കുഞ്ഞുന്നാളിൽ മുതലേ എനിക്ക് പാചകം വളരെ ഇഷ്ടമായിരുന്നു. ഞാൻ പാചകം ചെയ്യുന്നത് ഒട്ടും ഇഷ്ടമല്ലാത്ത ഒരാളായിരുന്നു എന്റെ അമ്മ. അമ്മ തീ ഊതാൻ ഉപയോഗിക്കുന്ന ഒരു ചെറിയ ഇരുമ്പുകുഴൽ വച്ച് തീ ഊതുന്നത് കുഞ്ഞുന്നാളിൽ എനിക്കേറ്റവും ഇഷ്ടമുള്ള ഒന്നായിരുന്നു. കടന്നപ്പള്ളിയുടെ രൂപമുള്ള ഒരു കസിൻ അമ്മക്കുണ്ടായിരുന്നു. ഇനി തീ ഊതിയാൽ എന്നെ പിടിച്ച് അയാൾക്കു കൊടുക്കുമെന്ന് പേടിപ്പിച്ചാണ് അമ്മ എന്റെ ഏറ്റവും വലിയ രസങ്ങളിലൊന്നിന്റെ കഥ കഴിച്ചത്.
വലിയ പാചകക്കാരൻ ഒന്നും അല്ലാതിരുന്നിട്ടും പാചകത്തിന്റെ പേരിൽ നാട്ടിൽ പ്രസിദ്ധനായ ഒരാളായിരുന്നു അയ്യപ്പൻ സാർ. സാറിന്റെ കല്യാണം കഴിഞ്ഞ പുതുമോടിയിൽ സുന്ദരിയായ പുതുപ്പെണ്ണ് ചില്ലിടാതെ പുട്ടുകുടത്തിൽ പുട്ടുണ്ടാക്കി. ഒരക്ഷരം മിണ്ടാതെ സാർ പുട്ടു കുടിച്ചു കൊണ്ടിരുന്ന സമയത്ത് സാറിനെ തിരക്കി വന്ന കൂട്ടുകാരോട് സാറിന്റെ അമ്മ സാർ പുട്ടുകുടിക്കുന്ന കാര്യം പറഞ്ഞു കൊടുത്തു. അതോടെ സാർ പുട്ടുസാറും സാറിന്റെ മക്കൾ കൊച്ചു പുട്ടുകളും ആയി.
രുചികരമായി ഭക്ഷണം ഉണ്ടാക്കുക എന്നത് ഒരു കല തന്നയാണ്. നളപാചകം എന്നൊക്കെ പറഞ്ഞ് നമ്മൾ പുകഴ്ത്താറുമുണ്ട് പലരേയും. വിഭവങ്ങളുടെ രുചിഭേദങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഉള്ളതാണങ്കിൽ പ്രത്യേകിച്ചും. സഞ്ചയനത്തിൽ സ്പെഷ്യലൈസ് ചെയ്ത ഒരാളുണ്ട് ഞങ്ങളുടെ നാട്ടിൽ. സഞ്ചയന പ്രീയൻ എന്ന് നാട്ടുകാർ ഓമനിച്ച് വിളിക്കുന്ന രാമചന്ദ്രൻ. ( പേരിൽ ചെറിയ മാറ്റം) സഞ്ചയനത്തിന്റെ പാചകം രാമചന്ദ്രന്റേതാണങ്കിൽ അന്ന് നാട്ടുകാർ പരേതാത്മാവിനെ ഓർത്ത് കണ്ണുതുടക്കുകയും മൂക്ക് ചീറ്റുകയും ചെയ്യുമെന്നുള്ളത് ഉറപ്പായ കാര്യം. "എന്റെ സഞ്ചയനത്തിനു പാചകം ചെയ്യാൻ അവനെ വിളിക്കരുത്." അച്ഛൻ പറയുമായിരുന്നു. "അവനെയാണു വിളിക്കുന്നതെങ്കിൽ സഞ്ചയനത്തിനു വരുന്നവരെല്ലാം എന്നെ കുറിച്ചായിരിക്കില്ല, അവന്റെ അച്ഛനെക്കുറിച്ചാവും പറയുക." സഞ്ചയനത്തിനു പാചകം ചെയ്യുന്ന വിഭവങ്ങളിലെല്ലാം പരേതാത്മാവ് കിടന്നുരുളും എന്നാണു വിശ്വാസം. ആരുടെയെങ്കിലും സഞ്ചയനത്തിനു പോകുമ്പോൾ അമ്മ പറയുമായിരുന്നു “കഴിക്കാനൊന്നും നിൽക്കണ്ട. ആത്മാവ് കിടന്നുരുണ്ട ആഹാരമാണത്.” ഇത് കാരണം മരണാനന്തര ചടങ്ങുകളിൽ പങ്കെടുത്താൽ ‘കഴിക്കാതെ‘ കഴിച്ചു എന്നു ആളുകളെ വിശ്വസിപ്പിച്ച് മുങ്ങാറായിരുന്നു പതിവ്. അച്ഛന്റേയും അമ്മയുടേയും ആത്മാക്കൾ അങ്ങനെ കിടന്നുരുണ്ട് പൊള്ളലേക്കാതിരിക്കാനായി അവരുടെ സഞ്ചയനത്തിന്റെ വിഭവങ്ങൾ പുറത്തുനിന്നും വരുത്തുകയായിരുന്നു.
അമ്മയുണ്ടാക്കുന്ന അത്രം, ചക്കക്കുരു മെഴുക്കുപുരട്ടി , അവിയൽ, പുളിശ്ശേരി തുടങ്ങിയവ എല്ലാം ഞങ്ങൾ മക്കൾക്ക് ഏറ്റവും പ്രീയപ്പെട്ടവ ആയിരുന്നു. ഒട്ടും ഇഷ്ടമല്ലാത്ത ഒരാൾ അച്ഛനും. എനിക്ക് ഓർമ്മയായതിൽ പിന്നെ അച്ഛനും അമ്മയും ഒരിക്കലും മുടക്കിയിട്ടില്ലാത്ത ഒന്നായിരുന്നു ദിവസവും രാത്രിയിൽ ചടങ്ങു പോലെയുള്ള ഒരു വഴക്ക്. വഴക്കിന്റെ കാരണവും സ്ഥിരം . മോശം കൂട്ടാനുകൾ. അത്താഴം കഴിച്ച് തീരുമ്പോഴേക്കും അമ്മയുടെ വീട്ടുകാരേയും അച്ഛന്റെ വീട്ടുകാരേയും കൂടി വഴക്കിൽ കൊണ്ടിട്ട് ആഘോഷമാക്കി കൊട്ടി കലാശം ഗംഭീരമാക്കും. അന്നൊക്കെ ഞങ്ങൾ ചിന്തിക്കാറുണ്ടായിരുന്നു. ഇത്ര നല്ല കൂട്ടാനുകൾക്ക് എന്തിനാണച്ഛനിങ്ങനെ കുറ്റം പറയുന്നതെന്ന്. പക്ഷേ പറയാറില്ലായിരുന്നു. പക്ഷേ ഇന്ന് ഞാൻ കൂട്ടാനുകൾക്ക് ഒട്ടും രുചി ഇല്ലന്നും അമ്മയുടെ കൂട്ടാനുകൾക്ക് ആയിരുന്നു രുചി എന്നും പറയുമ്പോൾ കുഞ്ഞുണ്ണിയും കുബിയും ഉടൻ തന്നെ അതിൽ ഇടപെട്ട് എന്നെ തിരുത്തും. "ഈ അച്ഛനെന്താ? ഇത്രയും രുചിയുള്ള കൂട്ടാനുകൾക്ക് വെറുതെ കുറ്റം പറയല്ലേ അച്ഛാ." അവരുടെ അഭിപ്രായത്തിൽ ലോകത്തിലെ ഏറ്റവും നല്ല കുക്ക് അവരുടെ അമ്മയാണ്.
No comments:
Post a Comment