നിറങ്ങളിലായ ബനിയനുകൾ, ഒരേ ഡിസൈനിലുള്ള കൈലികൾ , ചുണ്ടൻ വള്ളത്തിനെ ഓർമ്മിപ്പിക്കുന്ന, പാന്റ്സ് ഇട്ടില്ലങ്കിൽ ഊരി താഴെ വീഴുന്ന ജട്ടികൾ എന്നിവ എനിക്കുണ്ടായിരുന്നു.
                 ആളുകൾ ഓരോ തരത്തിലാണു വർത്തമാനം പറയുന്നതും കേൾക്കുന്നതും. അച്ഛൻ വളരെ ചുരുക്കി കാര്യം പറയുന്ന ഒരു ആളാണ്. അച്ഛനോട് വർത്തമാനം പറയുവാൻ ചെന്നാൽ കുറച്ച് സമയത്തിനുള്ളിൽ അച്ഛനു ബോറടിക്കും. “എന്നാൽ ഇനി ഇയാൾ പോയി വല്ല പുസ്തകവും എടുത്തുവച്ച് വായിക്കൂ” എന്നു പറഞ്ഞ് നമ്മളെ ഓടിക്കും വീടിനടുത്തുള്ള ഒരു പഴയ പോലീസുകാരനാണു ചന്ദ്രൻ പിള്ള ച്ചേട്ടൻ. ഏതാണ്ട് എഴുപത് വയസ്സോളം അന്ന് ഉണ്ടായിരുന്ന പിള്ളച്ചേട്ടന്റെ പ്രധാന വിനോദം ഏതെങ്കിലും വീട്ടിൽ പോയി കുറഞ്ഞത് നാലഞ്ച് മണിക്കൂറെങ്കിലും വർത്തമാനം പറഞ്ഞിരിക്കുക എന്നതാണു. മിക്കവാറും ആളുകൾ എല്ലാം തന്നെ പിള്ളച്ചേട്ടനെ കണ്ടാൽ ഓടി രക്ഷപ്പെടും. ഒരു ദിവസം ഉച്ചക്ക് രണ്ട് മണി ആയപ്പോൾ പിള്ളച്ചേട്ടൻ വീട്ടിൽ വന്നു. വന്നതാരാണന്നറിയാതെ മുന്നിൽ ചെന്നു ചാടിയ അച്ഛനെ കണ്ടതും പുള്ളിക്കാകെ സന്തോഷമായി. പുന്നെല്ലു കണ്ട എലിയെ പോലെ പിള്ളചേട്ടനും എലിക്കെണിയിൽ വീണ എലിയെ പോലെ അച്ഛനും. “രക്ഷപ്പെടാൻ എന്താണൊരു വഴി” അച്ഛൻ ടാവിൽ അമ്മയോട് തിരക്കി. അമ്മയുടെ ഐഡിയ പ്രകാരം അച്ഛൻ പിള്ളച്ചേട്ടനോട് പറഞ്ഞു.”ഇത്തിരി തിരക്കുണ്ട്. കുറച്ച് തുണി വെള്ളത്തിലിട്ട് വച്ചത് കഴുകാനുണ്ട്.” ജോലിയുണ്ടന്ന് കേൾക്കുമ്പോൾ പുള്ളി പോകുമെന്നായിരുന്നു അച്ഛന്റെ പ്രതീക്ഷ. പക്ഷെ നടന്നത് മറിച്ചാണ്. അച്ഛന്റെ ഒപ്പം പിള്ളചേട്ടനും അലക്കുകല്ലിനടുത്തേക്കു നടന്നു. അതിനടുത്തുള്ള മാവിൽ ചാരിനിന്നു. കഴുകാൻ ഞാൻ കുതിർത്തു വച്ചിരിക്കുന്ന തുണികൾ കണ്ട് പുള്ളി അന്തം വിട്ട് പറഞ്ഞു. “ഇതു കുറെ ഒണ്ടല്ലോ സാറെ. ഇതു മൊത്തവും കഴുകി ത്തീരുന്നതു വരെ എനിക്ക് നിക്കാൻ പറ്റില്ല. ആറുമണിക്ക് ഒരിടം വരെ പോകണം”. പാവം എന്റെ അച്ഛൻ. ജീവിതത്തിൽ ആദ്യമായി തുണി കഴുകിയ ദിവസം പഞ്ചാബി ഹൌസിലെ  ഹരിശ്രീ അശോകനെപ്പോലെ ഒത്തിരി തുണി കഴുകി. ഏതാണ്ട് നാലുമണിക്കൂറോളം. അതും പിള്ളച്ചേട്ടന്റെ കത്തിയും സഹിച്ചുകൊണ്ട്.

