Monday, 12 June 2017

ബുദ്ധിമാനായ ബനിയക്കാരൻ
---------------------------------------------
         
       ബുദ്ധിമാനായ ബനിയ എന്നതിനേക്കാള്‍ കടുപ്പം കൂടിയ പ്രയോഗം ആയിരുന്നു പിശാചായ യേശു എന്നുള്ളത്.അങ്ങനെ അച്ചടിച്ച ഒരു ഹിന്ദി പുസ്തകം ഒൻപതാം ക്ലാസിൽ  ഗുജറാത്തില്‍ കുട്ടികള്‍ക്ക് പഠിക്കുവാന്‍ ഉണ്ട്.അതിനെതിരെ ആരും പ്രതികരിച്ചു കണ്ടില്ല.എന്നാൽ പ്രതിഷേധം നടക്കുന്നുണ്ട്.പക്ഷെ മീഡിയ അതിനെ വേണ്ട വിധം കൈകാര്യം ചെയ്തുവോന്നു സംശയമുണ്ട്. ഒന്ന് വിശ്വാസവും രണ്ടാമത്തേത് യാഥാർത്ഥ്യവും ആണ്.ഒരു കൈവെട്ടിനുള്ള എല്ലാ സ്‌കോപ്പും ആ പിശാച് പരാമർശത്തിൽ ഉണ്ടുയിരുന്നുതാനും.ഭാഗ്യവശാൽ അത്തരം ബുദ്ധികേടു അവിടെ ഉണ്ടായില്ല.പകരം നിയമവഴിയിൽ ബന്ധപ്പെട്ടവർ ഇടപെടുന്നു എന്നാണ് അറിവ്.

     രാജ്യത്തു ദളിതരെ പാർശ്വവത്കരിക്കുവാൻ എല്ലാ രാഷ്ട്രീയവും പതിനെട്ടടവും പയറ്റിവരുന്ന ഈ കാലഘട്ടത്തിൽ മിക്കവരും തരം പോലെ അവരെ അപമാനിക്കാറുണ്ട്,ജാതിപ്പേര് വിളിച്ച്.ഗാന്ധി അവരുടെ ഉന്നമനത്തിനു വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച ആളുമാണ്.ശേഷം ഉണ്ടായവര്‍/രാഷ്ട്രീയക്കാര്‍ അത് പുലര്‍ത്തിയില്ലന്നത് ഇന്നും അരികുജീവിതങ്ങളുടെ ദയനീയ കഥകള്‍ നമ്മോടു പറയും. എന്തിനേറെ, കേരളത്തിൽ ലക്ഷ്മി നായർ ഒരു കുട്ടിയെ ജാതിപ്പേര് വിളിച്ചു ആക്ഷേപിച്ചപ്പോൾ പോലും ശരിക്കൊന്നു പ്രതികരിക്കുവാൻ പോലും മിനക്കെടാത്ത ഒരു സമൂഹം നമ്മുടെ കണ്മുന്നിൽ തന്നെയുണ്ട്.കോന്നി എം എൽ എ യെ വളരെ മോശം പരാമർശം നടത്തിയതും നാം കേട്ടു.ഈയിടെ വടക്കെന്ത്യയില്‍  ഒരു നായര്‍ യുവാവ് അന്യജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിന്റെ പേരില്‍ അയാളെ വെടിവെച്ചു  കൊന്നത് വായിച്ചിരിക്കുമല്ലോ?അവര്‍ പറഞ്ഞത് നായര്‍ വിഭാഗം താഴ്ന്ന ജാതി ആണെന്നാണ്.അതുകൊണ്ടെത്രേ കൊന്നത്.!അതൊരു ദുരഭിമാനക്കൊല ആയിരുന്നു.നായർ എന്ന ജാതിയുടെ കേരളത്തിലെ സ്ഥാനമോർത്തു അത്ഭുതപ്പെടുന്നത് പിന്നോക്കക്കാരും,മറ്റു പിന്നോക്കക്കാരും,മാത്രമാണെന്നതിനു ആ കൊലപാതകം തന്നെ ധാരാളം,കടലാസിൽ അങ്ങനെ അല്ലെങ്കിലും.കൃത്യമായി ജാതി സമ്പ്രദായം നിലവില്‍ ഉള്ളിടത്ത്  അതില്ലാതാക്കാന്‍ ആണ് ശ്രമം ഉണ്ടാവേണ്ടത്.ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സംവരണം ഉള്ളിടത്ത്,തിരഞ്ഞെടുപ്പ് പോലും അത്തരത്തില്‍ നിര്‍ണ്ണയിക്കുന്നിടത്തു ഉള്ളിന്റെ ഉള്ളില്‍ ജാതിയും വെറിയും സൂക്ഷിക്കുന്നിടത്ത് ഈ വിളിയില്‍ പരിതപിച്ചിട്ട്‌ യാതൊരുകാര്യവുമില്ല.പ്രത്യേകിച്ച് എല്ലാ രാഷ്ട്രീയവും സവര്‍ണ്ണരുടെ കൈകളില്‍ നിലകൊള്ളുമ്പോള്‍.

