Wednesday, 18 July 2018

നളപാചകം

കുഞ്ഞുന്നാളിൽ മുതലേ എനിക്ക് പാചകം വളരെ ഇഷ്ടമായിരുന്നു. ഞാൻ പാചകം ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ലാത്ത ഒരാളായിരുന്നു എന്റെ അമ്മ. അമ്മ തീ ഊതാൻ ഉപയോഗിക്കുന്ന ഒരു ചെറിയ ഇരുമ്പുകുഴൽ വച്ച് തീ ഊതുന്നത് കുഞ്ഞുന്നാളിൽ എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു. കടന്നപ്പള്ളിയുടെ രൂപമുള്ള  ഒരു കസിൻ അമ്മക്കുണ്ടായിരുന്നു. ഇനി തീ ഊതിയാൽ എന്നെ പിടിച്ച് അയാൾക്കു കൊടുക്കുമെന്ന് പേടിപ്പിച്ചാണ് അമ്മ എന്റെ ഏറ്റവും വലിയ രസങ്ങളിലൊന്നിന്റെ കഥ കഴിച്ചത്.

വലിയ പാചകക്കാരൻ ഒന്നും അല്ലാതിരുന്നിട്ടും പാചകത്തിന്റെ പേരിൽ നാട്ടിൽ പ്രസിദ്ധനായ ഒരാളായിരുന്നു അയ്യപ്പൻ സാർ. സാറിന്റെ കല്യാണം കഴിഞ്ഞ പുതുമോടിയിൽ സുന്ദരിയായ പുതുപ്പെണ്ണ് ചില്ലിടാതെ പുട്ടുകുടത്തിൽ പുട്ടുണ്ടാക്കി. ഒരക്ഷരം മിണ്ടാതെ സാർ പുട്ടു കുടിച്ചു കൊണ്ടിരുന്ന സമയത്ത് സാറിനെ തിരക്കി വന്ന കൂട്ടുകാരോട് സാറിന്റെ അമ്മ സാർ പുട്ടുകുടിക്കുന്ന കാര്യം പറഞ്ഞു കൊടുത്തു. അതോടെ സാർ പുട്ടുസാറും സാറിന്റെ മക്കൾ കൊച്ചു പുട്ടുകളും ആയി.

രുചികരമായി ഭക്ഷണം ഉണ്ടാക്കുക എന്നത് ഒരു കല തന്നയാണ്. നളപാചകം എന്നൊക്കെ പറഞ്ഞ് നമ്മൾ പുകഴ്ത്താറുമുണ്ട് പലരേയും. വിഭവങ്ങളുടെ രുചിഭേദങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉള്ളതാണങ്കിൽ പ്രത്യേകിച്ചും. സഞ്ചയനത്തിൽ സ്പെഷ്യലൈസ് ചെയ്ത ഒരാളുണ്ട് ഞങ്ങളുടെ നാട്ടിൽ. സഞ്ചയന പ്രീയൻ എന്ന് നാട്ടുകാർ ഓമനിച്ച് വിളിക്കുന്ന രാമചന്ദ്രൻ. ( പേരിൽ ചെറിയ മാറ്റം) സഞ്ചയനത്തിന്റെ പാചകം രാമചന്ദ്രന്റേതാണങ്കിൽ അന്ന് നാട്ടുകാർ പരേതാത്മാവിനെ ഓർത്ത് കണ്ണുതുടക്കുകയും മൂക്ക് ചീറ്റുകയും ചെയ്യുമെന്നുള്ളത് ഉറപ്പായ കാര്യം. "എന്റെ സഞ്ചയനത്തിനു പാചകം ചെയ്യാൻ അവനെ വിളിക്കരുത്." അച്ഛൻ പറയുമായിരുന്നു. "അവനെയാണു വിളിക്കുന്നതെങ്കിൽ സഞ്ചയനത്തിനു വരുന്നവരെല്ലാം എന്നെ കുറിച്ചായിരിക്കില്ല,  അവന്റെ അച്ഛനെക്കുറിച്ചാവും പറയുക." സഞ്ചയനത്തിനു പാചകം ചെയ്യുന്ന വിഭവങ്ങളിലെല്ലാം പരേതാത്മാവ് കിടന്നുരുളും എന്നാണു വിശ്വാസം. ആരുടെയെങ്കിലും സഞ്ചയനത്തിനു പോകുമ്പോൾ അമ്മ പറയുമായിരുന്നു “കഴിക്കാനൊന്നും നിൽക്കണ്ട. ആത്മാവ് കിടന്നുരുണ്ട ആഹാരമാണത്.” ഇത് കാരണം മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്താൽ ‘കഴിക്കാതെ‘ കഴിച്ചു എന്നു ആളുകളെ വിശ്വസിപ്പിച്ച് മുങ്ങാറായിരുന്നു പതിവ്. അച്ഛന്റേയും അമ്മയുടേയും ആത്മാക്കൾ അങ്ങനെ കിടന്നുരുണ്ട് പൊള്ളലേക്കാതിരിക്കാനായി അവരുടെ സഞ്ചയനത്തിന്റെ വിഭവങ്ങൾ പുറത്തുനിന്നും വരുത്തുകയായിരുന്നു.

അമ്മയുണ്ടാക്കുന്ന അത്രം, ചക്കക്കുരു മെഴുക്കുപുരട്ടി , അവിയൽ, പുളിശ്ശേരി തുടങ്ങിയവ എല്ലാം ഞങ്ങൾ മക്കൾക്ക് ഏറ്റവും പ്രീയപ്പെട്ടവ ആയിരുന്നു. ഒട്ടും ഇഷ്ടമല്ലാത്ത ഒരാൾ അച്ഛനും. എനിക്ക് ഓർമ്മയായതിൽ പിന്നെ അച്ഛനും അമ്മയും ഒരിക്കലും മുടക്കിയിട്ടില്ലാത്ത ഒന്നായിരുന്നു ദിവസവും രാത്രിയിൽ ചടങ്ങു പോലെയുള്ള  ഒരു വഴക്ക്. വഴക്കിന്റെ കാരണവും സ്ഥിരം . മോശം കൂട്ടാനുകൾ. അത്താഴം കഴിച്ച് തീരുമ്പോഴേക്കും അമ്മയുടെ വീട്ടുകാരേയും അച്ഛന്റെ വീട്ടുകാരേയും കൂടി വഴക്കിൽ കൊണ്ടിട്ട് ആഘോഷമാക്കി കൊട്ടി കലാശം ഗംഭീരമാക്കും. അന്നൊക്കെ ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു. ഇത്ര നല്ല കൂട്ടാനുകൾക്ക് എന്തിനാണച്ഛനിങ്ങനെ കുറ്റം പറയുന്നതെന്ന്.  പക്ഷേ പറയാറില്ലായിരുന്നു. പക്ഷേ ഇന്ന് ഞാൻ  കൂട്ടാനുകൾക്ക് ഒട്ടും രുചി ഇല്ലന്നും അമ്മയുടെ കൂട്ടാനുകൾക്ക് ആയിരുന്നു രുചി എന്നും പറയുമ്പോൾ കുഞ്ഞുണ്ണിയും കുബിയും ഉടൻ തന്നെ അതിൽ  ഇടപെട്ട്  എന്നെ തിരുത്തും. "ഈ അച്ഛനെന്താ? ഇത്രയും രുചിയുള്ള കൂട്ടാനുകൾക്ക് വെറുതെ കുറ്റം പറയല്ലേ അച്ഛാ." അവരുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും നല്ല കുക്ക് അവരുടെ അമ്മയാണ്.