Monday, 18 February 2013

പൊടിക്കൈ

എല്ലാവർക്കും ഏറ്റവും എളുപ്പത്തിൽ ചെയ്യാൻ പറ്റൂന്ന ഒരു പൊടിക്കൈ ആണു ഇതു. ഇത് ചെയ്യുവാൻ വേണ്ടിയ വസ്തുക്കൾ. കുറച്ചു ഗോതമ്പ് പൊടി, ഒരു പരന്ന പാത്രം. ആദ്യം ഗോതമ്പ് പൊടി പരന്ന പാത്രത്തിൽ ഇടുക. എന്നിട്ട് വലതു കൈ ആ പൊടിയിൽ നന്നായി മുക്കുക. ഇത്രയും ചെയ്താൽ മതിയാകും. പൊടി "കൈ” തയ്യാർ. ഇതു തന്നെ കടല മാവ്, അരിമാവ് തുടങ്ങിയ പൊടികളിലും ചെയ്ത് നോക്കാവുന്നതാണു

പേടി

ഇന്നു ഞാ‍നും കുഞ്ഞുണ്ണിയും പല്ല് തേക്കുന്നില്ല. പല്ലൂ തേച്ചിട്ടേ ഉറങ്ങുന്നുള്ളു എന്നും പറഞ്ഞിട്ട് പോയ ഭാര്യ പൊടുന്നനെ ഇങ്ങനെ പ്രഖ്യാപിച്ചതു കേട്ടപ്പോൾ ഒന്നു ഉറപ്പായി. ഇനി ഇപ്പഴൊന്നും ഉറങ്ങാൻ പറ്റില്ല.ഒരു നല്ല ആയുധത്തിനായി തിരഞ്ഞു.കിട്ടിയതു പുൽച്ചൂലാണു. ഈർക്കിൽ ചൂലായിരുന്നു നല്ലതു. കഴിഞ്ഞ തവണ ഇങ്ങനെ ഒരു സാഹചര്യം വന്നപ്പോൾ കരുതിയതാണു ഒരു ഈർക്കിച്ചൂൽ വാങ്ങി വക്കണമെന്നു. പിന്നെ അതങ്ങ് മറന്നു. പുൽച്ചൂലുമെടുത്തുകൊണ്ട് ഭാര്യയുടെ അടുത്തേക്ക് ചെന്നു. വാഷ് ബേസിന്റെയും അതിനു മുകളിലായി ഉള്ള് കണ്ണാടിയുടേയും ഇടക്കിരിക്കുന്നു ഒരു ഭീകരൻ. ഒരു ചക്കക്കുരുവിന്റെ വലുപ്പമുള്ള ഉടലും നല്ല നീളമുള്ള കാലുകളുമുള്ള ഒരു കറുകറുത്ത ചിലന്തി. അവനെ പേടിച്ചിട്ട് ബ്രുഷ് എടുക്കാൻ പറ്റാത്തതിനാലാണു ഭാര്യ പല്ലൂതേക്കുന്നില്ല എന്നു തീരുമാനിച്ചത്. ചൂലും കൊണ്ട് ഞാൻ വരുന്നതു കണ്ടപ്പോഴേ ഭാര്യ പറഞ്ഞു. “അടിക്കുന്നതൊക്കെ കൊള്ളാം. കൊല്ലാതെ ഓടിച്ചു വിടരുത്.” ഒക്കെ നീ നോക്കിക്കോ എന്നു പറഞ്ഞിട്ട് പറ്റാവുന്ന അത്രയും അകലെ മാറി നിന്നു ഒരടി. ഇതൊക്കെ ഞാൻ എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ അടിയിൽ നിന്നും ഒഴിഞ്ഞുമാറി