      പറഞ്ഞുവന്നത്, ബുദ്ധിമാനായ  ബനിയ അത്ര മോശം പ്രയോഗം ആണെന്ന് തോന്നുന്നില്ല എന്നാണ്..കോണ്ഗ്രസ് പിരിച്ചു വിടണം എന്ന് പറഞ്ഞതും  ബുദ്ധി ഉണ്ടായത് കൊണ്ടാണെന്നതു  സത്യവും ആണ്.അത് കൊണ്ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ മനസിലാകുമല്ലോ.ഇതില്‍ വലിയ കാര്യമൊന്നുമില്ല.കൃത്യമായ മതവും ജാതിയും സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്തി വാങ്ങുന്ന ഒരു നാട്ടില്‍ ഇതിനു എന്ത് പ്രസക്തി?നമ്മുടെ നാട്ടിൽ എന്തെങ്കിലും ജോലി വേണമെങ്കില്‍ പോലും ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് വേണം.അത് നിലവില്‍ ഉള്ളിടത്തോളം എന്തിനാണ് അപകര്‍ഷത.?സത്യം പറഞ്ഞാൽ ആർജവത്തോടെ പേരിന്റെ കൂടെ ജാതി ചേർക്കണം .അത് ചില വിഭാഗങ്ങൾക്ക് മാത്രമായി സമ്മതിച്ചു കൊടുത്തതുകൊണ്ട് തങ്ങളുടെ ജാതിപ്പേരിന് ഒരു പോരായ്മ  സ്വയമേ അനുഭവിക്കുന്നതിനാലാണ് സ്വന്തം ജാതി പറയുവാൻ പലരും തയ്യാറാകാത്തത്.ഒന്നുകിൽ അത് അവസാനിപ്പിക്കണം അല്ലെങ്കിൽ ജാതി സമ്പ്രദായം അംഗീകരിക്കണം.അതിനിപ്പോൾ പ്രഥമ പൗരൻ തൊട്ടു പ്രജകൾ വരെ ഈ ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കുമ്പോൾ അമിത്ഷാ പറഞ്ഞ പ്രയോഗം അത്ര വലിയ കുറ്റം ആണെന്നു തോന്നുന്നില്ല.

     ബനിയ വിഭാഗങ്ങൾക്ക് ബുദ്ധി ഉണ്ടായത് കൊണ്ടാണ് അവർ വ്യാപാരികളും പണമിടപാടുകാരും ആയത്.(വ്യാപാരികളും പണമിടപാടുകാരും ആണ് ബനിയ സമുദായം. ബനിയ ജാതി വർണശ്രേണിയിൽ ബ്രാഹ്മിണ ക്ഷത്രീയർക്കും  ശൂദ്രർക്കും   ഇടയിലുള്ള വിഭാഗമെത്രെ.)അതിനെ അംഗീകരിക്കണം ആദ്യം.കോൺഗ്രസ് കരുതുന്നത് അവർക്കു ബുദ്ധി ഉണ്ടാകാൻ  പാടില്ലെന്നാണോ?ഒരു ബനിയക്കാരനായ വ്യാപാരിക്കുവേണ്ട ദീര്‍ഘവീക്ഷണം ഗാന്ധിജിക്ക് ഉണ്ടായെന്നു പറയുന്നത് അത്ര വലിയ ഒരു സംഭവമെന്ന് പൊലിപ്പിക്കുന്നതില്‍ എന്തുകാര്യമാണുള്ളത്.?ഈ മോദിഭരണകൂടത്തിനെതിരെ ഇട്ടാവട്ടത്തുള്ള ഇടതുപക്ഷപ്രതിഷേധസ്വരത്തിന്‍റെ അത്രപോലും പ്രതികരിക്കാത്ത കോണ്ഗ്രസിന് എന്ത് ഉത്തരവാദിത്തമാണ് രാജ്യത്തെ ജനങ്ങളോടുള്ളത്,അഴിമതിയും സ്വജനപക്ഷപാതവും അല്ലാതെ.?.

