Wednesday, 18 July 2018

തിരിച്ചറിവ്

തിരിച്ചറിവ്

"പെട്ടന്ന് ഒന്നിങ്ങോട്ട് വരാമോ?" വളരെ പരിഭ്രാന്തിയോടു കൂടിയായിരുന്നു ആ വിളി .
എന്താടെ?
"ഇങ്ങോട്ടു വാ. എല്ലാം വന്നിട്ട് പറയാം"
ശബ്ദം കേട്ടിട്ട് കരയുന്നുണ്ടോ എന്നൊരു സംശയം.. ഒരു പത്ത് മിനുട്ടു കൊണ്ട് അവളുടെ വീട്ടിൽ ചെന്നു. കരഞ്ഞു കലങ്ങിയ മുഖം. ഒന്നും പറയാതെ അവൾ കാറിൽ കയറിയിരുന്നു. എന്താണ് കാര്യം എന്നൊന്നും തിരക്കാതെ എങ്ങോട്ടാണന്ന്  മാത്രം ചോദിച്ചു.
"ഹോസ്പിറ്റലിൽ പോകാം."
നെഞ്ചിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു
എന്ത് പറ്റി?
"ഒരു ബ്ലീഡിംഗ് പോലെ "
സാരമില്ലന്നേ, ഇന്നലെ ബീറ്റ്റൂട്ട് വല്ലോം ഒത്തിരി കഴിച്ചായിരുന്നോ?
"കഴിച്ചില്ല., ഇതതല്ല. എനിക്ക് പേടിയാകുന്നു"
വീണ്ടും കരയാൻ തുടങ്ങിയ ഭാര്യയോട് ഒന്നും പറയാൻ തോന്നിയില്ല.  എന്റെ മനസ്സിലും അകാരണമായ ഒരു ഭയം ഉരുണ്ടുകൂടി തുടങ്ങിയിരുന്നു. ടെൻഷൻ വരുമ്പോൾ സാധാരണ ചെയ്യാറുള്ളതുപോലെ മനസ്സിൽ നമ:ശ്ശിവായ  ജപിച്ചു. ഒന്നും ഉണ്ടാവില്ലന്ന് സ്വയം സമാധാനിക്കാൻ ശ്രമിച്ചു.
നമ്മുടെ ഭാഗ്യം. ഡോക്ടർ അന്നമ്മ ഉണ്ട്. ഞാൻ പറഞ്ഞു
ഡോക്ടർ എല്ലാം വിശദമായി തിരക്കി. 
ഓട്ടോയിൽ കയറിയായിരുന്നോ? ബൈക്കിൽ കയറിയോ? ഒത്തിരി നേരം നിന്നോ? പ്രൊജസ് ട്രോൺ മുടക്കിയില്ലല്ലോ? പിന്നയും എന്തൊക്കയോ ചോദിച്ചു. പിന്നെ തിരിഞ്ഞ് എന്നോട് പറഞ്ഞു
പേടിക്കണ്ട കാര്യമൊന്നും ഇല്ല. ഇതിപ്പൊ മാസം നാലാവാൻ പോകുവല്ലേ. ആദ്യ മൂന്നു മാസമാണ് പേടിക്കണ്ടത്. പിന്നെ ബ്ലീഡിംഗ്, അത് ചെറിയ തോതിൽ മിക്കവർക്കും ഉണ്ട്. എന്തായാലും നിങ്ങൾ ഇന്നിവിടെ കിടക്ക്. നമുക്ക് ഒന്ന് സ്കാൻ ചെയ്ത് നോക്കാം. 
മലപോലെ വന്ന ഒന്ന് എലിപോലെ പോയ സമാധാനമായിരുന്നു അപ്പോൾ.
ഞാനപ്പോഴെ പറഞ്ഞില്ലെ കുഴപ്പം ഒന്നും കാണില്ലന്ന്
"എന്തായാലും വന്നത് നന്നായി. അതുകൊണ്ട് ആ ടെൻഷൻ അങ്ങ് മാറിയല്ലോ" ഭാര്യ പറഞ്ഞു.