എല്ലു ഡോക്ടർ

"എന്ത് പറ്റി ഗോപാൽജി?"
ബേക്കറിയിൽ ചായ കുടിക്കുന്നതിനിടെയാണ് ഗോപാൽജിയെയും ഭാര്യയേയും കണ്ടത്. കൈ പ്ലാസ്റ്ററിട്ടിട്ടുണ്ട്.
"അപ്പൊ ഒന്നും അറിഞ്ഞില്ല അല്ല്യോ?"
ഇല്ല.  ഞാൻ പറഞ്ഞു
"ഓ ഒരുത്തൻ വാലുകൊണ്ടൊരു തട്ടുതട്ടിയതാ."
വാലുകൊണ്ടോ?
"അതേന്നേ. ഞാൻ ബൈക്കിലിങ്ങോട്ട് വരുവായിരുന്നു. എന്റെ സ്പീട് അറിയാമല്ലോ. അങ്ങേയറ്റം മുപ്പത്. ഓവർട്ടേക്ക് ചെയ്ത കെ എസ് ആർ ടി സി സൂപ്പർ ഫാസ്റ്റ് വാലും കൊണ്ടൊരു തട്ട്. ഹെൽമറ്റ് ഉണ്ടായതു കാരണം ജീവൻ തിരിച്ചു കിട്ടി."
ഭാഗ്യം. ഞാൻ പറഞ്ഞു
"ഇവിടായതു കൊണ്ടും പരിചയമുള്ള ആളുകൾ ആയതു കൊണ്ടും അപ്പഴേ പൊക്കി ഗവൺമെന്റ് ആശുപത്രിയിൽ കൊണ്ടുപോയി. കൈക്ക് ഫ്രാക്ചർ മൂന്ന് വിരലുകളും ഒടിഞ്ഞു. "
"ഇപ്പൊ ഉള്ള എല്ലു ഡോക്ടർ മിടുക്കനാ. " എന്റെ പൊതു വിജ്ഞാനം പങ്കുവച്ചു
"മിടുക്കിന്റെ കാര്യം തോനെ പറയാതിരിക്കുന്നതാ ഭംഗി. " ഗോപാൽജിയുടെ ഭാര്യ പറഞ്ഞു.
"എന്താ എന്തു പറ്റി?" എന്റെ ജി.കെ തെറ്റിയോ?
"ഓപ്പറേഷന്റെ അന്ന് രാവിലെ പുള്ളിയെ ചെന്നൊന്ന് കാണണമെന്നൊരു നേഴ്സ് പറഞ്ഞു. കാണാൻ ചെന്നപ്പോൾ പുള്ളി പറഞ്ഞു "എന്റെ ഫീസ് മൂവായിരം ആണന്നറിയാമല്ലോ. പിന്നെ സ്റ്റീൽ കമ്പി വേണം. അതിന് 6000 ആകും."
"സാറേ അത് വാങ്ങിച്ചു തന്നാൽ മതിയോ?"
"വാങ്ങിച്ചോണ്ട് വരുന്ന കമ്പി നിങ്ങള് തന്നെ ഇട്ടോണം" 
കയ്യിലുണ്ടായിരുന്ന 8500 കൊടുത്തിട്ട് കരഞ്ഞു പറഞ്ഞു "സാറേ 500 പിന്നെ തരാം."
"എന്നാ ഓപറേഷനും പിന്നെ ചെയ്യാം." വളരെ പരുഷമായ മറുപടി.
"അത് കേട്ട് ഞാൻ കരഞ്ഞുപോയി. " ഗോപാൽജിയുടെ ഭാര്യ പറഞ്ഞു നിർത്തി

"എന്റെ ചിറ്റപ്പന്റെ മോൻ സർജിക്കൽസ് നടത്തുന്ന കാര്യം അറിയത്തില്യോ? അവനോട് സ്റ്റീൽ കമ്പിയുടെ വില ചോദിച്ചപ്പോ ഏറ്റവും കൂട്ടിയത് 1800 ന് കിട്ടും എന്ന് പറഞ്ഞു. അതിന് അയാൾ 6000 വാങ്ങിച്ചു. ഈ പൈസാ ഒക്കെ വാങ്ങിച്ചാലും പേഷ്യന്റിന്റെ മുഖത്ത് നോക്കി ഒന്ന് ചിരിക്കത്തുപോലുമില്ല." 
ഗോപാൽജിക്ക് ദേഷ്യം സഹിക്കാൻ പറ്റുന്നില്ല.

ഞങ്ങളുടെ വർത്തമാനം കേട്ടുകൊണ്ടിരുന്ന ഒരാൾ അയാളുടെ അനുഭവം പങ്കുവച്ചു.
എന്റെ വീട്ടിൽ ജോലിക്ക് വരുന്ന ചേച്ചി മുട്ടു വേദന കാരണം പുള്ളിയെ വീട്ടിൽ ചെന്നു കണ്ടു. ഒരു ഗുളിക എഴുതിയിട്ട് "ഇത് കഴിച്ചിട്ട് നാളെ വരാൻ പറഞ്ഞു ". 200 രൂപയും വാങ്ങിച്ചു. പിറ്റേന്ന് ചെന്ന് വേദന കുറവില്ലന്ന് പറഞ്ഞപ്പോൾ അയാള് വേറൊരു ഗുളിക എഴുതിയിട്ട് ഇത് കഴിച്ചു നോക്കാൻ പറഞ്ഞു. ചീട്ടും വാങ്ങി ഇറങ്ങാൻ തുടങ്ങിയ അവരോട്
"അങ്ങനങ്ങ് പോകുവാണോ? പൈസാ തരണം എന്നറിയത്തില്ലേ? " എന്ന് ഡോകടർ. ഇന്നലെ തന്നായിരുന്നു എന്ന് പറഞ്ഞ ഉടനെ പുള്ളിക്കാരൻ അവരുടെ കയ്യിൽ നിന്നും ചീട്ട് തിരികെ വാങ്ങി നുള്ളിക്കീറി ചവറ്റു കൊട്ടയിലിട്ടു. അവര് കരഞ്ഞോണ്ടാ അവിടുന്നിറങ്ങിയത്.