     രാജ്യത്തെ കോൺഗ്രസ് നിലനിൽപ്പിന്റെ രാഷ്ട്രീയം കളിക്കുമ്പോൾ ഇതുപോലുള്ളവ പൊക്കിയെടുത്തു ലൈവായി നിൽക്കുവാൻ ശ്രമിക്കും,സ്വാഭാവികമാണ്.പക്ഷെ രാജ്യം പലതിലും ഭ്രമപ്പെട്ട് ,വട്ടം കറങ്ങുമ്പോൾ നേരാം വണ്ണം ഭരണകൂടത്തെ ഒന്ന് എതിർക്കുവാൻ പോലും ശക്തിയില്ലാതെ കോൺഗ്രസ് ദീർഘശ്വാസം എടുക്കുകയാണ്.രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ അവർക്കു തോന്നുംപോലെ നിലപാടുകളെടുത്തു  ഭരണകൂടത്തിന് സർവവിധ സൗകര്യങ്ങളും ചെയ്തു കൊടുക്കുന്നു.ഒരു നല്ല രാഷ്ട്രീയ വിദഗ്ദൻ അമിത്ഷായെ പോലെ പ്രതിപക്ഷ കക്ഷികളെ നയിക്കാൻ ഉണ്ടാവണം.അല്ലെങ്കിൽ ഇതുപോലുള്ള പ്രസംഗങ്ങൾ ഉയർത്തിക്കാട്ടി ജനങ്ങളെ കബളിപ്പിക്കാം ,പക്ഷെ എത്ര കണ്ടു വിജയിക്കുമെന്ന് കണ്ടറിയണം.അല്ല അറിയുകയാണല്ലോ,
പരാജയത്തിന്റെ പടുകുഴി തോണ്ടി.

     ഭക്ഷണസ്വാതന്ത്ര്യവും,സംസാര സ്വാതന്ത്ര്യവുംമത സ്വാതന്ത്ര്യവും ,സാംസ്കാരികസ്വാതന്ത്ര്യവും,രാഷ്ട്രീയ സ്വാതന്ത്ര്യവും ഒരു ഭരണകൂടം നിശ്ചയിക്കുമ്പോൾ അതിനെ കൃത്യമായി എതിർക്കുവാൻ സാധിക്കാത്ത കോൺഗ്രസിനെ പോലെ ഒരു കുടുംബാധിപത്യ രാഷ്ട്രീയപാർട്ടിക്ക് ,പൂർണ്ണ സ്വരാജിനുവേണ്ടി ‘ന്യായവും സമാധാനപരവുമായ’ എല്ലാ വ്യവസ്ഥകളും സ്വീകരിക്കും എന്ന കോൺഗ്രസ് നിബന്ധനയിലെ ഒന്നാം വകുപ്പ് ‘കഴിയുന്നതും അക്രമരഹിതവും സത്യസന്ധവുമായ മാർഗങ്ങൾ‘ എന്ന് തിരുത്തി കോൺഗ്രസ് പ്രവർത്തക സമിതി യോഗം അംഗീകരിച്ചപ്പോള്‍  കോൺഗ്രസ് പാര്‍ട്ടി  വിട്ടതായി  ഔദ്യോഗികമായി പ്രഖ്യാപിച്ച ഗാന്ധി ഇപ്പോഴും നല്ലൊരു വില്പനചരക്കു മാത്രമാണ്.കോൺഗ്രസിന് മാത്രമല്ല എല്ലാ പാർട്ടികൾക്കും അത് അങ്ങനെ തന്നെ.ഭരണ പ്രതിപക്ഷ ഭേദമേയില്ല അക്കാര്യത്തിൽ.രാജ്യത്തെ ജനങ്ങൾക്ക് പക്ഷെ അദ്ദേഹത്തിന്റെ ത്യാഗസ്മരണകൾ വിൽക്കുവാൻ സാധിക്കില്ലന്നു മാത്രമല്ല,അതിനെ നഖ ശിഖാന്തം എതിര്‍ക്കുകയും ചെയ്യും.ഗാന്ധി ജാതിക്കുമുപരിയുള്ള വലിയ വ്യക്തിത്വം ആണ്.എന്നാല്‍ അദ്ധേഹം ബനിയക്കാരനുമാണ്.