ഈ മുറിയേ ഒഴിവുള്ളു. മറ്റന്നാൾ ഐ വി എഫ് നടക്കുന്ന ദിവസം ആയതു കൊണ്ട് മുറിയെല്ലാം ഫില്ലാ. നേഴ്സ് പറഞ്ഞു.
ഏറ്റവും മുകളിലത്തെ നിലയിലെ നല്ല ചൂടുള്ള മുറി. ഫാൻ കാറ്റ് തീക്കാറ്റ് പോലെ. കുറച്ച് കഴിഞ്ഞപ്പോൾ ഡോക്ടർ വന്നു. ഇന്ന് ഒത്തിരി ഒപി. ഇപ്പഴാ കഴിഞ്ഞത്. സ്കാനിംഗ് റൂമിലേക്ക് വരാമോ?
സ്കാനിംഗ് കഴിഞ്ഞ് ഡോക്ടർ പറഞ്ഞു. 
നമുക്ക് ഒന്നു രണ്ട് ബ്ലഡ്‌ ടെസ്റ്റുകൾ കൂടി ചെയ്യണം. 
എന്തേലും കുഴപ്പം?
നമുക്ക് നോക്കാം. എന്ന് പറഞ്ഞ് അവർ നടന്ന് നീങ്ങി. 
എന്റെ ആകാംക്ഷ കാരണം ബ്ലഡ് എടുക്കാൻ വന്ന സിസ്റ്ററിനോട് സംശയം ചോദിച്ചു.
എന്തിനാ സിസ്റ്ററേ ഈ ബ്ലഡ്‌ ടെസ്റ്റ് ?
അതൊക്കെ ഡോക്ടർ പറയും. ഞങ്ങൾക്ക് അതിനുള്ള ശമ്പളം ഒന്നും ഇവിടുന്നു തരുന്നില്ല.
കാണാൻ ഇത്തിരി ഭംഗി കുടുതലുള്ളതിന്റെ ഗമയാണോ അതോ കാശ് പോരാന്നുള്ള തോന്നലാണോ എന്തോ. എന്തായാലും അരിശം തീർക്കാൻ ഒരാളെ കിട്ടിയപ്പോൾ അവർ അത് മുഴുവൻ പറഞ്ഞു തീർത്തു. 
റിസൾട്ട് എപ്പൊ അറിയാം സിസ്റ്ററെ?
നിങ്ങള് ലാബിൽ പോയി ചോദിക്ക്. എന്ന് പറഞ്ഞിട്ട് ആ മാലാഖ അമർത്തിച്ചവിട്ടി കടന്നു പോയി.
ആ സ്റ്റൈതസ്കോപ്പ് കൂടി കൊണ്ടുവരണ്ടതായിരുന്നു.
രാത്രിയിൽ ഹോസ്പിറ്റലിൽ കിടന്നപ്പോൾ വെറുതെ ഓർത്തു. മൂന്നാമത്തെ മാസത്തെ സ്കാനിംഗ് കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു. കോളടിച്ചല്ലോ. പുത്രനാണ്.
എന്നിട്ട് സ്റ്റെത്ത് ഭാര്യയുടെ വയറ്റത്ത് വച്ച് ഇയർ പിന്നുകൾ എന്റെ ചെവിയിൽ തിരുകിയിട്ടവർ ചോദിച്ചു.
"ഇയാൾക്ക് അവന്റെ ശബ്ദം കേൾക്കാൻ പറ്റുന്നുണ്ടല്ലോ, അല്ലേ?" 
എന്തക്കയോ ഗുളു ഗുളു ശബ്ദം ആണ് ഞാൻ കേട്ടത്. പക്ഷേ അത് വീണ്ടും വീണ്ടും കേൾക്കണമെന്ന് തോന്നി. അങ്ങനെയാണ് ഒരു സ്റ്റെതസ്കോപ്പ് വാങ്ങിച്ചത്. 
രാവിലെ തന്നെ ഡോക്ടർ വന്നു.
ഇത്തിരി പ്രശ്നം ആണ്. കുഞ്ഞിന്റെ വളർച്ച കുറഞ്ഞിരിക്കുന്നു. ഇന്ന് ഒന്നുകൂടി ബ്ലഡ് ടെസ്റ്റ് ചെയ്യണം. അറിയാവുന്ന ദൈവങ്ങളെ എല്ലാം വിളിച്ചു പ്രാർത്ഥിച്ചു. പറ്റുന്ന വഴിപാടുകൾ എല്ലാം നേർന്നു. സിസ്റ്റർ വന്നു. ബ്ലഡ് എടുത്തു. വൈകിട്ട് ഡോക്ടർ വീണ്ടും വന്നു. 