അയാളുടെ കാര്യം ഒന്നും പറയണ്ട. എന്റെ മോൾടെ കാലൊടിഞ്ഞപ്പോ രൂപാ ആറായിരമാ അയാൾ വാങ്ങിച്ചത്. കൂട്ടത്തിൽ ഞങ്ങടെ ജാതിയെ കുത്തി ഒരു പറച്ചിലും "നിങ്ങക്കൊക്കെ എല്ലാം ഫ്രീ അല്ലേ? ഒരു പൈസയും ഒരിടത്തും കൊടുക്കണ്ടായല്ലോ. ലാപ്ടോപ്പ് വരെ ഫ്രീയായിട്ട് കിട്ടിയില്ലേ ഇപ്പോ?"
"നമ്മളോടേ ഒള്ളമ്മേ ഈ ഗൗരവമൊക്കെ " അവരുടെ മോൾ പറഞ്ഞു. "ഓപ്പറേഷൻ തീയറ്ററിന്റെ അകത്ത് എന്തൊരു ജോളിയാണന്നറിയാമോ. ഹെഡ് ഫോൺ വച്ച് പാട്ടൊക്കെ കേട്ട്, നഴ്സിനോട് നാളെ നീ എനിക്ക് കപ്പയും മീനും കൊണ്ടുത്തരണം എന്നൊക്കെ പറഞ്ഞോണ്ട് ചെളളക്ക് ഒക്കെ തട്ടി. ഡോക്ടർ തീയറ്ററിനുള്ളിൽ കയറിയാൽ വലിയ കുസൃതിക്കാരനാ''

"എന്നിട്ട് നിങ്ങൾ പരാതി പറയാഞ്ഞതെന്താ?" 
എന്റെ സംശയത്തിന്റെ മറുപടി പറഞ്ഞത് ആ അമ്മയാണ്.

"പറഞ്ഞന്നേ."  നേതാവിനോട് പോയി പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു "പുള്ളിയുടെ വീടു പണി ഒക്കെ നടക്കുവാ. അതു കൊണ്ടായിരിക്കും. പിന്നെ അദ്ദേഹത്തിനു പാർട്ടികളിലൊക്കെ വലിയ പിടിയാ. നിങ്ങള് ഒരു കാര്യം ചെയ്യ്. പോയി ഒരു കേസ് കൊടുക്ക് "


