രാവിലെ തോമാച്ചനെ കണ്ടപ്പോൾ ആദ്യം ശ്രദ്ധിച്ചത് ഷേവ് ചെയ്ത വലതു കൈ ആണ്. ഞാൻ ചോദിക്കുന്നതിനു മുൻപേ പുള്ളി എന്നോട് പറഞ്ഞു. “ഇന്നലെ പോയി ആൻജിയോഗ്രാം ചെയ്തു. ഒത്തിരി പേടിച്ചാണു പോയത്. പക്ഷേ ദൈവം കാത്തു. പേടിച്ചപോലെ ഒന്നുമുണ്ടായില്ല.” ആശുപത്രിയിൽ കഴിയുന്നതിന്റെ പ്രയാസം നന്നായി അറിഞ്ഞിട്ടുള്ള ഒരാളാണ് ഞാൻ. 2007 മുതൽ ഇങ്ങോട്ട് 2012 വരെയുള്ള വർഷങ്ങൾ എടുത്താൽ ഞാൻ വീട്ടിൽ കഴിഞ്ഞ ദിവസങ്ങളാണോ ആശുപത്രിയിൽ കഴിഞ്ഞ ദിവസങ്ങളാണോ കൂടുതൽ എന്ന് പറയാൻ കഴിയില്ല. അച്ഛൻ, അമ്മ, ഭാര്യ , ഞാൻ ചുരുക്കത്തിൽ വീട്ടിലെ എല്ലാ ആൾക്കാരും മാറി മാറി ആശുപത്രികളിലായിരുന്നു താമസം. ചിലപ്പോൾ നമ്മൾ വളരെ സന്തോഷത്തോടയാകും ആശുപത്രിയിൽ പോകുക. ചിലപ്പോൾ ആകാംക്ഷയോടയും പ്രതീക്ഷയോടുകൂടിയും മറ്റ് ചിലപ്പോൾ ഒരു പ്രതീക്ഷയും ഇല്ലാതെ നിസ്സംഗരായും. മിക്കവരും പ്രസവത്തിനായി ഭാര്യയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് ആഘോഷമായാണ്. അമ്മയുടെ കാൻസറിനു ചികിത്സതേടി അമ്മയെ ഒപ്പം കൂട്ടിയും അല്ലാതയും ആശുപത്രിയിൽ പോകുമ്പോഴും സ്ട്രോക്ക് വന്ന് വയ്യാതായ അച്ഛനേയും കൂട്ടി ഹോസ്പിറ്റലുകളിൽ പോകുമ്പോഴും അനുഭവിച്ച ടെൻഷനും നിസ്സഹായ അവസ്ഥയും പറഞ്ഞറിയിക്കുവാൻ പറ്റാത്തത്ര ഭീകരമായിരുന്നു. ആ സാഹചര്യങ്ങളിലും എന്നെ ചിരിപ്പിച്ച കുറെ സംഭവങ്ങൾ ആശുപത്രികളിൽ വച്ച് ഉണ്ടായിട്ടുണ്ട്.