അതു വാഷ് ബേസിന്റെ കീഴിൽ ഒളിച്ചു. അടികൊണ്ട ചിലന്തി പ്രതികാരം ചെയ്യും എന്ന വിശ്വാസമുള്ള ഭാര്യ പെട്ടന്നു അടുത്ത മുറിയിലേക്ക് ചാടിക്കയറി. ഞാൻ പറഞ്ഞു “ചിലന്തി നമ്മളെ ഒന്നും ചെയ്യില്ല.” പണ്ട് പണ്ട് പണ്ട് ഞങ്ങളുടെ കുടുംബത്തിലെ ഒരു മുത്തശ്ശിയുടെ തലമുടിയിൽ ഒരു മുട്ടയുള്ള ചിലന്തി കയറി. ചിലന്തിക്കും കുഞ്ഞുങ്ങൾക്കും ഒന്നും പറ്റാതിരിക്കാൻ വേണ്ടി അമ്മൂമ്മ മുട്ട വിരിയുന്നതു വരെ മുടി കെട്ടുകയോ കുളിക്കുകയോ ചെയ്തില്ലത്രെ. അതിൽ സന്തുഷ്ടയായ ചിലന്തി ഭഗവതി അമ്മൂമ്മയോട് പറഞ്ഞു. ഇനി നിന്റെ കുടുംബ്ത്തിലുള്ള ആരേയും ചിലന്തി കടിക്കില്ല.അഥവാ കടിച്ചാൽ തന്നെ വിഷം ഏൽക്കില്ല. അതാണ് ഈ വിശ്വാസത്തിന്റെ കാരണം. ഇതൊക്കെ ആ ചിലന്തിക്ക് അറിയാമെന്നുറപ്പില്ലാത്തതുകൊണ്ട് ഞാനും ഭാര്യയോടൊപ്പം അടുത്ത മുറിയിലേക്ക് ചാടി.
                       നമ്മളിൽ മിക്ക ആളുകളും ഏതെങ്കിലും ഒരു ചെറിയ ജീവിയെ അകാരണമായി പേടിക്കുന്നവരാണു. ചിലർക്ക് പല്ലിയെ പേടിയാ‍ണു. ചിലർക്ക് പാറ്റയെ. ചിലന്തിയെ പേടിയുള്ളവരാണു മിക്ക ആളുകളും. ചിലന്തിപ്പേടിയുള്ളവരുടെ ഒരു സംഘടന ഉണ്ടാക്കിയാൽ അതിന്റെ പ്രസിഡന്റാക്കാൻ പറ്റിയ ആളാണ് എന്റെ ചേച്ചി. ഞങ്ങളുടെ പഴയ കുളിമുറിക്ക് ആസ്ബറ്റോസ് മേൽക്കൂരയായിരുന്നു. അതിന്റെ ഉത്തരത്തിലും ഭിത്തിയിൽ കിഴുത്ത ഇട്ട് ഉണ്ടാക്കിയ കിളിവാതിലിലും മറ്റൂം മിക്ക ദിവ്സങ്ങളിലും ചിലന്തി കയറി ഇരിക്കുന്നുണ്ടാവും. കുളിക്കുവാൻ കയറുന്നതിനു മുൻപ് ടോർച്ചൂമെടുത്തുകൊണ്ട് ഒരു വിശദമായ പരിശോധന നടത്തി ചിലന്തി ഇല്ലാ എന്നു ഉറപ്പ് വരുത്തിയതിനു ശേഷമേ ചേച്ചി കുളിക്കുവാൻ കയറാറുള്ളു. എവിടെ ഒളിച്ചിരിക്കുന്ന ചിലന്തിയേയും കണ്ടുപിടിക്കുവാൻ ഒരു പ്രത്യേക മിടുക്കുതന്നെയുണ്ട് ചേച്ചിക്ക്. ചിലന്തിയെ കണ്ടാൽ അതിനെ കൊല്ലാനായി എന്നയോ, അനിയത്തിയേയോ വിളിക്കും. അതിനെ കൊല്ലുന്നതിനു പകരമായി ഞങ്ങൾക്ക് ചില ഓഫറുകൾ തരും.