സുന്ദരിപ്പൂച്ച

'നമ്മൾ വൈകിട്ട് വീട്ടിൽ തിരിച്ചെത്തുന്നതും കാത്ത് ഇരിക്കുന്ന ആരെങ്കിലും ഉണ്ടാവുക എന്നത് വലിയൊരു സന്തോഷം തരുന്ന അനുഭവമാണ്. അച്ഛന്റ മരണത്തിനു ശേഷം ഞങ്ങൾ വരുന്നതും  കാത്തിരിക്കാൻ ആരുമില്ലന്ന അവസ്ഥക്ക് അന്ത്യം കുറിച്ചത് എവിടുന്നോ വന്ന ഒരു സുന്ദരി പൂച്ചയാണ്. വൈകിട്ട് ഞങ്ങളെയും കാത്ത് മുറ്റത്തിന്റെ നടുക്കവളങ്ങനെ ഇരിക്കും. നേരത്തെ വരുന്ന ദിവസങ്ങളിൽ ചുറ്റും ഓടിനടന്ന് സന്തോഷം  പ്രകടിപ്പിക്കും. താമസിച്ചു വരുന്ന ദിവസങ്ങളിൽ മുറുമുറുക്കുകയും ദേഷ്യത്തിൽ ദൂരെ മാറിയിരിക്കുകയും ചെയ്യും. പൂച്ചയെ ഇഷ്ടമല്ലാത്ത ഭാര്യക്ക് പൂച്ചയുടെ നോക്കിയുള്ള ആ ഇരിപ്പ് കാണുമ്പോഴേ ദേഷ്യം വരും. "ചക്കിയാ. ഇനി ഇത് നാട്ടിലുള്ള സകല പൂച്ചകളേയും വിളിച്ചു വരുത്തും. ഓടിച്ചു വിട്ടേക്കണം." 
"അച്ഛാ അമ്മ കുളിക്കാൻ കേറി, വാ നമുക്കാ പൂച്ചക്ക് ബിസ്കറ്റ് കൊടുക്കാം " "അച്ഛാ അമ്മ ഉറങ്ങി, നമുക്കാ പൂച്ചക്ക് ചോറു കൊടുക്കാം" അങ്ങനെ ഭാര്യ അറിയാതെ ഞാനും എന്റെ ലഫ്റ്റനന്റുകളും കൂടി പൂച്ചയെ വളർത്താൻ തുടങ്ങി. ഭാര്യയുടെ മുന്നിൽ എങ്ങനെ ആയിരിക്കണം, അല്ലാത്തപ്പോൾ എങ്ങനെ എന്ന കാര്യത്തിൽ പൂച്ചക്കും നല്ല ധാരണ വന്നു. ഭാര്യ അടുത്തുള്ളപ്പോൾ ഒരു പരിചയവും ഇല്ലാത്തതുപോലെ നടക്കുന്ന ചക്കി, ഒറ്റക്ക് ഞങ്ങളെ കാണുമ്പോൾ ബിസ്കറ്റിനായി കരയുകയും മുതുക് വളച്ചും കുമ്പിട്ടും സ്നേഹം കാണിക്കുകയും ചെയ്യും. കാര്യങ്ങൾ അങ്ങനെ ഭംഗിയായി നടക്കുകയായിരുന്നു. പക്ഷേ ഭാര്യ പറഞ്ഞതുപോലെ ചക്കി അവളുടെ യഥാർത്ഥ സ്വഭാവം പുറത്തെടുത്തു. അവൾ വിളിച്ചു കൊണ്ടുവന്ന കൂട്ടുകാരന് മോൾ ദാമു എന്ന് പേരിട്ടു. തട്ടിൻപുറത്തും ചിമ്മിനിയുടെ മുകളിലും മുറ്റത്തെ നാരകത്തിന്റെ ചില്ലയിലും എല്ലാം ഇരുന്ന് അവൾ ആടിപ്പാടി അലറിക്കൂവി മധുവിധു ആഘോഷിച്ചു. അവളുടെ ഉറക്കെയുള്ള അലറലുകൾ കേട്ട കുട്ടികൾ ചക്കിയെ ദാമു കടിച്ചു കൊല്ലുകയാണന്ന് തെറ്റി ധരിച്ചു. മധുവിധു ഒക്കെ കഴിഞ്ഞ് ദാമു പതിയെ സ്ഥലം വിട്ടു. വീർത്ത വയറും താങ്ങിപ്പിടിച്ച് ചക്കി, പശു ഒഴിഞ്ഞ എരുത്തിലേക്ക് താമസം മാറ്റി. ഗർഭിണി ആയതോടെ ചക്കിക്ക് ഒരു പാത്രവും രാവിലയും രാത്രിയിലും  ആഹാരവും അനുവദിച്ച് ഭാര്യയുടെ ഓർഡറും ഇറങ്ങി.. ഓണാവധി തുടങ്ങുന്നതിന് കുറച്ച് ദിവസം മുൻപ് ചക്കി രണ്ടു കുട്ടികളുടെ അമ്മയായി. പോസ്റ്റ് ഡെലിവറി ബ്ലൂസ് ചക്കിയുടെ കാര്യത്തിൽ വ്യത്യസ്തമായിരുന്നു. മുൻപ് അടുത്തു പോലും വരാത്ത ചക്കി ഇപ്പോൾ എന്റെ കയ്യിൽ ഇരിക്കുന്ന ബിസ്കറ്റ് തട്ടിപ്പറിക്കാൻ നോക്കും. ഭാര്യ കാണും എന്ന പേടിയൊക്കെ അവൾ തോട്ടിൽ കളഞ്ഞു. ആരെങ്കിലും എരുത്തിലിലോട്ട് നോക്കിയാൽ ഉടൻ തന്നെ കുട്ടികളെയും പുറത്തിറക്കി ഓരോരോ കളികൾ കാണിക്കും. ഇതൊക്കെ കാണുന്ന ഭാര്യ പറയും " ഇളക്കം കണ്ടില്ലേ, പൂച്ചയുടെ ഒരു നട്ട് ഇളകിപ്പോയന്നാണ് തോന്നുന്നത് "
ഉത്രാടത്തിന്റെ അന്ന് ബിസ്കറ്റ് കൊടുത്തു കൊണ്ടിരുന്നപ്പോൾ ചക്കിയുടെ മാന്ത് കൊണ്ട് എന്റെ കൈവിരൽ നീളത്തിൽ മുറിഞ്ഞു. പിന്നെ കുറച്ച് ദിവസം ചക്കി വീണ്ടും കരഞ്ഞു വിളിച്ചു നടന്നു. ഒരു പ്രസവത്തിന്റെ ക്ഷീണം മാറിയില്ല. പുച്ചക്ക് വീണ്ടും സൂക്കേട് തുടങ്ങി. പൂച്ചയെ ഇഷ്ടമല്ലാത്ത ഭാര്യ ചക്കിയെ അടച്ചാക്ഷേപിച്ചു. മൗനം വിദ്വാന് ഭൂഷണം എന്ന തത്വത്തിൽ അടിയുറച്ച് വിശ്വസിച്ച് ഞാനും കുട്ടികളും വിദ്വാന്മാരായി. ഓണാവധി കഴിഞ്ഞു തിരക്കായതോടെ ചക്കിയെ ഞങ്ങൾ മറന്നു. ചക്കി ഞങ്ങളേയും. ഏകദേശം ഒന്നര മാസത്തിനു ശേഷം വീട്ടിലിരുന്ന ഒരു ദിവസം ബിസ്കറ്റുമായി ചക്കിയേയും തിരക്കി എരുത്തിലിൽ ചെന്ന ഞങ്ങൾ കണ്ടത് ചത്തുണങ്ങിക്കിടക്കുന്ന ചക്കിയേയും കുട്ടിപൂച്ചകളേയും ആണ്. ഒരു നിമിഷം എന്റെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. "അമ്മേ ചക്കി ചത്തൂ". പൂച്ച ചത്ത കാര്യം പറഞ്ഞതും ഭാര്യ കരച്ചിൽ തുടങ്ങി. കാര്യമറിയാതെ പേടിച്ച് വിറച്ച് എന്റെ മക്കളും.
അപ്പോൾ തന്നെ ചാങ്കൂരുള്ള ഗവ. ഹോസ്പിറ്റലിൽ പോയി. ഡോക്ടർ എല്ലാം കേട്ടിരുന്നു. മുറിഞ്ഞായിരുന്നോ? ചോര വന്നായിരുന്നോ? സോപ്പിട്ട് മുറിവ് ഒഴുക്കു വെള്ളത്തിൽ കഴുകിയോ? എത്ര നാളായി?തുടങ്ങി ഒരു പാട് ചോദ്യങ്ങൾ ചോദിച്ചു. നിങ്ങളൊക്കെ ഇങ്ങനെ കാണിക്കാൻ തുടങ്ങിയാൽ എന്തു ചെയ്യും. അന്നു തന്നെ വന്ന് ഇൻഞ്ചക്ഷൻ എടുക്കണ്ടായിരുന്നോ. ഒരു കാര്യം ചെയ്യാം. ആദ്യ ഡോസ് ഇപ്പൊ എടുക്കാം. താലൂക്ക് ആശുപത്രിയിലേക്ക് റഫർ ചെയ്യാം. ഇപ്പൊ തന്നെ പോയി കാണണം. താലൂക്ക് ആശുപത്രിയിൽ പോയി ഡോക്ടറെ കണ്ടു. "എനിക്കൊന്നും പറയാനില്ല. എന്തായാലും രണ്ടു മാസത്തിനുള്ളിൽ രണ്ടിലൊന്നറിയാം. ഉറക്കക്കുറവോ പനിയോ തൊണ്ടവേദനയോ വന്നാൽ വന്ന് അഡ്മിറ്റാകണം" വിദഗ്ദ്ധ ഉപദേശം കേട്ട ഭാര്യ കരച്ചിലിനിടക്ക് എന്നോട് പറഞ്ഞു. "എന്തെങ്കിലും സംഭവിച്ചാൽ പിള്ളാരേയും കൊല്ലും. ഞാനും ചാവും" മക്കൾക്കും എന്തൊക്കയോ മനസ്സിലായി. അച്ഛന് എന്തോ വലിയ പ്രശ്നമാണന്നും അച്ഛനും ചിലപ്പോൾ പൂച്ചയെപ്പോലെ ചത്തുപോകുമെന്നും അതിനാണ് അമ്മ കരയുന്നതെന്നും കുഞ്ഞുണ്ണി കുബിക്ക് പറഞ്ഞു കൊടുത്തു. ആരിൽ നിന്നൊക്കയോ കിട്ടിയ വിദഗ്ദ്ധ ഉപദേശപ്രകാരം പിന്നീട് ഞങ്ങൾ നേരെ കോട്ടയം മെഡിക്കൽ കോളജിലെ റാബിസ് ക്ലിനിക്കിൽ പോയി. വളരെ നല്ല സമീപനമായിരുന്നു അവിടെയുള്ള ഡോക്ടർമാരുടേത്. പേടിക്കാൻ ഒന്നുമില്ലന്നും കുഴപ്പമൊന്നും വരില്ലന്നും ആ ഇഞ്ചക്ഷൻ നാലെണ്ണവും മുടങ്ങാതെ എടുത്താൽ മതിയെന്നും അവർ ഭാര്യയോട് പറഞ്ഞു. "ഉറക്കക്കുറവോ പനിയോ തൊണ്ടവേദനയോ വന്നാൽ വന്ന് അഡ്മിറ്റാകണം" എന്ന് ഭാര്യ കേൾക്കാതെ എന്നോടും പറഞ്ഞു. മലയാറ്റൂർ രാമകൃഷ്ണന്റെ അനിയൻ പേവിഷബാധയേറ്റ് മരിച്ചതിനെ കുറിച്ച് അദ്ദേഹം എഴുതിയത് ആണ് മനസ്സിൽ ആദ്യം ഓടിയെത്തിയത്. പേ ഇളകി കഴിഞ്ഞാൽ ഇടക്കിടക്ക് ബോധം വന്ന് സാധാരണ പോലെ ആകും. വീണ്ടും വെപ്രാളങ്ങൾ കാണിക്കും എന്നൊക്കെ അദ്ദേഹം എഴുതിയിട്ടുണ്ടായിരുന്നു. ഏറിയാൽ ഇനി ഞാനും രണ്ടു മാസം കൂടി മാത്രം എന്ന തിരിച്ചറിവ് വളരെ ഭീകരമായ ഒരു മാനസിക അവസ്ഥയാണ് എനിക്കുണ്ടാക്കിയത്. ഞാനില്ലങ്കിൽ എന്റെ കുട്ടികൾ സുരക്ഷിതരായിരിക്കുമോ, അവർ പിന്നീട് എന്നെ ഓർക്കുമായിരിക്കുമോ ഇങ്ങനെ പലവിധ ചിന്തകൾ മനസ്സിനെ അലട്ടികൊണ്ടിരുന്നു. ഞാൻ ഉറങ്ങി എന്നു തോന്നിയാൽ ഭാര്യ വന്ന് പനിയുണ്ടോ എന്ന് നോക്കും. ചൂടുണ്ടാവാതിരിക്കാൻ ഭാര്യ കാണാതെ എന്നും ഓരോ പാരസെറ്റാ മോൾ 500 കഴിച്ചിട്ട് കിടക്കും.  മൂന്നാമത്തെ ഇഞ്ചക്ഷൻ കഴിഞ്ഞപ്പോൾ മുതൽ ഉറക്കം ഇല്ലാതെയായി. രാത്രി മുഴുവൻ ഉണർന്നു കിടക്കും. ഡോക്ടറോടു പറഞ്ഞപ്പോൾ valume 3 എഴുതി തന്നു. കാണുന്നതെല്ലാം മനോഹരമായി തോന്നിയ ദിവസങ്ങൾ. കേൾക്കുന്നതെല്ലാം രസകരമായി തോന്നിയ ദിവസങ്ങൾ. കുട്ടികളെ കഴിവിന്റെ പരമാവധി ലാളിച്ച ദിവസങ്ങൾ. നാലാമത്തെ ഇഞ്ചക്ഷനും ബൂസ്റ്റർ ഡോസും കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. ഇനി പേടിക്കാനൊന്നുമില്ല. അത് കേട്ടപ്പോഴും ഭാര്യ കരഞ്ഞു. കുഞ്ഞുണ്ണി പിന്നീട് കുറേ നാൾ പറയുമായിരുന്നു. "ഏതെങ്കിലും ഒരു പൂച്ച വന്ന് അച്ഛനെ വീണ്ടും മാന്തിയിരുന്നെങ്കിൽ നമുക്ക് ഇഷ്ടം പോലെ ഐസ് ക്രീമും ചോക്ലേറ്റും കഴിക്കാമായിരുന്നു. വഴക്കും കേൾക്കണ്ടായിരുന്നു."

