Sunday, 11 June 2017

മയിൽപീലി

 "എടാ നിന്നെ കൊണ്ട് അതൊന്നും പറ്റില്ല." അതിന് ചില യോഗ്യതകളൊക്കെ വേണം.
രമേശ് അത് പറഞ്ഞപ്പോൾ ആകെ നിരാശയായി. വളരെ നാളത്തെ എന്റെ ആഗ്രഹമായിരുന്നു ഒരു ഗേൾഫ്രണ്ട് വേണമെന്നത്.  കുറേ നാളുകൾക്ക് മുമ്പ് ബാലകൃഷ്ണപിള്ള സാറിന്റെ ട്യൂഷൻ ക്ലാസ്സിൽ വച്ച് അവനാ രഹസ്യങ്ങൾ എന്നോട് പറഞ്ഞപ്പോൾ മുതൽ തുടങ്ങിയ ഒരു  ആഗ്രഹമായിരുന്നു അത്.
"നമ്മുടെ ക്ലാസ്സിലെ മിക്ക പിള്ളാർക്കും ഗേൾഫ്രണ്ട്സ് ഉണ്ട്. സാറിന്റെ ഇരട്ടപ്പേര് ഊതാണ്ട് എന്നാണ്. "


"സാറിന്റെ ഇരട്ട പേര് അതാണന്ന് നിന്നോട് ആരാ പറഞ്ഞത്?"


"എടാ നിനക്കറിയാമോ? സാറിന് ആ പേരിട്ടത് തന്നെ ഞാനാ. ഞാനാ പേര് അവളോട് പറഞ്ഞദിവസം അവൾ ചിരിച്ചു തലകുത്തി മറിഞ്ഞു. സാറിന് ആ പേരിട്ടതു കൊണ്ടാ അവൾ എന്നോട് കൂട്ടു കൂടി എന്റെ ഗേൾഫ്രണ്ട് ആയത്."


കുറേ ദിവസം കുത്തിയിരുന്ന് ആലോചിച്ചു സാറിന് ഒരു നല്ല ഇരട്ടപ്പേര് കണ്ടുപിടിച്ചിട്ട് രമേശിനോട് പറഞ്ഞു. "എടാ ഞാനും സാറിന് ഒരു ഇരട്ടപ്പേര് കണ്ടു പിടിച്ചു. ഞാനത് അവളോട് പറയട്ടെ?"


"അതൊന്നും ശരിയാവില്ല. നീ ഇടി കൊള്ളണ്ടായെങ്കിൽ വേറെ ആളെ നോക്ക്. മാത്രമല്ല ഇരട്ടപ്പേര് ഇട്ടതുകൊണ്ടൊന്നുമല്ല അവൾ എന്റെ ഗേൾഫ്രണ്ട് ആയത്. എന്റെ ബ്രൂസ്‌ലികട്ട് മുടി, പിന്നെ ഉരുണ്ട മുഖം അതൊക്കെ കൂടി കണ്ടിട്ടാ.നിനക്ക് അതൊന്നും ഇല്ലല്ലോ"


അവൻ ഗേൾ ഫ്രണ്ടിനെ കിട്ടാനുള്ള യോഗ്യതകൾ പറഞ്ഞപ്പോൾ ഞാൻ ഒന്നുറപ്പിച്ചു. ഇനി രക്ഷയില്ല. മുടിയുടെ കാര്യത്തിലൊന്നും എന്റെ ഒരഭിപ്രായവും നടക്കില്ല. മുടി വെട്ടാൻ വരുന്ന ആളിനോട് അച്ഛൻ പറയും. "മണിയാ, പറ്റെ വെട്ടിയേര്. ഇല്ലേ അവന് പനി വരും"


വിഷണ്ണനായിരിക്കുന്ന എന്നെ കണ്ടിട്ട് അവൻ പറഞ്ഞു.
"നിന്റെ ഈ മുഖത്തിനും മെലിഞ്ഞ ശരീരത്തിനും അത്ര ഭംഗിയുള്ളവരെ ഒന്നും കിട്ടില്ല. ഏതേലും ഒരാളെ മതിയെങ്കിൽ ഞാനൊന്നു നോക്കാം."
"എന്നാലും ഒട്ടും ഭംഗി ഇല്ലാത്തതിനെ നോക്കല്ലെ രമേശേ."

"ശരി ശരി നാളെ വരുമ്പോൾ നീ ഒരമ്പത് പൈസാ കൂടി കൊണ്ട് വരണം. ഗോലിസോഡ കുടിച്ചാലേ എനിക്ക് ഐഡിയ ഒക്കെ വരൂ."