ഇനി നിന്നെ ഇടിക്കില്ല. ആരും കാണാതെ അവിയൽ, ഉപ്പേരി, പപ്പടം മുതലായവ എടുത്തുതരാം. അങ്ങനെ പോകും വാഗദാനങ്ങൾ.  ഉള്ളിൽ ഭയം ഉണ്ടങ്കിലും അതൊന്നും പുറമേ കാണിക്കാതെ ചൂലുമെടുത്ത് കുളിമുറിയിലേക്ക് ചെല്ലും. ചൂലെടുത്ത് അടിക്കാൻ പറ്റാത്തിടത്താണങ്കിൽ കപ്പിൽ വെള്ളമെടുത്ത് ശക്തിയായി വീശി ചിലന്തിയെ പുറത്ത് ചാടിക്കുകയാണു ആദ്യ ജോലി. വെള്ളമൊഴിക്കുമ്പോൾ ചേച്ചി മുന്നറിയിപ്പുകളും നിർദ്ദേശങ്ങളും തന്നുകൊണ്ടേയിരിക്കും. “സൂക്ഷിച്ച്. നിന്റെ പുറത്ത് ചാടാതെ നോക്കിക്കൊ. കടിക്കും ഓടിക്കോ.” ചിലന്തി പുറത്ത് വന്നാലുടൻ സകല ശക്തിയുമെടുത്ത് ഒരടിയും ഒരു ഓട്ടവും ആണു. അടി കിട്ടിയ ചിലന്തി ചതഞ്ഞരഞ്ഞ് പോകുന്നത്രയും ഊക്കിലാണു അടി. ചിലന്തി ചത്തു എന്നു പറഞ്ഞാലൊന്നും ചേച്ചി വിശ്വസിക്കില്ല. വന്ന് നേരിൽ കണ്ട് ഉറപ്പുവരുത്തിയ ശേഷമേ കുളി തുടങ്ങു. ചേച്ചിയുമായി വഴക്കുണ്ടാകുമ്പോൾ, ഇടി കിട്ടി മടുക്കുമ്പോൾ, എവിടെ നിന്നെങ്കിലും ചത്തുണങ്ങിയ ചിലന്തിയെ എടുത്ത് ചേച്ചിയുടെ മേശക്കുള്ളിൽ കൊണ്ട് വക്കും. ഇത്രയും ചിലന്തിപ്പേടിയുള്ള ആളിനെ തോൽ‌പ്പിക്കുവാനുള്ള എളുപ്പവഴി.
                     കല്യാണത്തിനെ കുറിച്ച് പലർക്കും പല സ്വപ്നങ്ങളും ഉണ്ടാകും. “ദൈവമേ ചിലന്തിയില്ലാത്ത ഒരു വീട്ടിലേക്കായിരിക്കണമേ എന്നെ കല്യാണം കഴിച്ചുകൊണ്ട് പോകുന്നത്.“ എന്നായിരുന്നു ചേച്ചിയുടെ പ്രാർത്ഥന. പക്ഷേ “പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ പന്തവും കൊളുത്തി പട“ എന്നായി ചേച്ചിയുടെ അവസ്ഥ.