രണ്ടാം ക്ലാസ്സ്

അച്ഛനെ ടീച്ചർ തിരക്കുന്നുണ്ട്.?
എന്തിനാടാ?
വഴക്കു പറയാനായിരിക്കും?
വഴക്കോ? എന്തിന്?
ഞാൻ സംശയം ചോദിച്ചു. അതിന്.
എന്തായിരുന്നു നിന്റെ സംശയം?
ഹിന്ദിയിലാ. അച്ഛന് ഹിന്ദി അറിയത്തില്ലല്ലോ.
എന്നാലും നീ പറ. ഞാൻ ആരോടെങ്കിലും ചോദിച്ചിട്ട് പറയാം.
എന്നാൽ ചോദിക്കട്ടെ.?
ചോദിക്ക്.
അച്ഛാ, ഇക്ക എന്നു പറഞ്ഞാൽ ചേട്ടൻ എന്നല്ലേ അർത്ഥം?
അതേ. ഇതായിരുന്നോ നിന്റെ സംശയം?
അച്ഛാ, ഈ "ങ" മാത്രം എന്താ ഇക്ക ആവാഞ്ഞെ?
ഇക്കയോ?
അതേ. ടീച്ചർ പറഞ്ഞു "ക" ഇക്ക, "ഗ" ഇക്ക, "ങ". അപ്പോൾ ഞാൻ ഇക്ക എന്നു ബാക്കി പറഞ്ഞു. 
അന്നേരം ടീച്ചർ എന്തു പറഞ്ഞു?
അച്ഛൻ ടീച്ചറെ പോയി കാണണം ങ ഇക്ക ആണോന്ന് അച്ഛനോട് പറയാം എന്നു പറഞ്ഞു.
.....................
അച്ഛാ നാളെ ഗ്രേഡ് കാർഡ് വാങ്ങാൻ വരണം എന്ന് ടീച്ചർ പറഞ്ഞു.
കൊഴപ്പമാകുമോ മോനേ? 
ഒരു പ്രശ്നവും ഇല്ല. എനിക്ക് എല്ലാത്തിനും ബി കിട്ടിയില്ലേ. 
ബാക്കി കുട്ടികൾകൊ?
അവർക്കൊന്നും ബി കിട്ടിയില്ല. എനിക്കു മാത്രമാണിങ്ങനെ കിട്ടിയത് എന്ന് ടീച്ചർ പ്രത്യേകം പറഞ്ഞു.
ഇതു കേട്ടതും അവന്റെ അമ്മ ചാടി വീണു. കണ്ടോ കണ്ടോ, ഞാനെപ്പോഴും പറയാറില്ലെ എന്റെ വീട്ടുകാരുടെ ബുദ്ധിയാണവന് കിട്ടിയതെന്ന്.
പിന്നെ ടീച്ചർ  പറഞ്ഞതെന്താണന്നറിയാമോ അമ്മേ? ഇത്രയും മിടുക്കനായ മോന്റെ അച്ഛനേയും അമ്മയേയും എനിക്കൊന്ന് കാണണമെന്ന്.

സ്കൂളിൽ
മാഡം,, ഗ്രേഡ് കാർഡ് വാങ്ങാൻ വന്നതാണ്.
ഞാൻ ഇവന്റമ്മയെ നോക്കിയിരിക്കുകയായിരുന്നു. ഒരു വക എഴുതില്ല, പഠിക്കില്ല, ഇവനൊഴിയെ എല്ലാ കുട്ടികൾക്കും എ പ്ലസ് ആണ്. അടുത്ത ടേമിലും ഇതാണങ്കിൽ ടി സി തന്നു വിടും.

വൈകിട്ട് വീട്ടിൽ
ഉറങ്ങിയോ
ഇല്ലടെ, പറയടെ
പിന്നെ രാവിലെ ഞാനൊരു കാര്യം പറഞ്ഞില്ലായിരുന്നോ
എന്തുവാടെ?
മോന്റെ ബുദ്ധി എന്റെ വീട്ടുകാരുടെയാണെന്ന്? അത് ഞാൻ തിരിച്ചെടുത്തു. അവന് അവന്റെ അച്ഛന്റെ ബുദ്ധിയാ.
എന്താടെ ഇപ്പൊഴിങ്ങനെ തോന്നാൻ?
ഗ്രേഡ് കാർഡ് വാങ്ങാൻ പോയപ്പോൾ അവന്റെ ടീച്ചർ പറഞ്ഞതാ.