        ഈ അവസരത്തില്‍ ഒരു കാര്യം സൂചിപ്പിക്കുവാനുണ്ട്.സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യയുടെ രാഷ്ടപിതാവെന്നു വിളിച്ചതുകൊണ്ടു മാത്രമാണ് അദ്ദേഹം ഇന്നും രാഷ്ട്രപിതാവായ തുടരുന്നത്.അല്ലാതെ  ഏതു രേഖകളിലാണ് അദ്ദേഹം നമ്മുടെ രാഷ്ടപിതാവായിട്ടുള്ളത്.?രാഷ്ടപിതാവായി ഗാന്ധിജിയെ ഔദ്യോഗികമായി അംഗീകരിക്കുവാന്‍ ആരെങ്കിലും,ഏതെങ്കിലും രാഷ്ട്രീയപാർട്ടികളോ നേതാക്കളോ അതാതു സർക്കാരുകളിൽ സമ്മർദ്ദം ചെലുത്തുകയോ ആവശ്യപ്പെടുകയോ ഉള്ളതായി കേട്ടിട്ടുണ്ടോ?എന്തേ ഇതുവരെ ഉണ്ടായില്ല.?ഗാന്ധിജി വിശ്വാസത്തിൽ അധിഷ്ഠിതമാകുവാൻ ദൈവമൊന്നുമല്ലല്ലോ?ദൈവം ഉണ്ടെന്നുള്ളത് ഒരു വിശ്വാസം ആണെങ്കിൽ ഗാന്ധിജി ഉണ്ടെന്നുള്ളത് ഒരു സത്യമല്ലേ?അതിനു ദൈവീക പരിവേഷം കൊടുക്കാതെ യാഥാർത്ഥ്യബോധത്തോടെ കണ്ട്  ഇന്ത്യയുടെ രാഷ്ട്രപിതാവ്, മഹാത്മാ ഗാന്ധിജി ആണെന്ന്  രേഖകളിൽ വരുത്തുകയാണ്  ചെയ്യേണ്ടത്.ആ  ശ്രമമാണ് ആദ്യം നടത്തേണ്ടത്..നിലവില്‍ വെറും വിശ്വാസം മാതം ആണത്.അല്ലാതെ രാഷ്ട്രീയമായ എതിരുകള്‍ കൊണ്ട്  ചില സമയത്ത് എന്തെങ്കിലും കാട്ടി  ബഹളം വെക്കാം എന്നല്ലാതെ യാതൊരു കാര്യവുമില്ല.മാറിയ രാഷ്ട്രീയസാഹചര്യങ്ങളില്‍ എല്ലാം അടയാളപ്പെടുന്നത് നല്ലതായിരിക്കും.കാരണം രാഷ്ട്രപിതാവ് രേഖകളിൽ ഇല്ലാത്തതും ബനിയക്കാരൻ രേഖകളിൽ ഉള്ളതുമാണ്.
എന്തെന്നാല്‍ നാളെ ഇങ്ങനെ ഒരാള്‍ ജീവിച്ചിരിപ്പുണ്ടോന്നുപോലും സംശയിക്കാവുന്ന ഒരു തലമുറ വളര്‍ന്നുവരും.

No comments:

Post a Comment