കുഞ്ഞിന്റെ വളർച്ച നിലച്ചിരിക്കുന്നു. അബോർട്ട് ചെയ്യുന്നതാണ് നല്ലത്. അല്ലങ്കിൽ യൂട്രസിന് ഇൻഫക്ഷൻ ഉണ്ടാവും. ഒരു മൂന്നു ഗുളികകൾ കഴിക്കണം. ഒരെണ്ണം വജൈനൽ ഇൻസേർഷനും ചെയ്യണം. ഒൻപത് മണി വരെ ഞാനുണ്ടാവും. ഒരു ഫോമും സൈൻ ചെയ്തു തരണം.
ചില കാര്യങ്ങൾ അങ്ങനെയാണ്. ഒരിക്കൽ ചെയ്തു പോയാൽ പിന്നെ ഒരിക്കലും തിരുത്താൻ പറ്റില്ല. മരിക്കാൻ വേണ്ടി ഉയരത്തിൽ നിന്നും താഴേക്ക് ചാടുന്ന ഒരാൾക്ക് വീഴ്ച്ചക്കിടയിൽ വേണ്ടിയിരുന്നില്ല എന്ന തോന്നൽ ഉണ്ടായിട്ട് ഒരു കാര്യവും ഇല്ലാത്ത പോലെ. അബോർട്ട് ചെയ്യാനുള്ള മരുന്ന് കഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ. കഴിച്ച് കഴിയുമ്പോൾ ഡോക്ടർ വന്ന് "റിസൾട്ട്  മാറിപ്പോയി " എന്ന് പറഞ്ഞാലോ? പരിചയമുള്ള ഡോക്ടർമാർക്കൊക്കെ റിസൾട്ട് അയച്ചു കൊടുത്തു. എല്ലാവർക്കും ഒരേ അഭിപ്രായം.
വിങ്ങിക്കരഞ്ഞുകൊണ്ട് ഭാര്യ ഗുളിക കഴിച്ചു. എല്ലാം കഴിഞ്ഞ്  ഐ സി യു വിൽ നിന്നും പുറത്തിറങ്ങിയപ്പോഴും അവളുടെ കരച്ചിൽ മാറിയിരുന്നില്ല.
"എന്റെ മോനെ ഞാൻ കണ്ടു. ഒരു മനുഷ്യ കുഞ്ഞിന്റെ രൂപം ആയി വരുന്നതേ ഉള്ളായിരുന്നു. പാവം എന്റെ മോൻ "
എന്റെ അഗാധ നിദ്രകളിൽ ഇപ്പോഴും അവൻ വരാറുണ്ട്. 
"എന്നാലും ആ ഗുളികൾ അമ്മക്ക് കൊടുക്കുന്നതിന് മുൻപ് അച്ഛന് ഒന്നു കൂടി ആലോചിക്കാമായിരുന്നു" എന്ന് കരഞ്ഞോണ്ട് പരാതി പറയുന്ന മോനായിട്ടും "സാരമില്ലച്ഛാ, എല്ലാരും പറഞ്ഞിട്ടല്ലേ, ഒക്കെ ഓരോ വിധിയാണ് " എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിക്കുന്ന മോനായിട്ടും . എന്നെ വല്ലാതെ അലട്ടുന്ന സ്വപ്നങ്ങളായിട്ടു കൂടി അവ വീണ്ടും വീണ്ടും കാണാൻ ഞാൻ ഇഷ്ടപ്പെടുന്നു. ഒരിക്കൽ പോലും കണ്ടിട്ടില്ലങ്കില്ലും ഞാൻ വല്ലാതെ ഇഷ്ടപ്പെട്ടു പോയൊരാളെ സ്വപ്നത്തിലെങ്കിലും കാണിച്ചുതരുന്ന ദൈവത്തിനോട് നന്ദി അല്ലാതെ മറ്റെന്താണ് പറയുക.

No comments:

Post a Comment