മാസത്തിന്റെ അവസാന ദിനങ്ങളില്‍ ഏതെങ്കിലും ഒരു ദിവസം അടുത്ത മാസത്തേക്കുള്ള മുഴുവന്‍ പലവ്യഞ്ജനങ്ങളും വാങ്ങി വക്കും. പണ്ടുമുതലേ വീട്ടിലെ രീതി അതാണ്. കഴിഞ്ഞ ദിവസം വീട്ടിലേക്കുള്ള സാധങ്ങള്‍ എല്ലാം വാങ്ങി വൈകിട്ട് ഏകദേശം ഒന്‍പതര മണിക്ക് വീട്ടില്‍ എത്തിയപ്പോള്‍ വീടിനുള്ളിലെ ഒരു ലൈറ്റ് ഇട്ടു വച്ചിരിക്കുന്നു. അത് കണ്ട ഭാര്യ എന്നെ കുറ്റപ്പെടുത്തി. "ഞാന്‍ ലൈറ്റെല്ലാം അണക്കും. നിങ്ങള്‍ അതെല്ലാം ഇട്ടുവക്കും. എന്നിട്ട് കുറ്റം മുഴുവനും എനിക്കും."
ഞാന്‍ കതകുതുറന്നു അകത്തു കയറിയപ്പോള്‍ കണ്ട കാഴ്ച. മിക്ക മുറികളിലും ലൈറ്റ് ഇട്ടു വച്ചിരിക്കുന്നു. അലമാരകള്‍ എല്ലാം തുറന്നിട്ടിരിക്കുന്നു. അവയിലെ സാധനങ്ങള്‍ എല്ലാം വലിച്ചുവാരി പുറത്തിട്ടിരിക്കുന്നു. അടുക്കളയില്‍ നിന്നും പുറത്തേക്കുള്ള കതകു തുറന്നിട്ടിരിക്കുന്നു. ചാടി പുറത്തിറങ്ങി ഭാര്യയോടു കള്ളന്‍ കയറിയ കാര്യം പറഞ്ഞു. അയല്‍ക്കാരെ എല്ലാം വിളിച്ചു കൂട്ടി. ഏനാത്ത് പോലീസ് സ്റ്റേഷനില്‍ വിളിച്ചു പറഞ്ഞു. വിശദമായി പരിശോധിച്ചപ്പോള്‍ ജനല്‍ കതകുകള്‍ക്കിടയില്‍ പാരയോ മറ്റോ വച്ചു തിക്കി അവയുടെയെല്ലാം കൊളുത്തുകള്‍ പറിച്ചു കളഞ്ഞിട്ടുണ്ട്. ജനല്‍ അഴികള്‍ പകുതി അറുത്ത നിലയില്‍ ആണ്. വീട്ടിലെ ആസ്ബറ്റോസ് ഇട്ട ഒരു മുറിയുടെ ആസ്ബറ്റോസ് പൊട്ടിച്ച് കളഞ്ഞിട്ടുണ്ട്.
ഇന്നലെ വന്ന വിരലടയാള വിദഗ്ദ്ധര്‍ പറഞ്ഞത് വീട്ടില്‍ മോഷണം നടന്ന അന്ന് ഏതാണ്ട് പത്തോളം മറ്റുവീടുകളിലും മോഷണം നടന്നിട്ടുണ്ട് എന്നാണ്. ക്യാമറ വക്കുക, പട്ടിയെ വളര്‍ത്തുക തുടങ്ങിയ മറ്റ് ചില നിര്‍ദ്ദേശങ്ങളും പോലീസ് നല്‍കി.മറ്റു ചില അറിവുകളും പോലീസും നാട്ടുകാരും സമ്മാനിച്ചു. കള്ളന്‍ ഇനിയും വരും. നോക്കി വച്ചിട്ടു പോയതുകൊണ്ട് കള്ളന്മാര്‍ക്ക് ഇനി പണി എളുപ്പമാണ്. ചിലര്‍ പറഞ്ഞത് ഒന്നും കിട്ടാഞ്ഞത് കൊണ്ട് കള്ളന്‍ പാത്തിരുന്നു അടി തരും എന്നാണ്.
അലമാരകള്‍ ഒന്നും പൂട്ടിവക്കാഞ്ഞതുകൊണ്ടും വീട്ടില്‍ കാശോ ആഭരണങ്ങളോ ഒന്നും ഇല്ലാഞ്ഞത് കൊണ്ടും വലിയ നഷ്ടം ഒന്നും ഉണ്ടായില്ല. പക്ഷേ കുട്ടികളും ഭാര്യയും നന്നായി പേടിച്ചു. വീടു തരുന്ന ഒരു സുരക്ഷിതത്വ ബോധം അവര്‍ക്ക് നഷ്ടപ്പെട്ടിരിക്കുന്നു. കള്ളന്‍ കയറിയ വീട്ടില്‍ താമസിക്കുന്നത് ഒരു അനുഭവം തന്നെയാണ്. രാത്രിയില്‍ കേള്‍ക്കുന്ന ചെറിയ ശബ്ദങ്ങള്‍ പോലും നമ്മുടെ ഉറക്കം കളയും. നമ്മെ ഭയചകിതരാക്കും. പണ്ട് എന്റെ പഠനകാലത്ത് അച്ഛന്‍ പറയുമായിരുന്നു "പഠിക്കുന്ന പിള്ളാരിങ്ങനെ കിടന്നുറങ്ങാന്‍ പാടില്ല. ശ്വാനനിദ്ര ആണ് വിദ്യാര്‍ത്ഥികളുടെ ലക്ഷണം." കള്ളന്‍ കയറിയ വീട്ടില്‍ താമസിക്കുന്നവരുടേയും മുഖ്യലക്ഷണം ശ്വാനനിദ്ര ആണ്.