                       പിന്നീട് എപ്പോഴോ ഈ ചിലന്തിപ്പേടി എന്നിലേക്കും കടന്നുവന്നു. ചിലന്തിപ്പേടിയുള്ള  ലോകത്തിലെ ഒരേ ഒരു ആൺ എന്ന നിലക്ക് ഗിന്നസ് ബുക്ക് പ്രവേശനം ഉറപ്പായി എന്ന വിശ്വാസവും അക്കാലത്ത് എനിക്ക് ഉണ്ടായിരുന്നു. ഒരിക്കൽ ഓഫീസിലെ എന്റെ കസേരയുടെ അടുത്തുള്ള ജന്നലിൽ ഒരു പൊണ്ണൻ ചിലന്തി വന്നിരുന്നു. ഇനി എവിടിരിക്കും? ചിലന്തിപ്പേടി എങ്ങനെ ആൾക്കാരോട് പറയും? എന്നു വിഷമിച്ചിരുന്നപ്പോളാണു ഒരു ചങ്ങാതി,  ഷാദ്, അവിടെ വന്നത്. മടിച്ചിട്ടാണങ്കിലും ഷാദിനോട് കാര്യം പറഞ്ഞു. ഇപ്പൊ ശരിയാക്കിത്തരാം. അതിനെ കൊല്ലണ്ട. ഓടിച്ച് വിടാം എന്നു ഷാദ് പറഞ്ഞു. ശരി, ഓടിച്ച് പുറത്താക്കിയിട്ട് ജന്നൽ അടച്ചാൽ മതി എന്നു ഞാനും പറഞ്ഞു. ആദ്യം നൌഷാദ് അതിന്റെ അടുത്ത് ചെന്നു ശൂ ശൂ എന്നൊക്കെ ബഹളം വച്ചു. ചിലന്തിക്ക് ഒരു അനക്കവും ഇല്ല. പക്ഷേ ആ ധൈര്യം കണ്ട് ഞാൻ ഷാദിന്റെ ആരാധകനായി. എന്നാലിനി കുത്തിഓടിക്കാം എന്നു പറഞ്ഞ് ഒരു ന്യൂസ് പേപ്പർ എടുത്ത് കുഴലുപോലെ ചുരുട്ടി ഷാദ് ചിലന്തിയെ കുത്തി. കുത്തുകൊണ്ട ചിലന്തി പുറത്തേക്ക് ഓടുന്നതിനുപകരം പേപ്പർ കുഴലിനകത്തുകൂടി ഷാദിന്റെ പുറത്തേക്ക് ചാടി. പിന്നെ ഷാദിന്റെ അലർച്ച കേട്ട് ഓടിക്കൂടിയ ആൾക്കാർ ആ ചിലന്തിയെ കൊന്നു. അതോടെ എന്റെ ഗിന്നസ് ബുക്ക് സ്വപ്നവും തകർന്നു.
                       ചിലന്തിപ്പേടി ഇല്ലാതിരുന്ന അനിയത്തിക്കും ഇപ്പോൾ ചിലന്തിയെ പേടിയാണു.  ചിലന്തിപ്പേടി അവൾ മകനിലേക്കും പകർന്നു കൊടുത്തിരിക്കുന്നു. ആ നാലുവയസ്സൂകാരൻ എന്നോട് “അമ്മാവാ അങ്ങോട്ട് പോകല്ലേ. അവിടെ ഒരു ചിലന്തിയുണ്ട്” എന്നൊക്കെ പറയാറുണ്ട്. പക്ഷേ അവനു സ്പൈഡറിനെ പേടിയില്ല. ചിലന്തിയെയാണു പേടി. അവന്റെ സങ്കൽ‌പ്പത്തിലുള്ള ചിലന്തിയെ അവനിതുവരെ കണ്ടിട്ടില്ല. ആർക്കും ഒന്നും ചെയ്യാ‍ൻ പറ്റാത്ത എല്ലാവരേയും എന്തും ചെയ്യാൻ പറ്റുന്ന ഒരു ഭീകര സത്വമാണ് ചിലന്തി എന്നാണവന്റെ വിശ്വാസം. ഈ സ്പൈഡറും ചിലന്തിയും ഒന്നാണന്ന് അവനോട് പറയാൻ പോയപ്പോൾ അനിയത്തി പറഞ്ഞു. “അവനാകെ പേടി ചിലന്തിയെ മാത്രമാണ്. അതുകൂടി ഇല്ലാതാക്കല്ലേ..”