....................
അച്ഛാ നാളെ സ്കൂളിൽ വരുമ്പോൾ എന്റെ ടീച്ചറെ ഒന്ന് ശ്രദ്ധിക്കണം?
എന്തിനാടാ?
ടീച്ചർ കല്യാണം കഴിച്ചതാണന്നാ തോന്നുന്നത്.
എന്താ മോനേ അങ്ങനെ തോന്നാൻ?
നേരത്തെ ചാടി ഓടി നടന്ന ടീച്ചർ ഇപ്പൊ പതുക്കെ ഇങ്ങനെയാ നടക്കുന്നത്. (രണ്ടു നടത്തയും നടന്നു കാണിക്കുന്നു)
ചിലപ്പൊ ടീച്ചറിനു കാലു വേദനയായിരിക്കും മോനെ.
ഏയ് അതൊന്നുമല്ല. ടീച്ചറിന്റെ വയറ്റിൽ ഒരു കുഞ്ഞുവാവ ഉണ്ടന്നാ തോന്നുന്നത്.
ഇതൊക്കെ ആരാ മോനേ പറഞ്ഞു തന്നത്?
ഏഞ്ചലാ പറഞ്ഞത്. കല്യാണം കഴിഞ്ഞാൽ വയറ്റിൽ കുഞ്ഞുവാവ വരും. അപ്പൊ ഇങ്ങനെ പതുക്കയെ നടക്കത്തൊള്ളു. ശരിയാണോ അച്ഛാ?
ആ. എനിക്കറിയില്ല. നീ ഹോം വർക്ക് വല്ലതും ഉണ്ടേൽ ചെയ്യ് മോനേ.
അറിയത്തില്ലങ്കിൽ വേണ്ട. അച്ഛന്  ആ ടീച്ചറുടെ വയറ് വീർത്തിട്ടുണ്ടോ എന്നൊന്ന് നോക്കി പറയാൻ പറ്റുമോ? എനിക്ക് കൂട്ടുകാരോട് പറയാനാ.

അങ്ങനെ ഒന്നാം ക്ലാസ്സ് കഴിഞ്ഞു. മേയ് 31 മുതൽ രണ്ടാം ക്ലാസ്സിൽ.