പിന്നീട് ഉള്ള ദിവസങ്ങളിൽ അമ്പത് പൈസാ കിട്ടാനുള്ള മാർഗ്ഗം അന്വേഷിച്ച് ഞാൻ നടന്നു. എന്നും കാണുമ്പോൾ അവൻ ചോദിക്കും.
"പൈസാ കിട്ടിയോടാ?" ഇല്ലന്ന് ഉള്ള എന്റെ മറുപടി കേൾക്കുമ്പോൾ അവൻ പറയും. "ഒരമ്പത് പൈസാ എടുക്കാൻ ഇല്ല. അവനും ആഗ്രഹത്തിനൊന്നും ഒരു കുറവും ഇല്ല"


ഒരു ദിവസം അവൻ പറഞ്ഞു. "നീ വാ, എന്റെ കയ്യിൽ അമ്പത് പൈസാ യുണ്ട്. "
ടി.ബി ജംഗ്ഷനിലുള്ള കടയിൽ നിന്നും രണ്ട് ഗോലിസോഡാ വാങ്ങി സോഡായുടെ തലയിൽ സ്റ്റൈലിൽ കുത്തിപ്പൊട്ടിച്ചിട്ട് ഒരെണ്ണം എനിക്കും നീട്ടി. ഗോലി സോഡാ കുടിച്ചതിനു ശേഷം നീട്ടിയുള്ള ഒരു ഏമ്പക്കം വിട്ടിട്ട് അവൻ പറഞ്ഞു. "ആ കാലിൽ നിറയെ പൂടയുള്ള പെണ്ണിനെ മതിയോ നിനക്ക് ?"
ഒരു സങ്കടമൊക്കെ വന്നെങ്കിലും ഗേൾഫ്രണ്ട് ഉള്ള ആൾ എന്ന സ്റ്റാറ്റസ് കിട്ടാൻ വേണ്ടി ഞാൻ പറഞ്ഞു " മതി"
"ശരി ഞാൻ പറഞ്ഞു നോക്കട്ടെ "


രണ്ട് ദിവസം കഴിഞ്ഞ് അവൻ പറഞ്ഞു. അവൾ സമ്മതിച്ചിട്ടുണ്ട്. പിന്നെ പിന്നെ എങ്ങനെയോ അവൾ എന്റെ ഒരു നല്ല ഫ്രണ്ടായി. ക്രിസ്തുമസ് പരീക്ഷ കഴിഞ്ഞു സ്കൂൾ അടക്കുന്ന ദിവസം ആരും കാണാതെ അവൾ എനിക്കൊരു സമ്മാനം കൊണ്ടുത്തന്നു. ഒരു മയിൽപ്പീലി. എന്നിട്ട് എന്നോട് പറഞ്ഞു "നീ ഇത് ബുക്കിനുളളിൽ വക്കണം. അവധി കഴിഞ്ഞു തുറന്ന് നോക്കുമ്പോൾ അത് പ്രസവിച്ചിട്ടുണ്ടാകും. കുട്ടിയെ നീ എടുത്തിട്ട് എന്റെ പീലി എനിക്ക് തരണം"


മയിൽ പീലി വച്ച ബുക്ക് പത്ത് ദിവസം കഴിഞ്ഞ് തുറന്ന് നോക്കിയപ്പോൾ അവൾ പറഞ്ഞ പോലെ ഒരു  മയിൽ പീലി കുഞ്ഞ്. അവളുടെ പീലി തിരികെ കൊടുത്തപ്പോൾ അവൾ വാൽസല്യത്തോടെ എന്റെ പീലിക്കുഞ്ഞിനെ നോക്കി. എന്നിട്ട് പറഞ്ഞു. "ഇതിനെ ഇങ്ങനെ തന്നെ ബുക്കിൽ വക്ക് . അത് വളരട്ടെ."പിന്നീട് ഉള്ള ദിവസങ്ങളിൽ സംസാരിക്കുമ്പോൾ അവൾ ആദ്യം ചോദിക്കുക "മയിൽപീലി വളർന്നോ " എന്നായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും വളരാതായപ്പോൾ അവൾ പറഞ്ഞു "നീ അതൊന്നു കൊണ്ടു വാ. ഞാനൊന്ന് നോക്കട്ടെ "

പിറ്റേന്ന് ഞാൻ കൊണ്ടു കൊടുത്ത മയിൽ പീലി കുഞ്ഞിനെ സൂക്ഷിച്ച് പരിശോധിച്ച ശേഷം അവൾ ഒത്തിരി കരഞ്ഞു. എന്നിട്ട് പറഞ്ഞു "നീ എന്റെ പാപ്പിയെ അമക്കിക്കൊന്നു. ഒരു മയിൽപ്പീലി കുഞ്ഞിനെപ്പോലും വളർത്താനറിയാത്ത നിന്നോടിനി ഒരു കൂട്ടുമില്ല".  പിന്നെയും എന്തൊക്കയോ പറഞ്ഞിട്ട് പിണങ്ങിപ്പോയവൾ പിന്നീട് എന്നോട് മിണ്ടിയിട്ടും കൂട്ടുകൂടിയിട്ടും ഇല്ല.

ഇപ്പൊഴും മയിൽപ്പീലികൾ കാണുമ്പോൾ എന്റെ നെഞ്ചിന് വല്ലാതെ കനം വക്കും.  മനസ്സിന്റെ ഏതോ മൂലയിൽ നിന്നും ഒരു നഷ്ടബോധം ഉണ്ടാക്കുന്ന ഒരു വിങ്ങൽ തികട്ടി വരുകയും ചെയ്യും.

No comments:

Post a Comment