അനിയത്തിയുടെ ആദ്യപ്രസവം ഞങ്ങളുടെ നാട്ടിൽത്തന്നെയുള്ള ഒരു ഹോസ്പിറ്റലിൽ വച്ചായിരുന്നു. ആദ്യമായി അച്ഛനായതിലും അതിലുപരി ആഗ്രഹം പോലെ ഒരു ആൺകുഞ്ഞിനെ കിട്ടിയതുകൊണ്ടും വളരെ സന്തോഷവാനായിരുന്നു അളിയൻസ്. ചെലവു ചോദിക്കുന്നവർക്കെല്ലാം ഒരു ലോഭവുമില്ലാത്ത ചെലവുകളും നടത്തി സന്തോഷം മറ്റുള്ളവരിലേക്കും പകർന്നുകൊണ്ടിരുന്ന അളിയനോട് കുഞ്ഞിനെ കാണാൻ വന്ന ഒരു സുഹ്രുത്ത് ചോദിച്ചു “ഹോസ്പിറ്റൽ സ്റ്റാഫുകൾക്ക് കാശ് കൊടുത്തായിരുന്നോ? അങ്ങനെ ഒരു പതിവുണ്ട്”. അളിയന് അതൊരു പുതിയ അറിവായിരുന്നു. പിന്നീട് മുറിയിൽ വന്ന എല്ലാ നേഴ്സുകൾക്കും ക്ലീനിംഗ് സ്റ്റാഫുകൾക്കും ലഡുവിനൊപ്പം ഇരുന്നൂറ് രൂപാകൂടി കൊടുത്താണ് പുള്ളി ആഘോഷിച്ചത്. അക്കൂട്ടത്തിൽ ആദ്യം ലഡുമാത്രം വാങ്ങിപ്പോയ ഒരു സ്ത്രീ അതുവഴി പോയപ്പോൾ അവർക്ക് പൈസ കൊടുക്കാനായി അളിയൻ അവരെ റൂമിലേക്ക് കയ്യാട്ടി വിളിച്ചു. കാര്യമറിയാതിരുന്ന അവർ അളിയനോട് പറഞ്ഞു “എന്റെ സാറേ, ഞാൻ അത്തരക്കാരിഒന്നുമല്ല. അതൊക്കെ ഇവിടുള്ള ചില അവളുമ്മാര് വെറുതെ പറഞ്ഞൊണ്ടാക്കുന്നതാ!!”ഡങ്കിപ്പനി പിടിച്ചപ്പോൾ ഡങ്കിയാണന്ന് അറിയാതെ ആദ്യം പോയത് അടൂരിലെ ഒരു ഹോസ്പിറ്റലിലാണു. വെള്ളാനകളുടെ നാടിലെ കുതിരവട്ടം പപ്പുവിനെ പോലയുള്ള ഒരു ഡോക്ടർ. എന്നും വിസിറ്റിനു വരുമ്പോൾ പുള്ളി പറയും “ഇപ്പ ശരിയാക്കിത്തരാം“ . കൂട്ടിരിക്കാൻ ഭാര്യ മാത്രം. പ്ലേറ്റ്ലെറ്റ് കൌണ്ട് കുറഞ്ഞ് നാൽപ്പതിനായിരം ആയപ്പോഴേക്കും ആകെ ഫിറ്റായ ഒരു അവസ്ഥ. അബോധാവസ്ഥയിൽ രാത്രി ഏതാണ്ട് രണ്ട് മണിയായപ്പോൾ ഞാൻ ഭാര്യയോട് പറഞ്ഞു.. “ഒരു മിറിൻഡ കുടിക്കണം എന്നാലേ ശരിയാകൂ” ഈ പാതിരാത്രിയിൽ മിറിൻഡ വാങ്ങാൻ കടകൾ കാണില്ലെന്നും ഉണ്ടങ്കിൽ തന്നെ ഞാൻ തനിച്ച് എങ്ങനെ പോകും എന്നൊക്കെ ഭാര്യ പറഞ്ഞ് നോക്കി. അവസാനം എന്റെ വാശിക്കുമുന്നിൽ തോറ്റ ഭാര്യ പോയി മിറിണ്ടയും വാങ്ങി വന്നു. ഗ്ഗാസ്സിലേക്ക് ഒഴിച്ച് കുടിക്കാൻ തന്നപ്പോൾ ഭാര്യ പറഞ്ഞു “തണുത്തത് കിട്ടിയില്ല”. സാരമില്ല എന്നു പറഞ്ഞിട്ട് ഒരു കുപ്പി മുഴുവനും ഒറ്റയിരുപ്പിനു കുടിച്ചുതീർത്തിട്ടാണു ഞാൻ ഉറങ്ങിയത്. പിന്നീട് പത്ത് ദിവസം കിംസിലെ ഐ സി യു വാസം.