തിരിച്ചറിവ്

തിരിച്ചറിവ്

"പെട്ടന്ന് ഒന്നിങ്ങോട്ട് വരാമോ?" വളരെ പരിഭ്രാന്തിയോടു കൂടിയായിരുന്നു ആ വിളി .
എന്താടെ?
"ഇങ്ങോട്ടു വാ. എല്ലാം വന്നിട്ട് പറയാം"
ശബ്ദം കേട്ടിട്ട് കരയുന്നുണ്ടോ എന്നൊരു സംശയം.. ഒരു പത്ത് മിനുട്ടു കൊണ്ട് അവളുടെ വീട്ടിൽ ചെന്നു. കരഞ്ഞു കലങ്ങിയ മുഖം. ഒന്നും പറയാതെ അവൾ കാറിൽ കയറിയിരുന്നു. എന്താണ് കാര്യം എന്നൊന്നും തിരക്കാതെ എങ്ങോട്ടാണന്ന്  മാത്രം ചോദിച്ചു.
"ഹോസ്പിറ്റലിൽ പോകാം."
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു
എന്ത് പറ്റി?
"ഒരു ബ്ലീഡിംഗ് പോലെ "
സാരമില്ലന്നേ, ഇന്നലെ ബീറ്റ്റൂട്ട് വല്ലോം ഒത്തിരി കഴിച്ചായിരുന്നോ?
"കഴിച്ചില്ല., ഇതതല്ല. എനിക്ക് പേടിയാകുന്നു"
വീണ്ടും കരയാൻ തുടങ്ങിയ ഭാര്യയോട് ഒന്നും പറയാൻ തോന്നിയില്ല.  എന്റെ മനസ്സിലും അകാരണമായ ഒരു ഭയം ഉരുണ്ടുകൂടി തുടങ്ങിയിരുന്നു. ടെൻഷൻ വരുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ മനസ്സിൽ നമ:ശ്ശിവായ  ജപിച്ചു. ഒന്നും ഉണ്ടാവില്ലന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
നമ്മുടെ ഭാഗ്യം. ഡോക്ടർ അന്നമ്മ ഉണ്ട്. ഞാൻ പറഞ്ഞു
ഡോക്ടർ എല്ലാം വിശദമായി തിരക്കി. 
ഓട്ടോയിൽ കയറിയായിരുന്നോ? ബൈക്കിൽ കയറിയോ? ഒത്തിരി നേരം നിന്നോ? പ്രൊജസ് ട്രോൺ മുടക്കിയില്ലല്ലോ? പിന്നയും എന്തൊക്കയോ ചോദിച്ചു. പിന്നെ തിരിഞ്ഞ് എന്നോട് പറഞ്ഞു
പേടിക്കണ്ട കാര്യമൊന്നും ഇല്ല. ഇതിപ്പൊ മാസം നാലാവാൻ പോകുവല്ലേ. ആദ്യ മൂന്നു മാസമാണ് പേടിക്കണ്ടത്. പിന്നെ ബ്ലീഡിംഗ്, അത് ചെറിയ തോതിൽ മിക്കവർക്കും ഉണ്ട്. എന്തായാലും നിങ്ങൾ ഇന്നിവിടെ കിടക്ക്. നമുക്ക് ഒന്ന് സ്കാൻ ചെയ്ത് നോക്കാം. 
മലപോലെ വന്ന ഒന്ന് എലിപോലെ പോയ സമാധാനമായിരുന്നു അപ്പോൾ.
ഞാനപ്പോഴെ പറഞ്ഞില്ലെ കുഴപ്പം ഒന്നും കാണില്ലന്ന്
"എന്തായാലും വന്നത് നന്നായി. അതുകൊണ്ട് ആ ടെൻഷൻ അങ്ങ് മാറിയല്ലോ" ഭാര്യ പറഞ്ഞു.
ഈ മുറിയേ ഒഴിവുള്ളു. മറ്റന്നാൾ ഐ വി എഫ് നടക്കുന്ന ദിവസം ആയതു കൊണ്ട് മുറിയെല്ലാം ഫില്ലാ. നേഴ്സ് പറഞ്ഞു.
ഏറ്റവും മുകളിലത്തെ നിലയിലെ നല്ല ചൂടുള്ള മുറി. ഫാൻ കാറ്റ് തീക്കാറ്റ് പോലെ. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. ഇന്ന് ഒത്തിരി ഒപി. ഇപ്പഴാ കഴിഞ്ഞത്. സ്കാനിംഗ് റൂമിലേക്ക് വരാമോ?
സ്കാനിംഗ് കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. 
നമുക്ക് ഒന്നു രണ്ട് ബ്ലഡ്‌ ടെസ്റ്റുകൾ കൂടി ചെയ്യണം. 
എന്തേലും കുഴപ്പം?
നമുക്ക് നോക്കാം. എന്ന് പറഞ്ഞ് അവർ നടന്ന് നീങ്ങി. 
എന്റെ ആകാംക്ഷ കാരണം ബ്ലഡ് എടുക്കാൻ വന്ന സിസ്റ്ററിനോട് സംശയം ചോദിച്ചു.
എന്തിനാ സിസ്റ്ററേ ഈ ബ്ലഡ്‌ ടെസ്റ്റ് ?
അതൊക്കെ ഡോക്ടർ പറയും. ഞങ്ങൾക്ക് അതിനുള്ള ശമ്പളം ഒന്നും ഇവിടുന്നു തരുന്നില്ല.
കാണാൻ ഇത്തിരി ഭംഗി കുടുതലുള്ളതിന്റെ ഗമയാണോ അതോ കാശ് പോരാന്നുള്ള തോന്നലാണോ എന്തോ. എന്തായാലും അരിശം തീർക്കാൻ ഒരാളെ കിട്ടിയപ്പോൾ അവർ അത് മുഴുവൻ പറഞ്ഞു തീർത്തു. 
റിസൾട്ട് എപ്പൊ അറിയാം സിസ്റ്ററെ?
നിങ്ങള് ലാബിൽ പോയി ചോദിക്ക്. എന്ന് പറഞ്ഞിട്ട് ആ മാലാഖ അമർത്തിച്ചവിട്ടി കടന്നു പോയി.
ആ സ്റ്റൈതസ്കോപ്പ് കൂടി കൊണ്ടുവരണ്ടതായിരുന്നു.
രാത്രിയിൽ ഹോസ്പിറ്റലിൽ കിടന്നപ്പോൾ വെറുതെ ഓർത്തു. മൂന്നാമത്തെ മാസത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. കോളടിച്ചല്ലോ. പുത്രനാണ്.
എന്നിട്ട് സ്റ്റെത്ത് ഭാര്യയുടെ വയറ്റത്ത് വച്ച് ഇയർ പിന്നുകൾ എന്റെ ചെവിയിൽ തിരുകിയിട്ടവർ ചോദിച്ചു.
"ഇയാൾക്ക് അവന്റെ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ടല്ലോ, അല്ലേ?" 
എന്തക്കയോ ഗുളു ഗുളു ശബ്ദം ആണ് ഞാൻ കേട്ടത്. പക്ഷേ അത് വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നി. അങ്ങനെയാണ് ഒരു സ്റ്റെതസ്കോപ്പ് വാങ്ങിച്ചത്. 
രാവിലെ തന്നെ ഡോക്ടർ വന്നു.
ഇത്തിരി പ്രശ്നം ആണ്. കുഞ്ഞിന്റെ വളർച്ച കുറഞ്ഞിരിക്കുന്നു. ഇന്ന് ഒന്നുകൂടി ബ്ലഡ് ടെസ്റ്റ് ചെയ്യണം. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു. പറ്റുന്ന വഴിപാടുകൾ എല്ലാം നേർന്നു. സിസ്റ്റർ വന്നു. ബ്ലഡ് എടുത്തു. വൈകിട്ട് ഡോക്ടർ വീണ്ടും വന്നു. 
കുഞ്ഞിന്റെ വളർച്ച നിലച്ചിരിക്കുന്നു. അബോർട്ട് ചെയ്യുന്നതാണ് നല്ലത്. അല്ലങ്കിൽ യൂട്രസിന് ഇൻഫക്ഷൻ ഉണ്ടാവും. ഒരു മൂന്നു ഗുളികകൾ കഴിക്കണം. ഒരെണ്ണം വജൈനൽ ഇൻസേർഷനും ചെയ്യണം. ഒൻപത് മണി വരെ ഞാനുണ്ടാവും. ഒരു ഫോമും സൈൻ ചെയ്തു തരണം.
ചില കാര്യങ്ങൾ അങ്ങനെയാണ്. ഒരിക്കൽ ചെയ്തു പോയാൽ പിന്നെ ഒരിക്കലും തിരുത്താൻ പറ്റില്ല. മരിക്കാൻ വേണ്ടി ഉയരത്തിൽ നിന്നും താഴേക്ക് ചാടുന്ന ഒരാൾക്ക് വീഴ്ച്ചക്കിടയിൽ വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ലാത്ത പോലെ. അബോർട്ട് ചെയ്യാനുള്ള മരുന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. കഴിച്ച് കഴിയുമ്പോൾ ഡോക്ടർ വന്ന് "റിസൾട്ട്  മാറിപ്പോയി " എന്ന് പറഞ്ഞാലോ? പരിചയമുള്ള ഡോക്ടർമാർക്കൊക്കെ റിസൾട്ട് അയച്ചു കൊടുത്തു. എല്ലാവർക്കും ഒരേ അഭിപ്രായം.
വിങ്ങിക്കരഞ്ഞുകൊണ്ട് ഭാര്യ ഗുളിക കഴിച്ചു. എല്ലാം കഴിഞ്ഞ്  ഐ സി യു വിൽ നിന്നും പുറത്തിറങ്ങിയപ്പോഴും അവളുടെ കരച്ചിൽ മാറിയിരുന്നില്ല.
"എന്റെ മോനെ ഞാൻ കണ്ടു. ഒരു മനുഷ്യ കുഞ്ഞിന്റെ രൂപം ആയി വരുന്നതേ ഉള്ളായിരുന്നു. പാവം എന്റെ മോൻ "
എന്റെ അഗാധ നിദ്രകളിൽ ഇപ്പോഴും അവൻ വരാറുണ്ട്. 
"എന്നാലും ആ ഗുളികൾ അമ്മക്ക് കൊടുക്കുന്നതിന് മുൻപ് അച്ഛന് ഒന്നു കൂടി ആലോചിക്കാമായിരുന്നു" എന്ന് കരഞ്ഞോണ്ട് പരാതി പറയുന്ന മോനായിട്ടും "സാരമില്ലച്ഛാ, എല്ലാരും പറഞ്ഞിട്ടല്ലേ, ഒക്കെ ഓരോ വിധിയാണ് " എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്ന മോനായിട്ടും . എന്നെ വല്ലാതെ അലട്ടുന്ന സ്വപ്നങ്ങളായിട്ടു കൂടി അവ വീണ്ടും വീണ്ടും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലങ്കില്ലും ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയൊരാളെ സ്വപ്നത്തിലെങ്കിലും കാണിച്ചുതരുന്ന ദൈവത്തിനോട് നന്ദി അല്ലാതെ മറ്റെന്താണ് പറയുക.

ലിട്ടു

കള്ളന്മാർ കയറിക്കഴിഞ്ഞതിന്റെ അടുത്ത ദിവസമാണവനും അവന്റെ കൂട്ടുകാരനും കൂടി വീട്ടിൽ വന്നത്. വീടിനു ചുറ്റും നടന്നു നോക്കിയതിനു ശേഷം അവർ മുറ്റത്ത് റമ്പൂട്ടാന്റെ ചുവട്ടിൽ വന്നു കിടന്നു. പട്ടി വന്നു കയറിയാൽ എന്താണ് ഫലം എന്ന് ജോതിഷഭൂഷണം വലിയ പഞ്ചാംഗത്തിൽ നോക്കി കണ്ടു പിടിച്ച ഭാര്യക്ക് ആകെ ടെൻഷനായി.
"ആ പട്ടികളെ ഓടിച്ചു കളഞ്ഞേക്കണം. പട്ടി വന്നു കയറിയാൽ എന്താ കുഴപ്പം എന്നറിയാമോ?"
എന്തു കുഴപ്പം?
" ഇതൊന്ന് വായിച്ചു നോക്ക്. ഇതിൽ എന്താ പറഞ്ഞേക്കുന്നത് എന്നറിയാമോ? പട്ടി വന്നു കയറിയാൽ ആകെ കുഴപ്പമാ. ഞാൻ പറഞ്ഞില്ലാന്നു വേണ്ട." ഭാര്യ ജ്യോതിഷ പുസ്തകത്തിലെ പേജ് കാണിച്ചോണ്ടു ചോദിച്ചു. 
പട്ടി യമധർമ്മൻ ആണന്നും വന്നു കയറിയാൽ ഒരാളേയും കൊണ്ടേ പോകൂ എന്നും എഴുതി വച്ചതു കണ്ട് സ്വയം പേടിക്കുകയും എന്നെ പേടിപ്പിക്കാൻ നോക്കുകയും ചെയ്യുകയാണ് എന്റെ വാമഭാഗം.
"അമ്മേ ലിട്ടുവിനേയും ലോസിനേയും ഓടിക്കണ്ടമ്മേ. പാവം ലിട്ടു. അവിടെ കിടന്നോട്ടമ്മേ." മോൾ പട്ടികളോടുള്ള അനുകമ്പ പ്രകടിപ്പിച്ചു.
"ങാഹാ പെണ്ണതിനിടക്ക് വന്നു കേറിയ പട്ടികൾക്ക് പേരും ഇട്ടല്ലോ. ഇനി ഞാനൊന്നും പറയുന്നില്ല. വരുന്നതെല്ലാം അച്ഛനും മക്കളും കൂടി അനുഭവിച്ചോണം. എന്നെ ഒന്നിനും വിളിച്ചേക്കരുത്"
ഒരു ബിസ്കറ്റ് കഷ്ണം പോലും പ്രതിഫലം ആഗ്രഹിക്കാതെ അവൻ,ലിട്ടു, അവന്റെ സേവനം ആരംഭിച്ചു. വളരെ വ്യത്യസ്തമായ ആ പേര് അവൻ സസന്തോഷം സ്വീകരിച്ചു. ദൂരെ എവിടെ എങ്കിലും നിന്നാൽ പോലും ലിട്ടൂ എന്നൊന്നു വിളിച്ചാൽ ഓടിവരും. മറ്റു പട്ടികൾ കോമ്പൗണ്ടിനുള്ളിൽ കയറാതെ നോക്കിയ അവൻ പിന്നെ പിന്നെ ആരെങ്കിലും വന്നാൽ കുരച്ച് ആളുകൾ വരുന്ന കാര്യം വിളിച്ചു പറയാൻ തുടങ്ങി. പറമ്പിൽ കയറി വിറകൊടിക്കാൻ വരുന്നവരേയും കമ്പിളി പുതപ്പ് വിൽക്കാൻ വരുന്ന ബംഗാളികളേയും കുരച്ച് ഓടിക്കാൻ തുടങ്ങിയതോടെ വിറകിനെ സ്നേഹിക്കുന്ന, ബംഗാളികളെ ഇഷ്ടമല്ലാത്ത ഭാര്യയും അവനെ ഇഷ്ടപ്പെടാൻ തുടങ്ങി. കുറേ നാളുകളായി വളർത്തു ജീവികൾ ഒന്നും ഇല്ലാതിരുന്ന വീടിനെ ലിട്ടു എന്ന വയസ്സൻ പട്ടി അവനാലാവും വിധം ഉഷാറാക്കി. ആഹാരം കൃത്യമായി കിട്ടി തുടങ്ങിയതോടു കൂടി ലിട്ടുവിന്റെ സ്വഭാവം പതിയെ മാറി തുടങ്ങി. അപരിചിതരെ കണ്ടാൽ കുരക്കുക മാത്രം ചെയ്തിരുന്ന അവൻ ആളുകളെ കടിക്കാൻ ഓടിക്കാനും തുടങ്ങി. ഒരു മുൻകൂർ ജാമ്യം എന്ന നിലക്ക് വീട്ടിൽ വരുന്ന ആളുകളോടെല്ലാം ഇത് ഞങ്ങളുടെ  പട്ടിയല്ല എന്ന് ഞങ്ങൾ എടുത്തു പറഞ്ഞു. കടി കിട്ടിയാൽ ഞങ്ങൾ ഉത്തരവാദികൾ അല്ല എന്നു പറയാതെ പറഞ്ഞൊപ്പിച്ചു. 
ലിട്ടുവിനെ കണ്ടോ? ഭാര്യ ചോദിച്ചു.
എന്തിനാടെ?
ഈ മീൻ കഴുകിയ വേസ്റ്റ് കൊടുക്കാനാ.
അവൻ ദേ റോഡിൽ നിൽക്കുന്നു.
ഞാൻ ലിട്ടു വിനെ ഭാര്യക്ക് കാണിച്ചു കൊടുത്തു.
ലിട്ടൂ ലിട്ടൂ ഇവിടെ വാടാ. ഭാര്യ ഉറക്കെ വിളിച്ചു.
എടേ, താനിങ്ങനെ ഉറക്കെ ലിട്ടൂന്ന് വിളിച്ചു കൂവിയാൽ നാട്ടുകാർ കരുതില്ലേ അത് നമ്മുടെ പട്ടിയാണന്ന്. വെറുതേ പണി ചോദിച്ചു വാങ്ങിക്കണോ?
ശ്ശൊ ഞാനത് ഓർത്തില്ല. ഭാര്യയുടെ ബുദ്ധി ഉണർന്നു പ്രവർത്തിച്ചു. അയാൾ ലിട്ടു വിനെ നോക്കി ഉറക്കെ വിളിച്ചു.
"തങ്കപ്പാ, എടാ തങ്കപ്പാ, ഇവിടെ വാടാ"

Sunday, 4 February 2018

API Zindabad

API എന്നാൽ ആപ്ലിക്കേഷൻ പ്രോഗ്രാമിംഗ് ഇന്റർഫേസ് എന്നാകാം
അല്ലങ്കിൽ
കശുവണ്ടി ആപ്പീസുകളിൽ മാത്രം കാണുന്ന പാർട്ടിയായ "അണ്ടി പാർട്ടി ഓഫ് ഇന്ത്യ" യുടെ ഷോർട്ട് ഫോമും ആകാം.