വീട്ടിൽ മടങ്ങിയെത്തി കഴിഞ്ഞ് ഒരു ദിവസം ഈ സംഭവം ഭാര്യ എന്നോട് പറഞ്ഞപ്പോൾ എനിക്കാകെ വിഷമമായി. “അന്ന് രാത്രി മിറിൻണ്ട എവിടെപ്പോയാണു വാങ്ങിയത്?“ ഞാൻ ചോദിച്ചു. “അതിനാരു വാങ്ങാൻ പോയി? ആ മിറിൻണ്ട എന്റെ ബാഗിലിരുന്ന ചൂടുവെള്ളമായിരുന്നു”
ബൈൽ ഡക്ട് ട്യൂബിൽ സ്റ്റെന്റ് ഇട്ട് കഴിഞ്ഞ് അമ്മയെ കിംസിലെ “എംഐസിയു” വിൽ കിടത്തിയിരിക്കുകയായിരുന്നു. ഐ സിയു വിനു പുറത്ത് ഇട്ടിരിക്കുന്ന കസേരകളിൽ അകത്തുള്ള രോഗി കളുടെ ബൈ സ്റ്റാൻഡേഴ്സ് കാത്തിരിക്കണം. രോഗികളുടെ ആവശ്യങ്ങൾ അവരോടാണു നേഴ്സുകൾ പറയുക. രാത്രി പത്ത് പതിനൊന്ന് മണിയാകുമ്പോഴേക്കും കാത്തിരുപ്പുകാർ കസേരവിട്ട് നിലത്ത് കിടക്കാൻ തുടങ്ങും. ഞാനും ചേച്ചിയുമായിരുന്നു അമ്മയുടെ ബൈ സ്റ്റാൻഡേഴ്സ്. കസേരയിൽ ഇരുന്നുറങ്ങിപ്പോയ ഞാൻ ഉണർന്നപ്പോൾ മണി പന്ത്രണ്ടര. നോക്കുമ്പോൾ ചേച്ചിയും കസേരയിൽ ഇരുന്നുറങ്ങുന്നു. ഞങ്ങളുടെ കസേരക്കുചുറ്റും ആളുകൾ നിലത്ത് കിടന്ന് ഉറങ്ങുന്നു. “കുടിക്കാൻ വെള്ളമുണ്ടോ?” ഞാൻ ചോദിച്ചു. ചേച്ചി ബാഗിൽ നിന്നും ഒരു ഫാന്റാ എടുത്തു തന്നു. തണുപ്പു മാറിയ ഫാന്റാ പതഞ്ഞ് പൊങ്ങാതിരിക്കാനായി പതിയെ അടപ്പു പിടിച്ച് തിരിച്ചു. ഫാന്റാ കുപ്പി “ശൂ” എന്ന് ശബ്ദം ഉണ്ടാക്കി. എന്റെ കസേരയുടെ അടുത്ത് കിടന്നവൻ ശബ്ദം കേട്ട് ഒന്നു കണ്ണു തുറന്ന് നോക്കി. അവന്റെ ഉറക്കം കളയണ്ട എന്ന് കരുതി കുപ്പി അടച്ചു വച്ചു. കുറച്ച് കഴിഞ്ഞ് ഞാൻ വീണ്ടും കുപ്പിതുറന്നപ്പോൾ ഉണ്ടായ “ശൂ” കേട്ട് ഉണർന്ന അവൻ എണ്ണീറ്റിട്ട് എന്നെ രൂക്ഷമായി ഒന്നു നോക്കി. “ചേട്ടാ, ഇത് അതല്ല” എന്നു ഞാൻ പറയുന്നതിനു മുൻപ്, മൂക്കും ചുളിച്ചുകൊണ്ട് അയാൾ വേറെ സ്ഥലത്ത് പോയി കിടന്നു.
No comments:
Post a Comment